ADVERTISEMENT

എഴുപത്തിമൂന്നാം വയസ്സിൽ, 169ാം സിനിമയായ ജെയിലറിൽ രജനീകാന്തിന്റെ കഥാപാത്രത്തോടു കൂട്ടത്തിലൊരാൾ പറയുന്നുണ്ട്: നീങ്ക ഒരു തടവൈ സൊന്നാ....അയാൾ ആ വാചകം മുഴുമിപ്പിക്കുന്നില്ല. തലൈവർ ഒരു തടവൈ സൊന്നാ അത് നൂറായിരം തടവൈ സൊന്നാൽ മാതിരി താൻ  എന്ന് മനസ്സിലാക്കിയിട്ടില്ലാത്തവർ ഈ സിനിമ കാണണ്ട എന്നാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ ആ അപൂർണ വാചകത്തിലൂടെ പറഞ്ഞു വയ്ക്കുന്നത്. ആ പഴയ രജനിയെ ഓർമയുള്ള, ഇഷ്ടമുള്ള ആളുകൾ മാത്രം ഈ ചിത്രം കണ്ടാൽ മതി എന്നർഥം. സിനിമയെന്നാൽ ഇത്തിരി യുക്തിയും ഒരിത്തിരി സ്വാഭാവികതയും കാര്യകാരണങ്ങളും, കണക്ട് ചെയ്യുന്ന കഥയും കഥാപരിസരങ്ങളും വേണമെന്നു കരുതുന്ന പുത്തൻ പ്രേക്ഷകനെ കണ്ടല്ല ജയിലർ തയാറാക്കിയത്.

 

48 വർഷമായി തലമുറകളെ ത്രസിപ്പിച്ച നമ്പറുകൾ മാറ്റിപ്പിടിക്കാൻ സൂപ്പർ സ്റ്റാറിന് ഒട്ടും താൽപര്യമില്ല. അതു ഞങ്ങൾക്കും പിടിക്കും എന്നാണു പ്രേക്ഷകർ രജനിയോട് തിയറ്ററിൽ പറയുന്നത് ‘വിക്രം’സിനിമയിലൂടെ കമലഹാസൻ ചെയ്തതു പോലെ ജെയിലറിലൂടെ രജനീകാന്തും പ്രേക്ഷകരെ തിരിച്ചു പിടിച്ചിരിക്കുന്നു. രാഷ്ട്രീയത്തിലിറങ്ങി കാലിടറിയത് കമലിനെയും, രാഷ്ട്രീയത്തിലേക്ക് എടുത്തു വച്ച കാൽ പിൻവലിച്ചത് രജനിയെയും കൂടുതൽ കരുത്തരാക്കിയിരിക്കുന്നു, കുറച്ചു കാലത്തേക്കെങ്കിലും. 

 

അമ്പരപ്പിച്ച് ആക്ഷൻ 60 പ്ലസ്

 

ആദ്യചിത്രമായ "അപൂർവരാഗങ്ങൾ " മുതൽ, 168ാം ചിത്രം അണ്ണാത്തെ വരെയുള്ള സകലമാന രജനിപ്പടങ്ങളെയും എവിടെയെങ്കിലും ഓർമപ്പെടുത്തുന്നുണ്ട് ജെയിലർ. അപൂർവരാഗങ്ങളിൽ ഭാര്യയെ അന്വേഷിച്ചിറങ്ങുന്ന പാണ്ഡ്യനും, അണ്ണാത്തെയിൽ പെങ്ങളെയും അളിയനെയും അന്വേഷിച്ചിറങ്ങുന്ന കാളയ്യനും തന്നെയാണല്ലോ ജെയിലറിൽ മകനെ തേടി നടക്കുന്ന മുത്തുവേൽ പാണ്ഡ്യനും. അതേ സമയം, ജെയിലറിലെ മുത്തുവേൽ പാണ്ഡ്യനൊരു ബാഷയോ മുത്തുവോ അലക്‌സ് പാണ്ഡ്യനോ പടയപ്പയോ അണ്ണാത്തെയോ പോലുമല്ല. രജനി തനിച്ചു ചെയ്യുന്ന വീരകൃത്യങ്ങൾ കുറവാണ് ജെയിലറിൽ. പഴയകാല രജനിക്ക് ഒറ്റയ്ക്കു തന്നെ നിഷ്പ്രയാസം ചെയ്തു തീർക്കാമായിരുന്ന പല പണികളും റിട്ടയേർഡ് ജെയിലർ തനിച്ചു ചെയ്യാനൊരുങ്ങുന്നില്ല. രജനീകാന്തിന്റെ ഒരു നായകൻ ഇങ്ങനെ മറ്റുള്ളവരുടെ സഹായം തേടിപ്പോകുന്ന വേറൊരു സിനിമയില്ലല്ലോ. കേരളത്തിൽ നിന്നു മാത്യൂവിനെയും (മോഹൻലാൽ), കർണാടകയിൽ നിന്നു നരസിംഹയെയും (ശിവരാജ് കുമാർ), ബിഹാറിൽ നിന്നു കാംദേവിനെയും (ജാക്കി ഷ്രോഫ്) സഹായത്തിനു വിളിക്കുന്നൊരു രജനിനായകൻ. കളിക്കാരനാവാതെ പ്ലേ മേക്കറാവുന്ന രജനി ഒരപൂർവ കാഴ്ചയാണ്.

