എന്താണ് ജോർജുകുട്ടിയെ ശരിക്കും നായകനാക്കുന്നത്?
Mail This Article
കുടുംബസ്‌നേഹിയായ നല്ല ഭർത്താവ്, കരുത്തനായ സംരക്ഷകൻ, അസാമാന്യ ധൈര്യശാലി, സൂത്രക്കാരൻ, സരസൻ, ക്ഷമാശീലൻ, സർവോപരി വാത്സല്യനിധിയായ അച്ഛൻ- ഇതൊക്കെയാണ് ദൃശ്യത്തിലെ ജോർജുകുട്ടി. കുടുംബമെന്ന സംവിധാനം നിലവിലുള്ള ലോകത്തിന്റെ ഏതു കോണിലും ഇയാൾ സ്വീകാര്യനാവുന്നതിൽ അത്ഭുതമില്ല. പോരെങ്കിൽ ലോകമെങ്ങും നാടകവും സിനിമയും കുടുംബകഥകളിലേക്കു മടങ്ങിവന്നുകൊണ്ടിരിക്കുന്ന കാലവും. ഇയാഗോ എന്ന അധികാരമോഹിയും അസൂയക്കാരനുമായ വിഷജീവിയുടെ വാക്കു കേട്ട് വിശ്വസ്തയും പ്രേമവതിയുമായ ഭാര്യ ഡെസ്ഡമോണയെ കൊലപ്പെടുത്തുന്ന ഒഥല്ലോയുടെ കുടുംബകഥയാണ് ഇപ്പോൾ ഷേക്‌സ്പിയറുടെ ചരിത്രനാടകങ്ങളെക്കാൾ പ്രേക്ഷകരിഷ്ടപ്പെടുന്നതെന്നാണു പടിഞ്ഞാറു നിന്നുള്ള വാർത്തകൾ.
കുടുംബകഥയെ ത്രില്ലറാക്കി മാറ്റുന്ന തന്ത്രമാണ് ദൃശ്യത്തിലുള്ളത്. എന്നാൽ നായകൻ ഒരിക്കൽപോലും അമാനുഷിക പരിവേഷത്തിലേക്കുയരുന്നുമില്ല. അയാൾ വെറും കുടുംബനാഥൻ മാത്രം. ഭാര്യയ്ക്കും പെൺമക്കൾക്കും വേണ്ടി ഏതു പീഡനവും സഹിക്കാൻ തയാറുള്ളവൻ. എന്നാൽ ആരും കൊതിക്കുന്നൊരു സൂത്രശാലിയായ കുസൃതിക്കാരൻ കരുത്തനുണ്ട് ജോർജുകുട്ടിയുടെ ഉള്ളിൽ. അതാണ് അയാളെ ശരിക്കും നായകനാക്കുന്നത്.
ജോർജ്കുട്ടിയുടെ വേഷത്തിൽ മോഹൻലാലായതിനാൽ എത്ര പാവത്താൻ കളിച്ചാലും ഉള്ളിലൊരു നീലകണ്ഠനോ കാർത്തികേയനോ ജഗന്നാഥനോ മുള്ളംകൊല്ലി വേലായുധനോ പൂവള്ളി ഇന്ദുചൂഡനോ ഉറങ്ങിക്കിടക്കുന്നുണ്ടെന്നു മലയാളികളുറപ്പിക്കും. മലയാളികൾ മാത്രം. എന്നാൽ ഇതൊന്നുമല്ല ജോർജുകുട്ടി. അയാൾ നാലാം ക്ലാസിൽ പഠിപ്പുനിർത്തിയ തനി ഗ്രാമീണനാണ്. സ്വപ്രയത്‌നത്താൽ വളർന്ന് കേബിൾ ടിവി സർവീസ് നടത്തുന്ന ചെറിയ മുതലാളി. സിനിമകൾ കണ്ടു പഠിച്ച സൂത്രപ്പണികളിലൂടെ പൊലീസ് പീഡനത്തെയും നിയമസംവിധാനത്തിന്റെ കാർക്കശ്യങ്ങളെയും മറികടക്കുന്ന സാധാരണക്കാരൻ. വിദ്യാസമ്പന്നനല്ലാത്ത ഗ്രാമീണന്റെ ഈ അസാധാരണത്വമാവണം ജോർജുകുട്ടി എന്ന കഥാപാത്രത്തെ ഇന്ത്യ മുഴുവനും ഏഷ്യ മുഴുവനും പിന്നെ ലോകം മുഴുവനും സ്വീകാര്യനാക്കിയത്.
കുടുംബത്തിനെതിരെ നീങ്ങിയ മർദകനായ പൊലീസുകാരനു സസ്‌പെൻഷൻ വാങ്ങിക്കൊടുക്കുന്നുണ്ട് ജോർജ്കുട്ടി. ഇതിനായി വലിയ കസർത്തുകളൊന്നും നടത്തുന്നുമില്ല. ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥയായിട്ടും ഗീത പ്രഭാകറിന് സ്വന്തം മകന്റെ കൊലയാളിയെ കണ്ടെത്താനാവുന്നില്ല. ജോർജ് കുട്ടിയുടെ സമർഥമായ കെട്ടുകഥയ്ക്കു മുന്നിൽ പരാജിതയായി അവർ ജോലി രാജിവച്ച് മാപ്പുപറയാനെത്തുന്നു.
