വിവാഹം അടുത്ത മാസം, അതിനിടെ ദേശീയ പുരസ്‌കാരം: മേപ്പടിയാൻ സംവിധായകൻ പറയുന്നു
Mail This Article
നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ വിഷ്ണു മോഹന് ഇത് ഇരട്ടി മധുരം. സെപ്റ്റംബർ മൂന്നാം തീയതി വിവാഹം നടക്കാനിരിക്കെയാണ് വിഷ്ണു മോഹനെ തേടി ദേശീയ പുരസ്‌കാരം എത്തുന്നത്. വിഷ്ണു മോഹൻ ആദ്യമായി സംവിധാനം ചെയ്ത മേപ്പടിയാൻ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം ലഭിച്ചത്. തിയറ്ററിൽ എത്തിയ മേപ്പടിയാൻ എന്ന സിനിമ ഒരു മണിക്കൂർ കൊണ്ട് ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും ഒരു നവാഗത സംവിധായകനിൽ ഉണ്ണി മുകുന്ദൻ അർപ്പിച്ച വിശ്വാസം തകർക്കരുത് എന്നുകരുതി കഠിനാധ്വാനം ചെയ്ത സിനിമയാണ് മേപ്പടിയാൻ എന്നും വിഷ്ണു പറഞ്ഞു. ഉണ്ണിയുടെ കരിയറിൽ ആദ്യമായി ചെയ്ത നാടൻ കഥാപാത്രമാണ് മേപ്പടിയാനിലേത്. കഥാപാത്രം നന്നായതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെട്ടതെന്നും അതുകൊണ്ടാണ് തനിക്ക് അവാർഡ് കിട്ടിയതെന്നും അതുകൊണ്ടു തന്നെ ഈ പുരസ്‌കാരം ഉണ്ണി മുകുന്ദനും ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്നും വിഷ്ണു മോഹൻ പറഞ്ഞു.
‘‘മേപ്പടിയാൻ എന്ന പേര് പുരസ്കാരങ്ങൾക്കിടയിൽ കേൾക്കണം എന്നുള്ളത് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹമായിരുന്നു. ഉണ്ണി മുകുന്ദന്റെ ആദ്യത്തെ നിർമാണ സംരംഭം ആയിരുന്നു. അത്രമാത്രം കഷ്ടപ്പാട് ഈ ചിത്രത്തിന് വേണ്ടി ഉണ്ണിയും മറ്റുള്ളവരും എടുത്തിട്ടുണ്ട് . റീജിയണൽ സിനിമ എന്ന പരാമർശം വല്ലതും വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ സംവിധായകനുള്ള പുരസ്‌കാരം എന്ന ടൈറ്റിൽ കിട്ടിയതിൽ വലിയ സന്തോഷമാണ് ഉള്ളത്. എനിക്ക് മാത്രമല്ല ഈ സിനിമയുമായി സഹകരിച്ചവർക്കെല്ലാം സന്തോഷമുണ്ട്. കാരണം അത്രമാത്രം കഷ്ടപ്പെട്ട് കൊറോണ സമയത്തൊക്കെ ചെയ്ത സിനിമയാണ്. ആദ്യത്തെ സിനിമക്ക് അവാർഡ് കിട്ടുന്നത് അതിലും സന്തോഷമാണ്. ഉണ്ണിയുടെ കരിയറിൽ ആക്‌ഷൻ അല്ലാതെ ഒരു നാടൻ കഥാപാത്രം ചെയ്ത സിനിമയാണ്, ആ കഥാപാത്രം നന്നായതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെട്ടത്, സിനിമ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടാണ് സംവിധായകൻ എന്ന നിലയിൽ എനിക്ക് പുരസ്‌കാരം ലഭിച്ചത്.
