‘ഏജന്റ്’ വലിയ നഷ്ടത്തിലേക്ക്; നിർമാതാവിന്റെ വെളിപ്പെടുത്തൽ സിനിമയെ തകർത്തു?
Mail This Article
വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തി അധികം ചലനമുണ്ടാക്കാതെ ‘ഏജന്റ്’. എഴുപത് കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ഇതുവരെ ലഭിച്ചത് 10 കോടി രൂപയാണ്. തെലുങ്കിൽ ആദ്യ ദിനം തന്നെ നിരൂപകരും പ്രേക്ഷകരും സിനിമയെ തള്ളിപ്പറഞ്ഞു. സിനിമയുടെ നിർമാതാക്കളിലൊരാളായ അനിൽ സുൻകരയുടെ വെളിപ്പെടുത്തലും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. കൃത്യമായൊരു തിരക്കഥ ഇല്ലാതെയാണ് സിനിമ ഒരുക്കിയതെന്നും ശ്രമം പാളിപ്പോയെന്നുമുള്ള അനിലിന്റെ ട്വീറ്റ് സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളെയും ബാധിച്ചു.
അഖിൽ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നു എന്നതായിരുന്നു മലയാളികളെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്. അതുകൊണ്ടുതന്നെ കേരളത്തിലും സിനിമയ്ക്ക് ആദ്യ ദിനം മെച്ചപ്പെട്ട പ്രതികരണം ലഭിക്കുകയും ചെയ്തു. മമ്മൂട്ടി തന്നെയാണ് മലയാളം പതിപ്പിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. വളരെയേറെ പരിശ്രമിച്ചു ചെയ്ത നിരവധി ആക്‌ഷൻ രംഗങ്ങൾ മമ്മൂട്ടി ഈ സിനിമയിൽ ചെയ്യുന്നുണ്ട്. ആക്‌ഷൻ കൊറിയോഗ്രഫി മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതും. എന്നാൽ സിനിമ പരാജയമാണെന്ന നിർമാതാവിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ കലക്‌ഷനെയും ബാധിച്ചു.
യൂലിൻ പ്രൊഡക്‌ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കോടികൾ മുടക്കി വിതരണാവകാശം സ്വന്തമാക്കിയ കമ്പനി സിനിമയ്ക്കു ഗുണകരമായ പ്രമോഷനും ചെയ്തിരുന്നു. സിനിമയെ നിർമാതാക്കൾതന്നെ കൈവിട്ടതോടെ ഇവർക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും സംഭവിക്കുക.
ഇതിനിടെ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയും പുറത്തുവന്നിരുന്നു. മേയ് 19ന് സോണി ലിവിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.