മമ്മൂട്ടി സർ മനസ്സിൽ വന്നു പക്ഷേ: ബാലകൃഷണയ്ക്കും അതിഥിവേഷം: നെൽസൺ പറയുന്നു
Mail This Article
മൾടിസ്റ്റാർ ചിത്രമെന്ന നിലയിൽ ‘ജയിലറി’െന അവതരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകൻ നെൽസൺ. വില്ലൻ കഥാപാത്രത്തിനായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നില്ലെന്നും നെൽസൺ വ്യക്തമാക്കി. ‘‘മമ്മൂട്ടി സര്‍ തന്നെ വേണം എന്നല്ല, മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ തന്നെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇതുപോലെ ആകില്ലായിരുന്നു. വിനായകന്റെ റോളിൽ ഒരു പുതുമയുണ്ട്’’.–വികടന് നൽകിയ അഭിമുഖത്തിൽ നെൽസൺ പറഞ്ഞു. വിനായകന്‍റെ റോളിലേക്ക് ആദ്യം മമ്മൂട്ടിയെ അല്ലേ പരിഗണിച്ചിരുന്നതെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘‘കഥ എഴുതുമ്പോൾ തന്നെ സൂപ്പർസ്റ്റാഴ്സിന്റെ കഥാപാത്രങ്ങൾ മനസ്സിലുണ്ടായിരുന്നു. മാംഗ്ലൂരിൽ ഒരാൾ, ബിഹാറിൽ ഒരാൾ, കേരളത്തിൽ മോഹൻലാൽ സർ, പക്ഷേ ബോംബെയിലാണ് അയാളുടെ ബിസിനസ്. മോഹൻലാൽ സാറിനെയും ശിവരാജ് കുമാർ സാറിനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ചിലരെ കാണുമ്പോൾ അവരെ വച്ച് എന്തെങ്കിലും ഒന്ന് ചെയ്യണം, ഒരു ഷോട്ട് എടുക്കണം, പോർട്ട്ഫോളിയോ പോലെ ഒന്ന് ചെയ്യണം എന്ന് തോന്നിപ്പോകും. അതുപോലുള്ള ആളുകളാണ് ഇവർ. രജനി സാറിനുവേണ്ടിയാണ് അവർ സമ്മതിച്ചത്. അതുകൊണ്ടു തന്നെ അവരെ മോശക്കാരാക്കരുത്. കഴിഞ്ഞ ദിവസം മോഹൻലാല്‍ സർ എന്നെ വിളിച്ചിരുന്നു. കേരളത്തിൽ ഗംഭീര പ്രതികരണമാണെന്ന് പറഞ്ഞു. വിതരണക്കാരും ഒക്കെ വിളിച്ചു. തിയറ്ററുകളിൽ വൈൽഡ് റെസ്പോൺസ് എന്നാണ് പറയുന്നത്. ശിവരാജ് കുമാർ സാറും വിളിച്ചു. അവർ പക്ഷേ പടം കണ്ടിട്ടില്ല. എല്ലാവർക്കും അവരുടേതായ ലെഗസിയും വാല്യുവുമുണ്ട്. അത് നമ്മൾ നഷ്ടമാക്കരുത്.
വിനായകൻ വേറെ ലെവൽ ആളാണ്. അദ്ദേഹത്തിന്റെ ലുക്ക് എനിക്ക് വലിയ ഇഷ്ടമാണ്. മാത്രമല്ല കഥയിലും ഒരു മല്ലു വില്ലൻ കഥാപാത്രമാണ് ഞാൻ എഴുതിയത്. വില്ലനെ കേരളത്തിൽ നിന്നു തന്നെ വേണമെന്നത് നിർബന്ധമായിരുന്നു. തമിഴും മലയാളവും ഇടകലർന്ന് സംസാരിക്കുന്ന ഒരാളെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ഡെഡ്‌ലി ലുക്ക്, സംസാരിക്കുന്ന സ്റ്റൈൽ ഇതൊക്കെയാണ് വിനായകന്റെ സിഗ്നേച്ചർ. അങ്ങനെയാണ് അദ്ദേഹത്തിലെത്തിയത്.
തെലുങ്കില്‍ നിന്ന് ബാലകൃഷ്ണ സാറിനെ കൊണ്ടുവരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. എവിടെയെങ്കിലും അത്തരത്തിലുള്ള ഒന്ന് രണ്ട് സീന്‍ കൊണ്ടുവരാന്‍ നോക്കി, പക്ഷേ ശരിയായി വന്നില്ല. ഞാന്‍ സമീപിച്ചിരുന്നെങ്കില്‍ അദ്ദേഹം സമ്മതിക്കുമായിരുന്നോ എന്ന് അറിയില്ല. പക്ഷേ അത്തരം ഒരു കഥാപാത്രത്തിന് സാധ്യത ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ സമീപിച്ചേനെ. ഒരു മാരക പൊലീസ് കഥാപാത്രത്തെയാണ് അദ്ദേഹത്തിനു വച്ചിരുന്നത്. പക്ഷേ ആ കഥാപാത്രത്തിന് ഒരു തുടക്കവും ഒടുക്കവും കൊണ്ടുവരാന്‍ പറ്റിയില്ല. അദ്ദേഹത്തിന്റെ സ്റ്റാർഡത്തിനനുസരിച്ചുള്ള പവർഫുൾ കഥാപാത്രമല്ല എന്ന് തോന്നിയതുകൊണ്ട് അത് ഒഴിവാക്കുകയായിരുന്നു.’’–നെൽസൺ പറഞ്ഞു.