ADVERTISEMENT

ജാതിവാലിന്റെ പേരിൽ നടൻ ഷൈൻ ടോം ചാക്കോ നടത്തിയ വിമർശനം സങ്കടമുണ്ടാക്കിയെന്ന് സംയുക്ത. സാഹചര്യം മറ്റൊന്നായിട്ടും ഏറെ പുരോഗമനപരമായി താനെടുത്ത തീരുമാനത്തോട് കൂട്ടിയിണക്കി ഷൈൻ ടോം അങ്ങനെ സംസാരിച്ചത് വലിയ സങ്കടമുണ്ടാക്കിയെന്ന് സംയുക്ത പറയുന്നു. ‘വിരുപക്ഷ’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.  ‘‘ജാതിവാൽ വേണ്ടെന്ന് വച്ചത് സ്വന്തം തീരുമാനമായിരുന്നു. ഇന്നും അങ്ങനെ വിളിക്കുമ്പോൾ അരോചകമായാണ് തോന്നുക. അദ്ദേഹം പറഞ്ഞതിൽ എനിക്ക് സങ്കടം തോന്നിയത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, ഞാൻ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് എന്റെ പേരിന്റെ കൂടെ ജാതിവാൽ വേണ്ട എന്നുള്ളത്. ഒരു സ്ഥലത്തങ്ങനെ പറഞ്ഞെന്നു കരുതി മാറുന്ന കാര്യമല്ല ഇത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് എന്നെ ഈ ജാതിവാൽ ചേർത്ത് തന്നെയാണ് വിളിക്കുന്നത്. ഇതുണ്ടായ സാഹചര്യം ഞാൻ ഒരു സിനിമയുടെ ഭാ​ഗമായി ചെന്നൈയിൽ പോയപ്പോഴായിരുന്നു. അവിടെയും പഴയതു പോലെ എന്ന് ജാതിവാൽ ചേർത്ത് വിളിക്കാൻ തുടങ്ങിയപ്പോൾ അതെനിക്ക് അരോചകമായാണ് തോന്നിയത്.

 

എന്നോട് പലരും ചോ​ദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന്. ഞാൻ പറയുന്ന കാര്യം ചിലപ്പോൾ ഇവിടെയൊരു പുതുമയായിരിക്കാം. പക്ഷെ ഇത്തരം തീരുമാനങ്ങളെടുത്തിട്ടുള്ള എത്രയോപേർ ഈ സമൂഹത്തിലുണ്ട്. കേരളം പലരീതിയിലും മുന്നോട്ട് ചിന്തിക്കുന്ന ഒരിടമാണ്. അതുകൊണ്ടാണ് ഞാൻ അതുമാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുക എന്നു പറയുന്നത് എനിക്ക് സങ്കടമുണ്ടാക്കിയ ഒരു കാര്യമാണ്. കാരണം അന്ന് ചെന്നൈയിൽ സംസാരിച്ച വിഷയം മറ്റൊന്നായിരുന്നു. എന്നാൽ അതിനെ കുറിച്ച് ഷൈൻ സംസാരിക്കുന്നതിനിടയിൽ ഞാനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ വളരെ സങ്കടം തോന്നി.’’–സംയുക്ത പറഞ്ഞു.

 

എന്ത് മേനോൻ ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം: സംയുക്തക്കെതിരെ ഷൈൻ.

 

‘ബൂമറാങ്’ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോൻ എന്ന ജാതിവാൽ മാറ്റിയല്ലോയെന്ന ചോദ്യത്തോടാണ് ഷൈൻ രൂക്ഷമായി വിമർശിച്ചത്. മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കണം എന്നായിരുന്നു ഷൈനിന്റെ വിമർശനം. സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത അന്ന് പ്രമോഷനെത്തിയിരുന്നില്ല. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ എന്നും ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതൽ എന്നൊന്ന് ഇല്ല എന്നും നടൻ പ്രതികരിച്ചു. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാൻ ആളുകൾ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്, എന്നും ഷൈൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com