ADVERTISEMENT

മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന ലെയ്‌സൺ ഓഫിസറും ഫെഫ്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ അംഗവുമായ കാർത്തിക് ചെന്നൈ അന്തരിച്ചു. മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർത്തിക്കിന്റെ സജീവ സാന്നിധ്യമുണ്ട്. മരണത്തിനു മുൻപും ചെന്നൈയിൽ നടന്ന ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു.

 

ചലച്ചിത്ര രംഗത്ത് ഡ്രൈവറായി പ്രവർത്തിച്ചു തുടങ്ങിയ കാർത്തിക്, ‘ഒന്നാമൻ’ എന്ന ചിത്രത്തിലൂടെയാണ് ലൊക്കേഷന്‍ മാനേജരായി. മലൈകോട്ടൈ വാലിബനിൽ വർക്ക്‌ ചെയ്ത് രാത്രി ഹോട്ടൽ മുറിയിലേക്ക് മടങ്ങിയതായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം. ചെന്നൈയിൽ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദർശികളിൽ പ്രധാനിയായിരുന്ന കാർത്തിക് കർമ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികൾ കൊണ്ടും സിനിമാ പ്രവർത്തകർക്കിടയിൽ വളരെയേറെ പ്രിയങ്കരനായിരുന്നു.

 

‘‘സമർഥനായ ഒരു ലെയ്സൺ ഓഫിസർ എന്ന നിലയിൽ, സൗമ്യമായ പെരുമാറ്റം കൊണ്ടും കഠിനപ്രയത്നം കൊണ്ടും മലയാള സിനിമയുടെ  ഭാ‍ഗമായി മാറിയ, പ്രിയപ്പെട്ട കാർത്തിക് ചെന്നൈ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. വേദനയോടെ ആദരാഞ്ജലികൾ.’’–മോഹൻലാൽ പ്രതികരിച്ചു.

 

സുരേഷ് ഗോപി: ഒരുപാട് മലയാള ചിത്രങ്ങളുടെ ഭാഗമാവുകയും ആത്മാർത്ഥ സേവനം അനുഷ്ഠിക്കുകയും ചെയ്ത സഹപ്രവർത്തകൻ ലെയ്‌സൺ ഓഫിസർ കാർത്തിക്കിന് ആദരാഞ്ജലികൾ.

 

അഭിലാഷ് പിള്ള (തിരക്കഥാകൃത്ത്): ഇത് ചെന്നൈ ആണ് എത്രയോ സിനിമാക്കാർ ഇവിടെ രക്ഷപെട്ടു നീയും രക്ഷപെടും എന്ന് പറഞ്ഞു ധൈര്യം തന്ന ആളുകളിൽ ഒരാളാണ് കാർത്തിക് ഏട്ടൻ, തോറ്റു പോകും എന്ന് തോന്നിയ സമയങ്ങളിൽ പലപ്പോഴും ഒരു വിളിയിലുടെ ധൈര്യം തന്ന കാർത്തിക് ഏട്ടൻ ഇനിയില്ല എന്ന് അറിയുമ്പോൾ അത് ഒരു ശൂന്യതയാണ്. മാളികപ്പുറം റിലീസ് ശേഷം എന്നെ വിളിച്ച കാർത്തിക് ഏട്ടൻ പതിവിലും കൂടുതൽ എന്നെ ഉപദേശിച്ചത് ഒരു സിനിമാക്കാരൻ എങ്ങനെ ആകണം ഇനിയെന്നാണ്. ഒരു സഹോദരൻ അതല്ലേൽ ഒരു സുഹൃത്ത് വഴികാട്ടി എനിക്ക് അറിയില്ല ചേട്ടാ നിങ്ങൾ എനിക്ക് ആരായിരുന്നു എന്ന്. മനസ്സിൽ ഉണ്ടാകും മരിക്കുവോളം നിങ്ങൾ തന്ന സ്നേഹവും ഉപദേശവും. മലയാള സിനിമയിൽ ലെയ്സൺ ഓഫിസർ കാർത്തിക് ചെന്നൈ എന്ന പേര് ഇല്ലാത്ത സിനിമകൾ തന്നെ ചുരുക്കമായിരുന്നു.

 

മനു ജഗദ്(കലാസംവിധായകൻ): കാർത്തിക് ചേട്ടന് പ്രണാമം. സിനിമയിൽ വന്നകാലം തൊട്ട് കേൾക്കുന്ന പേര്. പിന്നീട് ഒരുപാട് തവണ കാണേണ്ടി വന്നിട്ടുള്ള പല സിനിമകൾക്കും വേണ്ടിയുള്ള യാത്രയിൽ ടിക്കറ്റും എടുത്തു സ്റ്റേഷനിൽ യാത്രയാക്കാൻ വരെ വരാറുള്ള കാർത്തിക് ചേട്ടൻ ഇത്രയും തിരക്കിനിടയിൽ ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് പലപ്പോഴും തോന്നിപ്പിച്ച ആൾ. ചെന്നൈയിൽ സിനിമാസംബന്ധമായ എന്ത് കാര്യമാണെലും കാർത്തിക്കിനെ വിളിച്ചാ മതി എന്ന് പലരും പറഞ്ഞൊഴിയുന്ന പല ഉത്തരവാദിത്വങ്ങളും തന്റെ ചുമതലയാണ് എന്ന് സ്വയം ഏറ്റെടുത്ത നടത്തികൊടുക്കുന്ന വ്യക്തി. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരേപോലെ അങ്ങേയറ്റം ബഹുമാനത്തോടെ മാത്രം ഇടപഴകുന്ന അത്രയേറെ സൗമ്യനായ ഒരു വ്യക്തിത്വം. ഇത്രയേറെ ഉപകാരിയായ ഒരു മനുഷ്യന്റെ ഈ വിട വാങ്ങൽ ചെന്നൈയിൽ ഇനി കാർത്തിക് ചേട്ടൻ ഉണ്ടാവില്ലയെന്നതും മലയാള സിനിമയ്കും സിനിമപ്രവർത്തകർക്കും ഒരു തീരാനഷ്ടം ആവും എന്നതിൽ ഒരു സംശയവും ഇല്ല. എല്ലാവിധ പ്രാർഥനകളും.

 

“കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പേര്… ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാൾ.. സിനിമ കാണുന്ന എല്ലാവർക്കും സുപരിചിതനായ പേര്… ലെയ്‌സൺ ഓഫിസർ കാർത്തിക് ചെന്നൈ ഇനിയില്ല.” നിർമാതാവ് സി.വി. സാരഥി കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com