ADVERTISEMENT

വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്ണു മോഹന്‍. വിവാഹത്തിന്‍റെ ആദ്യ ക്ഷണക്കത്താണ് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേര്‍ന്ന് മോദിക്ക് നല്‍കിയത്. അഭിരാമിയുടെ മാതാപിതാക്കളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ മകളാണ് അഭിരാമി. പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനായതിന്‍റെ സന്തോഷം വിഷ്ണു മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

vishnu-mohan-prime-minister-2

‘‘നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക്ക് ഉണ്ടായി.

vishnu-mohan-prime-minister-23

കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു. വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമിക്കും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന്‌ കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്ക്കാലം മുഴുവൻ നീണ്ടുനിൽക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. പങ്കെടുക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും (I will try my best to attend)- ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ. നന്ദി മോദിജി.’’–വിഷ്ണുമോഹന്‍ പറഞ്ഞു.

നരേന്ദ്ര മോദിയെ നേരിൽ കണ്ട് മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് എ.എൻ. രാധാകൃഷ്ണൻ പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് മകളുടെ കല്യാണക്കാര്യം അറിയിച്ചുകൊണ്ട് ഒരു മെയിൽ ഇടുക മാത്രമാണ് രാധാകൃഷ്ണൻ ചെയ്തത്. എന്നാൽ, പിഎം. ഓഫിസിൽനിന്നു വിളിച്ച്, കേരളത്തിൽ വരുമ്പോൾ പ്രധാനമന്ത്രി രാധാകൃഷ്ണനെയും കുടുംബത്തെയും നേരിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും താജ് മലബാറിലേക്ക് എത്താനും നിർദേശിച്ചു. എ.എൻ. രാധാകൃഷ്ണൻ, ഭാര്യ അംബികാ ദേവി, മകൾ അഭിരാമി, പ്രതിശ്രുത വരൻ സിനിമാ സംവിധായകൻ വിഷ്ണു മോഹൻ എന്നിവരാണ് മോദിയെ കാണാൻ എത്തിയത്.

മാർച്ച് 23നായിരുന്നു വിഷ്ണുവിന്റെയും അഭിരാമിയുടെയും വിവാഹനിശ്ചയം. സെപ്റ്റംബർ 3ന് ചേരാനല്ലൂർ വച്ചാണ് വിവാഹം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘മേപ്പടിയാൻ’ സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് വിഷ്ണു. ഉണ്ണി മുകുന്ദൻ തന്നെ നായകനായെത്തുന്ന ‘പപ്പ’യാണ് വിഷ്ണുവിന്റെ അടുത്ത പ്രോജക്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com