ADVERTISEMENT

ഖാൻമാരുടെയും കപൂർമാരുടെയും മാത്രം കുത്തകയാണ് ബോളിവുഡിന്റെ കോടി ക്ലബ്ബുകൾ എന്ന സങ്കൽപത്തെ പൊളിച്ചടുക്കുകയാണ് സണ്ണി ഡിയോളിന്റെ ‘ഗദ്ദർ 2’. എൺപത് കോടി രൂപ മുതല്‍മുടക്കുള്ള ചിത്രം ഇതുവരെ 400 കോടി രൂപ നേടിക്കഴിഞ്ഞു. താരമൂല്യമില്ലെന്നു പറഞ്ഞ് വമ്പൻ നിർമാണക്കമ്പനികൾ പോലും വേണ്ടെന്നു വച്ച താരമാണ് സണ്ണി ഡിയോൾ. സ്വന്തം വീടുവരെ കടത്തിലായിരുന്നുവെന്നും ബാങ്ക് ഓഫ് ബറോഡ അത് ലേലത്തിനു വച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തു. 56 കോടി രൂപ തിരിച്ചടയ്ക്കാത്തതിനാൽ മുംബൈ ജൂഹുവിലെ വില്ല ലേലത്തിനു വയ്ക്കാൻ തയാറെടുത്ത ബാങ്ക് അതിൽനിന്നു പിന്മാറിയെന്നതാണ് ഏറ്റവും പുതിയ വാർത്ത.

ബോളിവുഡിനെപ്പോലും ഞെട്ടിക്കുന്ന പ്രതികരണമാണ് ‘ഗദ്ദർ 2’ ബോക്സ്ഓഫിസിൽ നേടിയത്. ആദ്യ ദിവസം തന്നെ കലക്‌ഷൻ 40 കോടിയായിരുന്നു. തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഗർജിക്കുന്ന താരമായിരുന്ന സണ്ണി ഡിയോൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമാ മേഖലയിൽനിന്നു മാറി നിൽക്കുയായിരുന്നു. 2019 നു ശേഷം രണ്ടു വർഷത്തോളം അദ്ദേഹം അഭിനയിച്ചില്ല.

2022 ൽ ദുൽഖർ സൽമാനൊപ്പം ചുപ് എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി. ഈ സിനിമയിൽ ഗംഭീര പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്. ഇതിനു പിന്നാലെയായിരുന്നു ഗദ്ദർ 2 റിലീസ് ചെയ്തത്. 2001 ൽ പുറത്തിറങ്ങിയ ‘ഗദ്ദർ: ഏക് പ്രേം കഥ’യുടെ തുടർച്ചയായെത്തിയ സിനിമ സണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായി മാറുകയാണ്. 22 വർഷത്തിനു ശേഷം അമീഷ പട്ടേലും സണ്ണി ഡിയോളും തന്നെ ഈ ചിത്രത്തിലും ജോഡികളായി എത്തുന്നു. 1971 ലെ ഇന്ത്യ-പാക്ക് യുദ്ധപശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ് ഗദര്‍ 2. താരാസിങ് (സണ്ണി ഡിയോള്‍)- സക്കീന (അമീഷ പട്ടേല്‍) ദമ്പതികളുടെ ജീവിതമാണ് ചിത്രം കാണിക്കുന്നത്. ഇവരുടെ മകനായ ചരണ്‍ജിത്ത് സിങ് (2001ല്‍ പുറത്തിറങ്ങിയ ഗദ്ദറില്‍ മകനായി എത്തിയതും ഇദ്ദേഹമാണ്) ഇപ്പോള്‍ വളര്‍ന്നു വലുതായിരിക്കുന്നു.

സമാധാനപരമായി മുന്നോട്ടുപോകുകയായിരുന്ന ഇവരുടെ കുടുംബത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. താരാസിങ്-സക്കീന ദമ്പതികളുടെ മകനായ ചരണ്‍ജിത് സിങ് പാക്കിസ്ഥാനിലെത്തുന്നതോടെ ഇവരുടെ ജീവിതം മാറിമറിയുന്നു. ചരണിനെ രക്ഷിക്കാനായി താരാ സിങ് പാക്കിസ്ഥാനിലേക്ക് പോകുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ചിത്രം സണ്ണി ഡിയോളിന്റെ സിനിമാ കരിയറിനും ജീവിതത്തിനും പുതിയ തുടക്കമാണ് നൽകിയിരിക്കുന്നത്. സണ്ണി ഡിയോൾ എന്ന സൂപ്പർതാരത്തിന്റെ ആരാധകനാണ് താനെന്നു പറഞ്ഞ് യുവതാരം കാർത്തിക് ആര്യൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയില്‍നിന്നു തന്നെ ഇതു വ്യക്തം. അടുത്തിടെ സാമ്പത്തിക പ്രതിസന്ധികള്‍ കൊണ്ട് താരം ഏറെ ബുദ്ധിമുട്ടിയിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അനിൽ ശർമ നിർമാണവും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഗദ്ദർ 2വിന്റെ ലാഭത്തിന്റെ ഒരു പങ്കാണ് സണ്ണി ഡിയോളിന് പ്രതിഫലമായി നൽകുക.

