പാൻ വേൾഡ് ആയി മാറിയ ‘ദൃശ്യം’ എഫക്ട്; കൊറിയയിൽ റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം
Mail This Article
2013ൽ ‘ദൃശ്യം’ തിയറ്ററുകളിൽ വിജയക്കുതിപ്പു നടത്തുമ്പോൾ, ഏറ്റവുമധികം അന്വേഷണം നടന്നത് ഏതു വിദേശചിത്രത്തിന്റെ പകർപ്പാണ് ഇതെന്നു കണ്ടെത്തുന്നതിനായിരുന്നു. ജോർജുകുട്ടിയെക്കാൾ കുശാഗ്ര ബുദ്ധിയോടെ ഗവേഷകർ തലപുകച്ചു. സൂക്ഷിച്ചുനോക്കിയാൽ എന്തെങ്കിലുമൊക്കെ സാദൃശ്യം തോന്നിക്കുന്ന, മറച്ചുവയ്ക്കുന്ന കൊലപാതകം പ്രമേയമായി വരുന്ന ഒരുപിടി വിദേശ സിനിമകളും നോവലുകളുമൊക്കെ ദൃശ്യത്തിന്റെ ഒറിജിനൽ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടു.
ഇതേതോ കൊറിയൻ സിനിമ തന്നെ എന്ന നിഗമനത്തിൽ എത്തിച്ചേർന്നവരായിരുന്നു അതിൽ പലരും. അടുത്തറിയാവുന്ന കുടുംബത്തിൽ സംഭവിച്ച ചില കാര്യങ്ങളിൽ നിന്നു പടിപടിയായി വികസിപ്പിച്ച്, വർഷങ്ങൾക്കു മുൻപേ മനസ്സിൽ കയറിക്കൂടിയ സ്ക്രിപ്റ്റിനെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് വാചാലനായപ്പോഴും ആരോപണങ്ങൾ തുടർന്നു. ഏതായാലും, അന്നത്തെ ആ ആക്ഷേപങ്ങൾക്ക് ഇനി കൊറിയക്കാർ തന്നെ മറുപടി നൽകുമെന്നു പ്രതീക്ഷിക്കാം. ഇന്തോ-കൊറിയൻ നിർമാണ സംരംഭമായി കൊറിയൻ പ്രേക്ഷകർക്കു മുന്നിലേക്കു തന്നെ ഈ ഫാമിലി ക്രൈം സ്റ്റോറി എത്തുകയാണ്.
ജോർജുകുട്ടി എവിടെ?
കാൻ ഫിലിം ഫെസ്റ്റിവൽ പവിലിയനിൽ ദൃശ്യത്തിന്റെ കൊറിയൻ റീമേക്ക് പ്രഖ്യാപനം വന്നപ്പോൾ മലയാളം ദൃശ്യത്തെക്കുറിച്ചായിരുന്നില്ല പരാമർശം. ഹിന്ദി സിനിമയുടെ റീമേക്ക് എന്ന മട്ടിലായിരുന്നു അവതരണം. ഹിന്ദിയിൽ ഉൾപ്പെടെ റീമേക്ക് അവകാശം സ്വന്തമാക്കിയവരാണ് കൊറിയൻ സംരംഭത്തിനു പിന്നിലും. നിലവിൽ ഇന്റർനെറ്റിൽ തിരഞ്ഞാൽ ആദ്യമെത്തുന്നതും ഹിന്ദി ദൃശ്യത്തെക്കുറിച്ചും നായകൻ അജയ് ദേവ്ഗൻ അവതരിപ്പിച്ച വിജയ് സാൽഗവോങ്കറിനെക്കുറിച്ചുമുള്ള വിവരങ്ങളാണ്. മുൻപ് മണിച്ചിത്രത്താഴിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ ഒറിജിനൽ വിസ്മരിക്കപ്പെടുമ്പോഴും യഥാർഥ നായകൻ നമ്മുടെ നാലാം ക്ലാസുകാരൻ ജോർജുകുട്ടി തന്നെയാണല്ലോ എന്ന് ആശ്വസിക്കാം.
