16 വർഷത്തെ പിണക്കം അവസാനിപ്പിച്ച് ഷാറുഖും സണ്ണി ഡിയോളും; വിഡിയോ
Mail This Article
ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളും ഷാറുഖ് ഖാനും തമ്മിലുള്ള 16 വർഷത്തെ പിണക്കത്തിന് ഒടുവിൽ അവസാനം. ‘ഗദ്ദർ 2’ സിനിമയുടെ വിജയാഘോഷ വേളയിലാണ് ഇരുവരുടെയും ഇടയിലെ മഞ്ഞുരുകിയത്. വിജയാഘോഷ പാർട്ടിയിൽ എത്തിയ ഷാറുഖിനെ സണ്ണി ആലിംഗനം ചെയ്യുന്ന വിഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.
ബോളിവുഡിൽ വമ്പൻ ഹിറ്റായി മാറിയ ഗദ്ദർ 2 സിനിമയുടെ അണിയക്കാരെ പ്രശംസിച്ച് ഷാറുഖ് എത്തിയിരുന്നു. ഇതിന് പിന്നാലെ കാലം മായിക്കാത്ത പിണക്കങ്ങള്‍ ഒന്നുമില്ലെന്ന് സണ്ണി ഡിയോളും പ്രതികരിക്കുകയുണ്ടായി. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട പിണക്കത്തിനാണ് ഇതോടെ അവസാനമായത്. മുംബൈയിലാണ് ശനിയാഴ്ച ചിത്രത്തിന്‍റെ വിജയാഘോഷം അണിയറക്കാര്‍ സംഘടിപ്പിച്ചത്. ആമിർ ഖാൻ, കാർത്തിക് ആര്യൻ, സൽമാൻ ഖാൻ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങള്‍ ചടങ്ങിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ 16 കൊല്ലമായി ഷാറുഖിനോട് സംസാരിച്ചിട്ടില്ലെന്ന് ആപ് കി അദാലത്ത് എന്ന ടിവി പരിപാടിയില്‍ സണ്ണി ഡിയോള്‍ അടുത്തിടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
1993-ൽ യാഷ് ചോപ്രയുടെ ‘ഡർ’ എന്ന സിനിമയിൽ ഷാറുഖും സണ്ണി ഡിയോളും ഒന്നിച്ചെത്തിയിരുന്നു. അതില്‍ ഷാറുഖ് വില്ലനായിരുന്നു. യാഷ് ചോപ്രയുമായുള്ള ഷാറുഖിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ‘ഡർ’. ഇതിൽ ഷാറുഖിന്റെ വില്ലൻ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സണ്ണി ഡിയോളിന് എതിരഭിപ്രായങ്ങളുണ്ടായിരുന്നു. സിനിമയിൽ വില്ലനെ മഹത്വവത്കരിക്കുന്നു എന്നതിലായിരുന്നു അദ്ദേഹത്തിന് അതൃപ്തി. ഇതുമായി ബന്ധപ്പെട്ട് നിർമാതാവ് യാഷ് ചോപ്രയുടെ മുന്നിൽ സണ്ണി ഡിയോൾ ക്ഷുഭിതനായി വസ്ത്രം വലിച്ചു കീറിയ സംഭവവും ഉണ്ടായിരുന്നു. ഇതാണ് പിന്നീട് വലിയ പിണക്കത്തിലേക്ക് വഴിവച്ചത്.
പിണക്കം മറന്ന് ഇരുവരും ഒന്നിച്ചതോടെ ഒരുമിച്ചൊരു ചിത്രവും ഉടനെ വേണമെന്നാണ് ആരാധകരുടെ ആഗ്രഹം.