25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; മകളെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നു: പരാതിയുമായി ഗൗതമി
Mail This Article
നടി ഗൗതമി കോടികളുടെ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. തന്റെ 25 കോടി രൂപയുടെ സ്വത്ത് വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തതായി നടി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തട്ടിപ്പു നടത്തിയ ആൾ തന്നെ ഭീഷണിപ്പെടുത്തുന്നതായും മകൾക്കു വധഭീഷണി ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
സാമ്പത്തികാവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. അതു വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും വാഗ്‌ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ സ്വത്തു തട്ടിയെടുത്തെന്നുമാണ് ഗൗതമി പരാതിയിൽ പറയുന്നത്.
അളഗപ്പനെ സഹായിക്കുന്ന രാഷ്ട്രീയ ഗുണ്ടകളിൽനിന്ന് തനിക്കും മകൾ സുബ്ബുലക്ഷ്മിക്കും വധഭീഷണിയുണ്ടെന്നും ഇത് മകളുടെ പഠനത്തെ ബാധിക്കുന്നെന്നും പരാതിയിലുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും സ്വത്തുക്കൾ വീണ്ടെടുത്തുതരണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയിൽ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കമൽഹാസനുമായി പിരിഞ്ഞ ശേഷം മകൾ സുബ്ബുലക്ഷ്മിക്കൊപ്പമാണ് ഗൗതമിയുടെ താമസം. ബിജെപിയുമായി ചേർന്ന് രാഷ്ട്രീയ പ്രവർത്തങ്ങളിലും സജീവമാണ്. 1998ല്‍ വ്യവസായിയായ സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിനകം ഇവര്‍ വേര്‍പിരിഞ്ഞു. സുബ്ബലക്ഷ്മി ഒരേ ഒരു മകളാണ്.