ADVERTISEMENT

കോടമ്പാക്കത്തെ സൗഹൃദവും പട്ടിണിയുമായിരുന്നു ഇന്നസന്റിന്റെ അടിത്തറ. അതിനു മുകളിൽ അദ്ദേഹം സ്നേഹ ബന്ധങ്ങളുടെ വലിയ കൊട്ടാരങ്ങൾ പണിതു. സെറ്റിലെ ടാക്സി ഡ്രൈവർമാരും ലൈറ്റ് ബോയ്സും തുടങ്ങി നിർമാതാക്കളെ വരെ അദ്ദേഹം ഒരേ കണ്ണിലൂടെ കണ്ടു.

 

നമ്മുടെ പണം തീരുമ്പോൾ ചുറ്റുമുള്ള ലോകം മറ്റൊന്നാകുമെന്ന് ഇന്നസന്റ് പറയുമായിരുന്നു. അത് അദ്ദേഹം പഠിച്ചത് അപ്പൻ തെക്കേത്തല വറീതിൽനിന്നല്ല കോടമ്പാക്കത്തെ ചായക്കടക്കാരനായ ഇക്കയിൽ നിന്നായിരുന്നു. പട്ടിണി കിടന്ന കാലത്ത് ഇക്കയാണു സ്ഥിരമായി ഭക്ഷണം കൊടുത്തിരുന്നത്. പട്ടിണി കിടക്കുന്ന പലർക്കും ഭക്ഷണം കൊടുക്കാനായി ഇക്ക തമിഴന്മാരിൽനിന്നു വട്ടിപ്പലിശയ്ക്കു കടം വാങ്ങും. തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ അവർ വന്നു കൈകാര്യം ചെയ്യും. ഒരിക്കൽ പാത്രങ്ങളും ഭക്ഷണ സാധനവും പണം പിരിക്കാനെത്തിയവർ വലിച്ചെറിയുന്നത് ഇന്നസന്റ് കണ്ടു. അന്നുച്ചയ്ക്കും ഇക്ക കടംവാങ്ങിയ അരിവച്ചു ചോറുമായി കാത്തിരുന്നത് ഇന്നസന്റ് ഓർക്കുന്നു. അപ്പനെക്കാൾ ഇക്കയെ ബഹുമാനിച്ച നിമിഷമായിരുന്നു അതെന്നും ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ ഇക്കയായിരുന്നുവെന്നുമാണ് ഇന്നസന്റ് പറഞ്ഞിട്ടുള്ളത്.

 

താരമായ ശേഷം ഇന്നസന്റ് ഭാര്യ ആലീസിനേയും കൂട്ടി കോടമ്പാക്കത്തു പോയി. കടംവാങ്ങിയും ഇരന്നും പായവിരിച്ചു കിടന്ന ഉമ ലോഡ്ജ്  കാണിച്ചു. ഇക്കയുടെ കടയിലെ ചില്ലലമാരയിലുണ്ടായിരുന്ന പരിപ്പുവട വാങ്ങിക്കഴിച്ചു. ഈച്ചയിരുന്ന വട കഴിച്ചതിന് ആലിസ് ചീത്ത പറഞ്ഞു. പുറത്തിറങ്ങിയപ്പോൾ ഇന്നസന്റ് പറഞ്ഞു, ഈച്ച ഇരുന്ന വട കഴിച്ചിട്ട് അസുഖം വന്നു മരിക്കുമായിരുന്നെങ്കിൽ ഞാൻ എന്നേ മരിക്കുമായിരുന്നു. വൃത്തിയല്ല, വിശപ്പാണു സത്യം. ഈ സത്യം മനസ്സിലുള്ളതുകൊണ്ടു സെറ്റിൽ തനിക്കു കൊണ്ടു വന്ന പാത്രങ്ങളിലെ സ്പെഷൽ ഭക്ഷണം ഇന്നസന്റ് അടുത്തു നിന്നവർക്കെല്ലാം പകുത്തു കൊടുക്കുമായിരുന്നു. വലിയ താരങ്ങളുടെ വീട്ടിൽനിന്നു കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ പങ്കുവാങ്ങി അതും പകുത്തു കൊടുത്തു. രാത്രിയാത്രകളിൽ ഉറക്കത്തിനിടയിൽ ഉണർന്നു ഡ്രൈവർമാരോടു ഭക്ഷണം കഴിക്കാൻ പറഞ്ഞ് കീശയിലുള്ളത് എടുത്തു കൊടുത്തു. മരണം വരെയും ഇന്നസന്റ് അന്നത്തിന്റെ വിലയറിഞ്ഞു ജീവിച്ചു. വീട്ടിൽ വരുന്നവരെ സമൃദ്ധമായി ഊട്ടി.

 

അതീവ ദരിദ്രനായൊരു കൂട്ടുകാരനെക്കുറിച്ചും ഇന്നസന്റ് പറഞ്ഞിട്ടുണ്ട്. ദാരിദ്ര്യം നിറഞ്ഞ വീട്ടിൽ വൃത്തിക്കുറവു തോന്നിയതിനാൽ അവർ നിർബന്ധിച്ചിട്ടും ഇന്നസന്റ് ഭക്ഷണം കഴിച്ചില്ല. മറ്റു വീടുകളിൽനിന്നു കൊണ്ടു വന്ന എച്ചിൽ ഭക്ഷണമാണെന്നു കരുതിയാണോ കഴിക്കാത്തതെന്നു പോരുമ്പോൾ കൂട്ടുകാർ ചോദിച്ചു.  തറവാടികളായവർ അന്നത്തെക്കാലത്ത് ഇത്തരക്കാരുടെ വീടുകളിൽ പോയി ഭക്ഷണം കഴിക്കാറില്ലായിരുന്നു. അപ്പൻ അറിഞ്ഞാൽ അടിയുടെ പൂരമാകുമെന്നു അമ്മ ഇന്നസന്റിനോടു പറഞ്ഞു. രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ അപ്പൻ വരുന്നതു കണ്ടു ഇന്നസന്റ് പേടിച്ചു വിറച്ചു. അപ്പൻ അരികിലിരുന്ന ശേഷം പറഞ്ഞു, നീ അവിടെ പോയതു തെറ്റല്ല. പക്ഷേ ഭക്ഷണം കഴിക്കാതിരുന്നതു തെറ്റാണ്. അത് എച്ചിലാണെങ്കിലും നീ കഴിക്കേണ്ടതായിരുന്നു. ഈ രാത്രി നിന്റെ കൂട്ടുകാരൻ നീ ഭക്ഷണം കഴിക്കാത്തതിന്റെ സങ്കടം സഹിക്കാതെ അമ്മയെ കെട്ടിപ്പിടിച്ചു പായയിൽ കിടന്നു കരയുകയാകും. ഇനി അതുണ്ടാകരുത്.’അന്നു രാത്രി ഇന്നസന്റും കരഞ്ഞു. പിന്നീടു വലുതായപ്പോൾ ഇന്നസന്റ് പല തവണ ആ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു. അതെ. എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്താണ് ഇന്നസന്റ് പോയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com