മേപ്പടിയാന്റെ ടീമിന് ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നു പ്രത്യേകിച്ച് ഉണ്ണിക്ക്. ഒരാളുടെ അസിസ്റ്റന്റ് ആയിട്ട് പോലും വർക്ക് ചെയ്തിട്ടില്ലാത്ത എന്നെ വിശ്വസിച്ച് ഒരു സിനിമ ചെയ്യാൻ തയാറായ ഉണ്ണിയോടാണ് എനിക്ക് നന്ദി പറയാനുള്ളത്. സെപ്റ്റംബർ മൂന്നാം തീയതി വിവാഹമാണ്. ഈ സന്തോഷം എല്ലാം കൂടി ഒരുമിച്ചു വരുമ്പോൾ ഞാൻ വേറൊരു അവസ്ഥയിലാണ്. എല്ലാവര്‍ക്കും ജീവിതത്തിൽ ഒരു നല്ല സമയം ഉണ്ടല്ലോ എന്റെ സമയം ഇപ്പോഴാണെന്ന് ഞാൻ വിചാരിക്കുന്നു. ഒരുപാട് കഷ്ടപ്പെട്ട് വന്നതാണ് അതിന്റെ പ്രതിഫലമാണ് ഇപ്പോൾ കിട്ടുന്നത്. ദൈവം സഹായിച്ച് കൂടുതൽ സിനിമ ചെയ്യാനും മുന്നോട്ട് പോകാനുമുള്ള ഊർജമായി ഈ പുരസ്കാരത്തെ കാണുന്നു. കഥ തിരക്കഥ സംവിധാനം എല്ലാം ഒരുമിച്ച് ചെയ്തതാണ്.
ഉണ്ണി കരിയറിലെ മൂന്നു വർഷം മാറ്റി വച്ചാണ് മേപ്പടിയാൻ ചെയ്തത് എന്നെ സംബന്ധിച്ച് അത് വലിയൊരു ഭാരമായിരുന്നു. കാരണം എന്നെ വിശ്വസിച്ചാണ് ഉണ്ണി ഇത്രയും സമയം ചെലവഴിക്കുന്നത്. അത്രയും കഠിനാധ്വാനം ഞാൻ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാൻ കാരണം ഉണ്ണിക്ക് ഒരു ബുദ്ധിമുട്ടാകാൻ പാടില്ല. അത്രയും കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ ലഭിക്കുന്നത്. തീയറ്ററിൽ വന്നപ്പോൾ ഒരുപാടു ഡീഗ്രേഡ് ചെയ്ത സിനിമയാണ്. പക്ഷേ ഒടിടിയിൽ വന്നപ്പോൾ നല്ല അഭിപ്രായം കിട്ടിയിരുന്നു. ഇപ്പോൾ ഹിന്ദി ഡബ്ബ് വേർഷൻ ഒക്കെ യൂട്യൂബിൽ ഉണ്ട് അതിന്റ കമന്റുകൾ നോക്കിയാൽ അറിയാം 99 ശതമാനം ആളുകളും ആ സിനിമയെ ഇഷ്ടപ്പെടുന്നുണ്ട്. തിയറ്ററിൽ ഇറങ്ങിയപ്പോൾ ആദ്യത്തെ ഒരു മണിക്കൂർ കൊണ്ട് ആളുകൾ നമ്മളെ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഞാൻ ഉണ്ണിയിലേക്ക് എത്തിയതൊക്കെ ഒരു നിമിത്തമാണ്. ഉണ്ണി ഇതുവരെ ചെയ്തു കാണാത്ത വേഷം ഉണ്ണിയെക്കൊണ്ട് ചെയ്യിച്ച് വിജയിപ്പിച്ചാൽ അത് എന്റെ ഒരു വിജയമായി മാറും എന്നൊരു വിശ്വാസമുണ്ടായിരുന്നു. ഞാൻ വിചാരിച്ചതിലും നന്നായി ഉണ്ണി അത് ചെയ്തു. പല ഇന്റർനാഷനൽ ഫെസ്റ്റിവൽ അടക്കം പതിനേഴ് അവാർഡുകൾ മേപ്പടിയാനു ലഭിച്ചിട്ടുണ്ട്. ഇത് പതിനെട്ടാമത്തെ അവാർഡാണ്. അനുഭവിച്ചതിനെല്ലാമുള്ള ഒരു പ്രതിഫലമാണ് ഇപ്പോൾ ഈ പുരസ്‌കാരമായ ലഭിക്കുന്നത്. എല്ലാവർക്കും നന്ദി. " വിഷ്ണു മോഹൻ പറയുന്നു.