ADVERTISEMENT

പൊന്നിയിൻ സെൽവന്‍ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ പ്രഭുവിനെ അനുകരിച്ച് രജനികാന്ത് അടക്കമുള്ള താരങ്ങളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു ജയറാം. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന മറ്റൊരു ചടങ്ങിൽ പ്രഭുവിനെക്കുറിച്ചുള്ള മറ്റൊരു കഥയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജയറാം. തായ്‌ലൻഡിലെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവമാണ് ജയറാം പറഞ്ഞത്. 

 

നമ്പി എന്ന കഥാപാത്രത്തിനായി കുതിരസവാരി പഠിക്കണമെന്ന് മണിരത്നം പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറിയെന്നും ജയറാം പറഞ്ഞു. ഈ സമയം മദ്രാസ് റെയ്സ് ക്ലബിൽ കാർത്തിയും ജയംരവിയുമെല്ലാം കഠിനമായ കുതിരസവാരി പരിശീലനത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

‘‘ ഷൂട്ടിങ് ലൊക്കേഷനുകൾ പതിയെ മാറാൻ തുടങ്ങി. ഇന്ത്യയിൽ പലയിടങ്ങളിലും ചിത്രീകരണം നടത്തിയശേഷം പെട്ടെന്ന്‌ തായ്‌ലൻഡിലേക്കു പോകേണ്ടിവന്നു. അവിടെ പ്രാക്ടീസിന് കിട്ടിയ കുതിരകളെല്ലാം ഇന്ത്യയിലേതുപോലെ ആയിരുന്നില്ല. കുതിരയോട്ട പരിശീലനം കഴിഞ്ഞ കാർത്തിയും ജയം രവിയും വളരെ ക്ഷീണിതരായാണ് വരിക. കുതിരപ്പുറത്ത് കയറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പ്രഭു സാറിനോടു ചോദിച്ചാൽ പറഞ്ഞുതരുമെന്ന് ഞാനവരോടുപറഞ്ഞു. ചെറുപ്പം മുതലേ കുതിരയ്ക്കൊപ്പം വളർന്ന ആളാണ് പ്രഭു സർ. അങ്ങനെ ലൊക്കേഷനിലേക്ക് പ്രഭുസാർ വന്ന് അവർക്ക് രണ്ടുപേർക്കുമുള്ള ഉപദേശങ്ങളൊക്കെ കൊടുത്തശേഷം മണിരത്നത്തെ കാണാൻ പോയി. 

നമ്പിയായി എന്നെ തിരഞ്ഞെടുക്കാൻ കാരണം പിഷാരടി: ജയറാം കാത്തുവച്ച ആ സർപ്രൈസ്

തനിക്കുള്ള കുതിരയെ അന്വേഷിച്ചു. കുതിരയെ കണ്ടതും അദ്ദേഹം പറഞ്ഞു, ഇത് ഒട്ടകം പോലെയുണ്ട് കയറാൻ കഴിയില്ലെന്ന്. "ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ 30 കുതിരകളും പോരാളികളായി അഭിനയിക്കുന്നവരും വന്നു. അപ്പോൾ പ്രഭുസാറിന് വീണ്ടും ടെൻഷൻ. ഇതിലേതാണ് ആൺകുതിരയെന്നും പെൺകുതിരയെന്നും. അസിസ്റ്റന്റ് ഡയറക്ടർ ധനായോട് ചോദിച്ച് അതും ഉറപ്പുവരുത്തി. തനിക്ക് കയറേണ്ട കുതിര ശരിയല്ലെന്നു പറഞ്ഞെങ്കിലും മണിരത്നം ചെവിക്കൊണ്ടില്ല. ഷോട്ടിന് സമയമായപ്പോൾ പ്രഭുസാർ സംശയിച്ചതുപോലെ തന്നെ നടന്നു. അദ്ദേഹത്തേയും വഹിച്ചുകൊണ്ട് കുതിര ഓടി. ഒരു കാടുപോലുള്ള ഭാ​ഗമുണ്ട് അവിടെ. 30 കുതിരകളും മുന്നിൽ പോയി. പ്രഭു സാറിന്റെ കുതിര പിന്നാലെയും. എല്ലാം കാട്ടിൽക്കയറി കുറച്ചുനേരത്തേക്ക് നിശ്ശബ്ദത മാത്രം. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ പ്രഭുസാറും കുതിരയും തിരിച്ചുവന്നു. പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പ്രഭു സാറിന് മാത്രം അറിയാവുന്ന രഹസ്യമാണ്.’’ -ജയറാം പറഞ്ഞു.

 

ആ മിമിക്രി അപ്പോൾ മനസ്സില്‍ കണ്ടത്, മമ്മൂക്കയും പറഞ്ഞു തകർത്തെന്ന്: ജയറാം അഭിമുഖം

 

ഇത്തവണത്തെ കോമഡി നമ്പർ കേൾക്കാൻ പ്രഭു ഉണ്ടായിരുന്നില്ല. ജയറാമിന്റെ ‘പ്രഭു കഥ’ കേട്ട് ചിരിച്ച് ആസ്വദിക്കുന്ന കാർത്തിയെ വിഡിയോയിൽ കാണാം. വിക്രം, തൃഷ, എ.ആർ. റഹ്മാൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

 

ഏപ്രിൽ 28നാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസിനെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ് രണ്ടാം ഭാഗവും ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com