ADVERTISEMENT

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം മലയാളത്തിൽ നിന്ന് ഭാഷയുടെ അതിരുകൾ ഭേദിച്ച് ബോക്സ് ഓഫിസിൽ ചരിത്രം കുറിച്ച സിനിമയാണ്. തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലും സിംഹളയിലും അങ്ങ് ചൈനയിലും വരെ ‘ദൃശ്യം’ വിജയക്കൊടിപാറിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ കൊറിയൻ റീമേക്ക് എത്തുന്നു. ദൃശ്യത്തിന്‍റെ രണ്ട് ഭാഗങ്ങളും കൊറിയയിൽ റീമേക്ക് ചെയ്യും. ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ വച്ചാണ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിമാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്‍ഡോ- കൊറിയന്‍ സംയുക്ത നിർമാണ സംരംഭം ആയിരിക്കും കൊറിയന്‍ റീമേക്ക്. ദൃശ്യം ഒന്നും രണ്ടും മലയാളം പതിപ്പിന്റെ എല്ലാ ഇന്ത്യൻ–ഇതര ഭാഷകളിലേക്കുമുള്ള റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസിനാണ്.  

 

ഐ സോ ദ് ഡെവിൾ എന്ന സിനിമയിലൂടെ ലോക സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയനായ സംവിധായകന്‍ കിം ജൂ വൂണ്‍ ആയിരിക്കും കൊറിയൻ പതിപ്പ് ഒരുക്കുക. ദ് ഹോസ്റ്റ്, മെമറീസ് ഓഫ് മർഡർ, പാരസൈറ്റ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ സോങ് കാങ് ഹോ ആകും നായകൻ. ഇവർ തന്നെ  ഉടമകളായിട്ടുള്ള നിര്‍മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്. ഹോളിവുഡ് സ്റ്റുഡിയോ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ മുന്‍ എക്സിക്യൂട്ടിവ് ജാക്ക് ഗൂയന്‍ ആയിരിക്കും ദൃശ്യം റീമേക്കിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 

ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ദൃശ്യം ഇറങ്ങിയ സമയത്ത് ഇത് കൊറിയൻ സിനിമയുടെ റീമേക്ക് ആണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ആ ആരോപണങ്ങളെയൊക്കെ കാറ്റില്‍ പറത്തിയാണ് ചിത്രമിപ്പോൾ അതേ ഭാഷയില്‍ തന്നെ റീമേക്ക് ചെയ്യപ്പെടുന്നത്. 

 

മലയാളത്തിലെ വമ്പൻ വിജയത്തിന് ശേഷം തമിഴിൽ കമല്‍ഹാസനും ഹിന്ദിയിൽ അജയ് ദേവ്ഗണും നായകന്മാരായി എത്തിയ ദൃശ്യം ബോക്സ് ഓഫിസിൽ വമ്പൻ വിജയം നേടിയിരുന്നു. പിന്നീട് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വിഡിയോയിലൂടെ 2021 ല്‍ എത്തിയ ദൃശ്യം 2 സിനിമയും ഹിന്ദി അടക്കമുള്ള ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്തിരുന്നു. അജയ് ദേവ്ഗണ്ണിനെ നായകനാക്കി അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 2' ഹിന്ദി പതിപ്പ് ബോക്‌സ് ഓഫിസിൽ വൻ വിജയവും നിരൂപക പ്രശംസയും നേടിയതിനെത്തുടർന്നാണ് പനോരമ സ്റ്റുഡിയോസ് വിദേശ ഭാഷകളിലേക്കുള്ള സിനിമയുടെ കമേഴ്സ്യൽ സാധ്യത തിരിച്ചറിയുന്നത്.

 

“ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ വൻ വിജയത്തിന് ശേഷം മലയാളം ഭാഷാ ചിത്രങ്ങളായ ദൃശ്യം 1, ദൃശ്യം 2 എന്നിവയുടെ ഇന്ത്യൻ ഇതര ഭാഷകളുടെ റീമേക്ക് അവകാശം സ്വന്തമാക്കിയതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്.  ഫിലിപ്പിനോ, സിംഹള, ഇന്തോനേഷ്യൻ എന്നിവ ഒഴികെ ഇംഗ്ലിഷ് ഉൾപ്പെടെ മറ്റെല്ലാ  വിദേശ ഭാഷകളുടെയും അവകാശമാണ് പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ലിമിറ്റഡ് സ്വന്തമാക്കിയത്. ദൃശ്യം 2 ന്റെ ചൈനീസ് ഭാഷാ റീമേക്കിന്റെ അവകാശവും ഞങ്ങൾ നേടിയിട്ടുണ്ട്. കൊറിയ, ജപ്പാൻ, ഹോളിവുഡ് എന്നിവിടങ്ങളിൽ ചിത്രം നിർമിക്കുന്നതിനുള്ള ചർച്ചകളിലാണ് ഞങ്ങൾ ഇപ്പോൾ.’’  പനോരമ സ്റ്റുഡിയോസ് ഇന്റർനാഷനല്‍ മുൻപ് റിലീസ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com