റെക്കോർഡ് റീമേക്ക്
കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ക്രൈം സ്റ്റോറിയുടെ അനന്ത സാധ്യതകൾ കണ്ടാണു രണ്ടു ഭാഗങ്ങൾക്കും ഒരുപോലെ റീമേക്ക് അവകാശത്തിനായി ഇതരഭാഷാ സിനിമക്കാർ തിരക്കുകൂട്ടിയത്. സ്ക്രിപ്റ്റിന്റെ കരുത്തിലുള്ള സിനിമ എന്നതിനാൽ റീമേക്ക് താരതമ്യേന എളുപ്പവുമാണ്. മലയാളം ദൃശ്യം കാർബൺ കോപ്പി പോലെ പകർത്തിവച്ചവർ പോലും അങ്ങനെ പണംവാരി. കന്നഡ (നായകൻ രവിചന്ദ്രൻ– സംവിധാനം പി. വാസു), തെലുങ്ക് (വെങ്കടേഷ് –ശ്രീപ്രിയ), തമിഴ് (കമൽഹാസൻ–ജീത്തു ജോസഫ്), ഹിന്ദി (അജയ് ദേവ്ഗൻ– നിഷികാന്ത് കാമത്ത്) പതിപ്പുകളെല്ലാം ഒരുപോലെ ബോക്സോഫീസിൽ വൻവിജയമാണു കൊയ്തത്. രണ്ടാം ഭാഗത്തിന്റെ തെലുങ്ക്, കന്നഡ പതിപ്പുകളുമെത്തി. തെലുങ്കിൽ ജീത്തു ജോസഫ് തന്നെയായിരുന്നു സംവിധാനം.
2022 നവംബറിൽ ഇറങ്ങിയ, അഭിഷേക് പഥക് സംവിധാനം ചെയ്ത ഹിന്ദി ദൃശ്യം രണ്ടാം ഭാഗം ബോളിവുഡിനാകെ വലിയ ഉണർവാണു സമ്മാനിച്ചത്. ട്വിസ്റ്റുകളുടെ പെരുമഴ സമ്മാനിച്ച സീക്വൽ, നിരൂപക പ്രശംസയ്ക്കൊപ്പം അജയ് ദേവ്ഗന്റെ താരമൂല്യം ഉറപ്പിക്കുന്നതിലും നിർണായകമായി. സിംഹളയിൽ ധർമയുദ്ധായാ എന്ന പേരിലും ചൈനീസിൽ ഷീപ് വിത്തൗട്ട് എ ഷെപ്പേഡ് (ഇംഗ്ലിഷ് ടൈറ്റിൽ) എന്ന പേരിലും ദൃശ്യം ഇറങ്ങി. ചൈനീസ് ദൃശ്യം 2019ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഒൻപതാമതെത്തി. ചിത്രം 1600 കോടിയരൂപയിൽ അധികം കലക്ട് ചെയ്തതായാണു റിപ്പോർട്ടുകൾ.
വേറിട്ട ത്രില്ലർ
പാൻ ഇന്ത്യൻ മാർക്കറ്റിങ് രീതികൾ പ്രചാരത്തിലാകും മുൻപ് 44 ദിവസം കൊണ്ട് ചിത്രീകരിച്ച തനി മലയാളം ചിത്രമായാണ് ദൃശ്യം ഒന്നാംഭാഗം എത്തിയത്. ഒടിടി-തിയറ്റർ ആശയക്കുഴപ്പത്തിനൊടുവിൽ 2021 ഫെബ്രുവരിയിൽ ഒടിടി റിലീസ് ആയിരുന്നു രണ്ടാം ഭാഗം. ദൃശ്യം ഒന്ന് മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന റെക്കോർഡും ദൃശ്യം 2 ഒടിടിയിലെ റെക്കോർഡ് വിൽപന നേട്ടവും സ്വന്തമാക്കിയെങ്കിലും രണ്ടു തവണയും പാൻ ഇന്ത്യൻ റിലീസ് സാധ്യത നഷ്ടമായെന്നതും യാഥാർഥ്യം. ബോക്സോഫീസ് പ്രകടനത്തിനു പുറമേ റീമേക്ക്, സാറ്റലൈറ്റ് വിൽപനകളിലൂടെയും ദൃശ്യം വൻ സാമ്പത്തിക നേട്ടമാണുണ്ടാക്കിയത്. പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമായി മൂന്നാം ഭാഗത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു വരെ തയാറാക്കിയ കഥകൾ പ്രചരിക്കുന്നതിനാൽ അതുക്കും മേലെ ഒരു ട്വിസ്റ്റിനായി കാത്തിരിക്കുകയാണ് ജീത്തു ജോസഫ്.