ലോകമെങ്ങും പൊലീസിനും കോടതിക്കും സുപരിചിതമായ ആലിബൈ (alibi) എന്ന ലാറ്റിൻ വാക്കാണ് ഈ സിനിമയുടെ കഥാതന്തു. മറ്റൊരിടത്ത് എന്നാണ് ലാറ്റിനിൽ നിന്ന് ഇംഗ്ലിഷിലേക്കു കുടിയേറിയ ആലിബൈ എന്ന വാക്കിന്റെ അർഥം. കുറ്റകൃത്യം നടക്കുമ്പേൾ പ്രതി മറ്റൊരിടത്തായിരുന്നു എന്നു സ്ഥാപിച്ചെടുക്കുന്നതിനെ വിശേഷിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഇക്കാര്യം പഴുതില്ലാതെ സമർഥിച്ച്, തെളിയിക്കാൻ സഹായകമായ രേഖകൾ കൂടി സമർപ്പിച്ചാൽ പ്രതിയെ ശിക്ഷിക്കാനാവില്ല.
കീഗോ ഹിഗാഷിനോയുടെ ദ് ഡിവോഷൻ ഓഫ് സസ്പക്ട് എക്‌സ് എന്ന ജാപ്പനീസ് നോവലിലും നായകനായ ഇഷിഗാമി അയൽവാസിയായ തന്റെ ഇഷ്ടക്കാരിയും മകളും നടത്തിയ കൊലപാതകം മറച്ചുവയ്ക്കാൻ ഇതേ തന്ത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ നായകൻ സമർഥനായ ഗണിതശാസ്ത്രാധ്യാപകനാണ്. പണം ആവശ്യപ്പെട്ട് വീണ്ടും ശല്യം ചെയ്യാനെത്തിയ മുൻ ഭർത്താവിനെയാണ് യസുക്കോ എന്ന സ്ത്രീയും മകൾ മിസാട്ടോയും കൊലപ്പെടുത്തുന്നത്. യസുക്കോയെ രഹസ്യമായി കാമിക്കുന്ന ഇഷിഗാമി സഹായം വാഗ്ദാനം ചെയ്ത് എത്തി ഇരുവരെയും കേസിൽ നിന്നു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു. ഈ കഥയെ അടിസ്ഥാനമാക്കി പെർഫക്ട് നമ്പർ എന്ന കൊറിയൻ സിനിമ ഇറങ്ങിയത് 2012 ലാണ്.
2017 ൽ ചൈനീസ് ഭാഷയിലും ഇതേ നോവൽ സിനിമയായി. എന്നാൽ കുറ്റകൃത്യത്തിൽ നിന്ന് ഒരു കുടുംബത്തെ രക്ഷപ്പെടുത്താൻ നായകൻ ആലിബൈ സൃഷ്ടിക്കുന്നു എന്നതൊഴിച്ചാൽ ദൃശ്യം സിനിമയുമായി ഇക്കഥയ്ക്കു ബന്ധമൊന്നുമില്ല. അതുകൊണ്ടു തന്നെയാണ് ദൃശ്യം ഇന്ത്യയിലെ മിക്കഭാഷകളിലേക്കും ചൈനീസ്, ശ്രീലങ്കൻ ഭാഷകളിലേക്കും കൊറിയയിലേക്കു പോലും കടന്നുചെല്ലുന്നത്. കാണാതായ മകൾക്കു വേണ്ടി സ്വന്തം നിലയിൽ അന്വേഷണം നടത്തുകയും കൊല്ലപ്പെട്ട ഒരുപാട് സ്ത്രീകളുടെ കേസുകൾക്ക് തുമ്പുണ്ടാക്കുകയും ചെയ്യുന്ന അമ്മയുടെ കഥയായ ലോസ്റ്റ് ഗേൾസ് (2020) പോലുള്ള സിനിമകൾ എല്ലായിടത്തുമുള്ള പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ സിനിമ എന്റെ മാതൃഭാഷയിൽ കൂടി വന്നിരുന്നെങ്കിൽ എന്ന് ഓരോരുത്തർക്കും തോന്നി എന്നതാണ് ദൃശ്യത്തിന്റെ പ്രത്യേകത. കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയാറായ ഗ്രാമീണനായ ജോർജുകുട്ടിയെ സ്വന്തം നാട്ടുകാരനും ഭാഷക്കാരനുമാക്കാനുള്ള ശ്രമമാണ് ഓരോ രാജ്യത്തുമുള്ള സിനിമാ പ്രവർത്തകർ നടത്തിയത്. ഇപ്പോൾ നടത്തുന്നതും. അങ്ങനെ മലയാളിയായ ജോർജ്കുട്ടി ഉലകനായകനായി.