 

വിസ്മയിപ്പിച്ച് വിനായകൻ

 

ചെയ്തു ശീലിച്ച ന്യൂജെൻ സിനിമാരീതികൾ പാടേ ഒഴിവാക്കാൻ നെൽസൺ ദിലീപ് കുമാറിനു കഴിയുന്നില്ലെങ്കിലും, ജെയിലർ പ്രതികാര നിർവഹണം തുടങ്ങുന്നതോടെ പത്തിരുപതു കൊല്ലം മുൻപത്തെ തമിഴ് സിനിമയിലേക്കു വിജയകരമായി മടങ്ങിപ്പോകാൻ സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട്. സൾഫ്യൂരിക് ആസിഡ് നിറച്ച വീപ്പകൾ കൊണ്ടാണു വില്ലൻ വിനായകൻ പണി തുടങ്ങുന്നതെങ്കിലും രണ്ടാം പകുതിയിലെത്തുമ്പോൾ ബോംബുകളും തോക്കുകളും വടിവാളുകളുമൊക്കെത്തന്നെയാണു കഥ കൊണ്ടു പോകുന്നത്. അക്കാലത്തു സ്വന്തം സിനിമകളിൽ ചെയ്തിരുന്ന പണികളൊക്കെ മോഹൻലാലും ശിവരാജ് കുമാറും ജാക്കി ഷ്രോഫും മറ്റും അതിലും ഭംഗിയായി ജെയിലർക്കു വേണ്ടി ചെയ്തു കൊടുക്കുന്നുമുണ്ട്. (മാത്യു മുഴുനീള നായകകഥാപാത്രമാകുന്നൊരു മോഹൻലാൽ ചിത്രത്തിന്റെ സാധ്യത ജെയിലർ യൂണിവേഴ്‌സിൽ ബാക്കിയുണ്ട്.) മുഖവും ശരീരവും കൊണ്ടു തന്നെയാണു വിനായകൻ തിളച്ചു മറിയുന്നതും ഉറഞ്ഞു തുള്ളുന്നതും. വിനായകനെ സ്‌ക്രീനിലും പുറത്തും ഇമ്മട്ടിൽ കണ്ടു ശീലിച്ച മലയാളികൾക്ക് അതിൽ പുതുമയേതും തോന്നാനിടയില്ലെങ്കിലും. മാമന്നനിലെ ഫഹദ് ഫാസിലിനു ശേഷം തമിഴ്‌നാട്ടിൽ സമൂഹമാധ്യമങ്ങൾ വീണ്ടുമൊരു മലയാളി താരത്തെക്കൂടി വാഴ്ത്തുകയാണ്.

 

ഇപ്പവും നാൻ രാജാ

 

ഡീഏജിങ് ടെക്‌നോളജികൾ കൊണ്ടൊന്നും മറച്ചുവയ്ക്കാൻ കഴിയാത്ത പ്രായം എന്ന യാഥാർഥ്യത്തെ രജനീകാന്ത് ഇത്ര ധീരവും സത്യസന്ധവുമായി നേരിട്ടത് ഈ സിനിമയിലായണ്. അപ്പൂപ്പനായാണ് ജെയിലർ സ്‌ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതു തന്നെ. തിഹാർ ജയിലിലെ അധികാരകാലത്തിന്റെ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ പഴയ രജനിക്കാലത്തേക്കു തിരിച്ചു പോകാൻ തലൈവർ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. എങ്കിലും, പ്രായോഗിക കാരണങ്ങളാലായിരിക്കണം, തന്റെ ആ ട്രേഡ് മാർക്ക് നടത്തത്തിനു വേണ്ടത്ര മുതിരുകയുണ്ടായില്ല. പതിയെപ്പതിയെ നടക്കുന്നൊരു രജനി. ഡയലോഗ് ഡെലിവറിയിലും അമ്പരപ്പിക്കുന്നു ഈ പുതിയകാല രജനീകാന്ത്. 

 

എ നെൽസൺ ദിലീപ്കുമാർ ഫിലിം, ആൻ അനിരുദ്ധ് മ്യൂസിക്കൽ എന്നൊക്കെ ജെയിലറിനെ നിസ്സംശയം വിളിക്കാമെങ്കിലും, കോടമ്പാക്കത്തെ കളിനിയമങ്ങളെ തൽക്കാലം തന്റെ തലമുറ തന്നെ തുടർന്നും നിയന്ത്രിക്കും എന്നു ജെയിലറിലൂടെ രജനി പച്ചയ്ക്കു പറയുന്നുണ്ട്. "ഞാനാണ് ഇവിടത്തെ രാജാവ്, ഇവിടെ ഞാൻ പറയുന്നതാണ് നിയമം. അതിനെ ഞാൻ എനിക്കിഷ്ടമുള്ള പോലെ മാറ്റുകയും ചെയ്യും"-ജെയിലറിൽ മുത്തുവേൽ പാണ്ഡ്യൻ രണ്ടു തവണ ആവർത്തിക്കുന്ന ഈ ഡയലോഗിലുണ്ട് സൂപ്പർ സ്റ്റാറിന്റെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ്. തലൈവാ, രണ്ടു തവണ പറയുന്നതെന്തിന്, നീങ്ക ഒരു തടവൈ സൊന്നാലേ പോതും എന്നു രസികമക്കൾ കൊട്ടകകളിലിരുന്ന് ആർത്തു വിളിക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com