ലേലത്തിനു വച്ച സണ്ണി ഡിയോളിന്റെ വില്ല

സണ്ണി ഡിയോള്‍ നായകനായ ഗദ്ദർ 2, 400 കോടി ക്ലബും പിന്നിട്ട് മുന്നേറുമ്പോൾ താരത്തിന്റെ മുംബൈ ജൂഹുവിലെ വില്ല ലേലം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ബാങ്ക് ഓഫ് ബറോഡ. ഏകദേശം 56 കോടി രൂപ വായ്പാ തിരിച്ചടവുണ്ട് എന്നു കാണിച്ചായിരുന്നു ലേലനീക്കം. ഓഗസ്റ്റ് 19ന് ദേശീയ പത്രങ്ങളിൽ വന്ന പരസ്യപ്രകാരം സെപ്റ്റംബർ 25ന് ലേലം ഓൺലൈനായി നടത്താനായിരുന്നു തീരുമാനം.

സണ്ണി ഡിയോൾ എന്ന അജയ് സിങ് ഡിയോൾ ലോണിന്റെ തിരിച്ചടവിൽ വീഴ്ച വരുത്തിയെന്നും ഇതേ തുടർന്നാണ് ഈടായി നൽകിയ വില്ല ജപ്തി ചെയ്ത് വിൽക്കാൻ തയാറെടുക്കുന്നത് എന്നുമാണ് ബാങ്ക് അറിയിച്ചത്. ബാങ്കിങ് നിയമ പ്രകാരം 90 ദിവസത്തിൽ അധികമായി തിരിച്ചടവ് മുടങ്ങിയാൽ ലോൺ നോൺ പെർഫോമിങ് അസറ്റായി മാറും ഇതുപ്രകാരം, ബാങ്കിന് ഈടായി നൽകിയ വസ്തുക്കൾ ലേലം ചെയ്യാം. ഈ നിയമത്തെ പിൻപറ്റിയാണ് ബാങ്ക് നോട്ടfസ് നൽകിയത്. 2022 ഡിസംബർ മുതലുള്ള വായ്പാ തിരിച്ചടവ് കണക്കിലെടുത്ത് 55.99 കോടിയുടെ കുടിശിക വരുത്തിയെന്നാണു ബാങ്ക് അറിയിക്കുന്നത്. 2016 ൽ ഒരു സിനിമയുടെ ആവശ്യത്തിനായാണ് സണ്ണി ഡിയോൾ വീട് പണയം വെച്ച് പണം കൈപ്പറ്റിയത്.

തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ, ‘സാങ്കേതിക കാരണങ്ങളെ’ തുടർന്ന് സണ്ണി സണ്ണി ഡിയോളിന്റെ ലേല നോട്ടിസ് പിൻവലിക്കുകയാണെന്നു ബാങ്ക് അറിയിച്ചു. നടനും രാഷ്ട്രീയ നേതാവുമായ പിതാവ് ധർമേന്ദ്രയാണു സണ്ണിക്കു ജാമ്യം നിന്നിരുന്നത്. എന്താണു സാങ്കേതിക കാരണങ്ങളെന്നോ മറ്റ് ഇടപെടലുകളുണ്ടായോ എന്നതൊന്നും ബാങ്ക് വിശദീകരിച്ചിട്ടില്ല.

എന്താണ് ഗദ്ദർ 2വിന്റെ മാജിക്?

നൊസ്റ്റാള്‍ജിയ തന്നെയാണ് ചിത്രത്തെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന ഘടകമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. 2001ലാണ് ഗദ്ദർ ആദ്യ ഭാഗം റിലീസിനെത്തുന്നത്. 18 കോടി മുതൽമുടക്കുള്ള ചിത്രം അന്ന് കലക്ട് ചെയ്തത് 133 കോടിയാണ്. താരാ സിങ് എന്ന കഥാപാത്രത്തിന്റെ സ്വീകാര്യത തന്നെയാണ് ഇവിടെയും ആകർഷണ ഘടകം. 2000 കാലഘട്ടത്തിൽ ട്രെൻഡ് സെറ്ററായി മാറിയ കഥാപാത്രത്തെ അതേ കരുത്തോടെ തന്നെ പുനരവതരിപ്പിക്കാനായതും ചിത്രത്തിന്റെ വലിയ വിജയത്തിനു കാരണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com