33ാം പിറന്നാൾ കൂട്ടുകാർക്കൊപ്പം ആഘോഷമാക്കി നടി ജുവൽ മേരി
Mail This Article
33ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. 2008 മുതൽ പ്രിയ സുഹൃത്തുക്കൾ നൽകിയ സ്നേഹം തന്നെ വീണ്ടും കലാലയ അനുഭവങ്ങളിലേക്ക് മടക്കിക്കൊണ്ടുപോയി എന്ന് ജുവൽ മേരി പറയുന്നു. കോളജ് കാലഘട്ടം മുതൽ തനിക്കൊപ്പമുള്ള സുഹൃത്തുക്കളാണ് ഇവരെന്നും ആ സന്തോഷവും ചിരിയും ഇപ്പോഴും തുടരുന്നുവെന്നും പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് ജുവൽ കുറിച്ചു.
‘‘33 എന്ന മാജിക് ആരംഭിക്കുന്നു. എന്റെ പ്രിയപ്പെട്ടവരേ, 2008 മുതൽ നിങ്ങൾ എനിക്കും ക്രിസ്റ്റിൻ മേരി അലക്‌സിനും വേണ്ടി ഒരുക്കിയ അമൂല്യമായ ആഘോഷങ്ങൾക്കും പാർട്ടികൾക്കും നന്ദി. കോളജിലെ വാർഷികാഘോഷങ്ങൾക്കും കലാലയ അനുഭവങ്ങളിലേക്കും മടങ്ങിപ്പോയ പ്രതീതിയായിരുന്നു. നിങ്ങളിൽ എത്ര പേർക്ക് ഇതുപോലെ മഹത്തായ സൗഹൃദങ്ങൾ സ്വപ്നം കാണാൻ കഴിയും? സ്നേഹവും ചിരിയും വീണ്ടും തുടരുകയാണ്.’’ ജുവൽ മേരിയുടെ വാക്കുകൾ.
ടെലിവിഷൻ അവതാരകയായെത്തി പിന്നീട് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ജുവൽ. 2015 -ൽ മമ്മൂട്ടിയുടെ നായികയായി ‘പത്തേമാരി’യിലൂടെ സിനിമയിലെത്തി.
ഉട്ടോപ്യയിലെ രാജാവ്, ഞാൻ മേരിക്കുട്ടി എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിലഭിനയിച്ചു. നിരവധി ചാനലുകളിലും സ്റ്റേജ് ഷോകളിലും അവതാരകയായി മിനിസ്ക്രീനിൽ സജീവമാണ് താരം.
ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായെത്തിയ ‘പാപ്പനി’ലാണ് ജുവൽ മേരി അവസാനം അഭിനയിച്ചത്.