സലാർ ടീസർ വെളുപ്പിന് 5.12ന്; റോക്കി ഭായിയുടെ കപ്പൽ മുങ്ങിയ സമയം?
Mail This Article
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ ടീസർ റിലീസ് ചെയ്യുന്നത് ജൂലൈ ആറിന് പുലർച്ചെ 5.12 നാണ്. എന്തിനാണ് ഇങ്ങനെയൊരു സമയം, അതും അതിരാവിലെ? ഈ സമയത്തിന് സിനിമയുമായി എന്തോ ബന്ധമുണ്ടെന്ന് ചില ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു രസകരമായ ഫാൻ തിയറി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. റോക്കി ഭായിയുമായി ബന്ധപ്പെട്ടാണ് ഈ സമയം തിരഞ്ഞെടുത്തതെന്നാണ് പുതിയ ‘കണ്ടെത്തൽ’.
കെജിഎഫ് 2 ൽ റോക്കി ഭായിയുടെ കപ്പല്‍ ആക്രമിക്കപ്പെടുന്നത് പുലർച്ചെ അഞ്ചു മണിക്കാണെന്നും കപ്പൽ തകരുന്ന സമയമാണ് 5.12 എന്നുമാണ് ചില ആരാധകരുടെ കണ്ടുപിടിത്തം!. കെജിഎഫ് 2 വിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസിനും പൃഥ്വിരാജിനുമൊപ്പം യഷ് അതിഥിവേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.
എന്തായാലും ഈ സമയത്തിന്റെ തിയറി കൂടി വന്നതോടെ ‘സലാർ’, പ്രശാന്ത് നീൽ യൂണിവേഴ്സിലുള്ള ആദ്യ സിനിമയാണെന്ന് ആരാധകർ ഉറപ്പിക്കുകയാണ്. കെജിഎഫിലെ റോക്കി ഭായിയുടെ അതേ കാലത്തു നടക്കുന്ന കഥ തന്നെയാണ് സലാറെന്നും ചിത്രത്തിൽ റോക്കി ഭായി എത്തുമെന്നും ഇവർ പറയുന്നു.
12 വർഷങ്ങൾക്കു ശേഷം പൃഥ്വിരാജ് സുകുമാരൻ തെലുങ്കിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സലാറിനുണ്ട്. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും.
ചിത്രം 2023 സെപ്റ്റംബർ 28 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. പിആർഒ: മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്
English Summary: Prabhas' 'Salaar' to be a part of Yash's 'KGF' universe?