ADVERTISEMENT

വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിലും ബോക്സ്ഓഫിസിൽ കോടികൾ വാരുകയാണ് പ്രഭാസിന്റെ ‘ആദിപുരുഷ്’. റിലീസ് ചെയ്ത് രണ്ടാം ദിവസം ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുന്നു. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഞായറാഴ്ചയുള്ള കലക്‌ഷൻ കൂടി നോക്കുകയാണെങ്കിൽ മൂന്നാം ദിവസം ‘ആദിപുരുഷ്’ 300 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.

 

പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആദ്യ ദിവസം 140 കോടിയാണ് ബോക്സ്ഓഫിസ് കലക്‌ഷനായി നേടിയത്. രാജ്യത്തെ തന്നെ വിവിധ ഭാഷകളിൽ നിന്നാണ് രണ്ടാം ദിവസം ചിത്രം 100 കോടി നേടിയെന്നാണ് യുവി ക്രിയേഷൻസ് അറിയിച്ചത്. രണ്ടു ദിവസങ്ങൾ കൊണ്ട് 37കോടി നേടി ഹിന്ദി ബോക്സ് ഓഫിസിലും ചിത്രം കുതിക്കുകയാണ്. തെലുങ്ക് ഭാഷയിൽ രണ്ടാം ദിവസം ആദിപുരുഷ് നേടിയത് 26 കോടിയാണ്.

 

ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം, സംഭാഷണം എന്നിവയ്‌ക്കെതിരെ പല ഭാഗങ്ങളിൽ നിന്നായി വിമർശനങ്ങൾളും ട്രോളുകളും ഉണ്ടായിരുന്നു. ആദിപുരുഷിന്റെ സ്ക്രീനിങ്ങ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്‌ഗഢിലെ ചില ജില്ലകളിൽ പ്രതിഷേധം നടന്നു. എന്നാൽ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ ചിത്രം ബോക്സ്ഓഫിസിൽ വിജയം കൊയ്യുകയാണ്.

 

വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 700 കോടിയാണ്. കുട്ടികൾക്കു വേണ്ടിയുള്ള കാർട്ടൂണുകൾക്കും ഗെയിമുകൾക്കും പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങള്‍.താനാജിക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

 

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.

English Summary: Adipurush box office collection day 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com