ADVERTISEMENT

ഓണമുണ്ണാൻ പണമില്ലാതെ നടൻ കൃഷ്ണപ്രസാദ്‌ ഉൾപ്പടെയുള്ള കർഷകർ ഉപവാസമിരിക്കുന്നു എന്ന ജയസൂര്യയുടെ പരാമർശം പൊട്ടിയ തിരക്കഥയായിരുന്നു എന്നു പറഞ്ഞ കൃഷി മന്ത്രി പി. പ്രസാദിനു മറുപടിയുമായി നടൻ കൃഷ്ണപ്രസാദ്‌. ജയസൂര്യയുടേത് പൊട്ടിയ തിരക്കഥയെങ്കിൽ ഇപ്പോൾ കുട്ടനാട്ടിൽ 88 വയസ്സായ കർഷകൻ ആത്മഹത്യ ചെയ്തത് മന്ത്രിയുടെ സംവിധാന മികവായിരിക്കുമെന്ന് കൃഷ്ണപ്രസാദ്‌ പറയുന്നു. നെല്ല് കൊടുത്ത് അഞ്ചുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാതെ, ജീവിക്കാൻ ഗതിയില്ലാതെയാണ് ഇത്രയും കാലം ആരോഗ്യത്തോടെ ജീവിച്ച 88 വയസ്സുള്ള കർഷകൻ കീടനാശിനി കഴിച്ച് മരിച്ചത്. കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ജയസൂര്യ അതിലിടപെടുകയായിരുന്നു. ജയസൂര്യ പ്രതികരിച്ചതു കാരണമാണ് കർഷക സമരം വീണ്ടും ചര്‍ച്ചയായും ഹൈക്കോടതി ഇടപെട്ട് കർഷകരുടെ പണം എത്രയും പെട്ടെന്നു നൽകണമെന്നു പറഞ്ഞതും. ഹൈക്കോടതി ഇടപെട്ടതും ഇനി ജയസൂര്യയുടെ തിരക്കഥയാണെന്ന് പറയരുതെന്നും ഇനിയെങ്കിലും കർഷകരുടെ പണം കൊടുത്തു തീർത്ത് ‘മികച്ച തിരക്കഥയും സംവിധാനവും’ മന്ത്രി കാഴ്ച വയ്ക്കണമെന്നും കൃഷ്ണപ്രസാദ്‌ പറഞ്ഞു.

‘‘നെല്ല് കൊടുത്തിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും അതിന്റെ വില കിട്ടാത്തതിനെ തുടർന്ന്, 88 വയസ്സായ ഒരു കർഷകൻ ആത്മഹത്യ ചെയ്തിരിക്കുകയാണ്. മനഃസമാധാനത്തോടെ ഈ ലോകത്തോടു വിടപറയേണ്ട ഒരാള്‍ സ്വന്തം പാടത്ത് ഉപയോഗിക്കുന്ന മാരകമായ കീടനാശിനി കുടിച്ച് മരിക്കേണ്ട അവസ്ഥ വന്നത് നിസ്സാര കാര്യമല്ല. ജയസൂര്യയുടെ തിരക്കഥയാണ് ഇത് എന്നാണു മന്ത്രി പറഞ്ഞത് ഇപ്പോൾ ഈ വയോധിക കർഷകൻ മരിച്ചതും ജയസൂര്യയുടെ തിരക്കഥയാണോ? ചെറുപ്പക്കാരാരും കാർഷിക വൃത്തിയിലേക്കു വരുന്നില്ല എന്നു മന്ത്രി പറഞ്ഞപ്പോഴാണ് ജയസൂര്യ എഴുന്നേറ്റ് ‘‘സാർ, എന്റെ സുഹൃത്ത് കൃഷ്ണപ്രസാദും അദ്ദേഹത്തോടൊപ്പം ഉള്ള കർഷകരും നാളെ ഓണത്തിന് ഉപവാസം ഇരിക്കുകയാണ്. കൊടുത്ത നെല്ലിന്റെ വില അഞ്ചുമാസം കഴിഞ്ഞിട്ടും കിട്ടാത്തതിനെ തുടർന്നാണ് അവർ ഉപവാസം ഇരിക്കുന്നത്. അച്ഛനും അമ്മയും ഓണക്കാലത്ത് ഉപവാസം ഇരിക്കുന്ന ഒരു വീട്ടിലെ കുട്ടികൾ എങ്ങനെയാണ് കൃഷി ചെയ്യാനായി മുന്നോട്ടു വരിക?’’ എന്നു ചോദിച്ചത്. ശരിക്കും തിരക്കഥ ഒരുക്കിയത് ജയസൂര്യയല്ല. മന്ത്രിയാണ് ഈ വിഷയം എടുത്തിട്ടത്. ജയസൂര്യ അതിനു മറുപടി പറയുകയായിരുന്നു.

നടന്റെ തിരക്കഥ പൊളിഞ്ഞു എന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇപ്പോൾ ശരിക്കും എന്താണ് സംഭവിച്ചത്? മന്ത്രിയുടെ സംവിധാനമാണ് പൊളിഞ്ഞത്. അതിന്റെ ഉദാഹരണമാണ് 88 വയസ്സായ കർഷകന്റെ ആത്മഹത്യ. പുതുപ്പള്ളി തിരഞ്ഞെടുപ്പോ ജയസൂര്യയെ പരിപാടിയിലേക്കു ക്ഷണിച്ചതോ ഒന്നും ഞങ്ങളുടെ തിരക്കഥയല്ല. ഞാനൊരു കർഷകൻ ആയതുകൊണ്ട് എന്നോട് ജയസൂര്യ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഞാൻ എന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞു. നല്ല മനസ്സു കൊണ്ടാണ് അദ്ദേഹം പൊതുവേദിയിൽ അത് തുറന്നു പറഞ്ഞത്. അതുകൊണ്ട് ഇപ്പോൾ കർഷകരുടെ പ്രശ്നങ്ങൾ ഇന്ത്യ മുഴുവൻ അറിഞ്ഞു.

കഴിഞ്ഞ വർഷവും ഇതുപോലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. അന്ന് എല്ലാവരും റീത്ത് വയ്ക്കാൻ പോയി. ആത്മഹത്യ ചെയ്തിട്ട് റീത്ത് വയ്ക്കാൻ പോയിട്ട് കാര്യമില്ല, അതിനു മുൻപ് അവർക്കു വേണ്ടി ചെയ്യാനുള്ളതു ചെയ്യുകയാണ് വേണ്ടത്. ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ടു മാസം ശമ്പളം ഇല്ലാതെ ജീവിക്കാൻ പറ്റുമോ? കർഷകർ ചെയ്ത പണിയുടെ പ്രതിഫലം കിട്ടുന്നതു പോലും വായ്പ ആയിട്ടാണ്. ആ വായ്പ സർക്കാർ അടയ്ക്കാതെ മുടങ്ങിയാൽ പിന്നീട് ഒരു ബാങ്കിൽ നിന്നും ഞങ്ങൾക്കും കുട്ടികൾക്കും ഒരു ലോൺ പോലും കിട്ടാതെയാകും. ഒരു നെൽ കർഷകനും ഇവിടെ ലക്ഷപ്രഭുവായിട്ടില്ല. ഇവരാരും കോടീശ്വരൻ ആകാനല്ല ഈ തൊഴിലിലേക്കു വരുന്നത്, കൃഷിയോടുള്ള സ്നേഹവും ആത്മാർഥതയും കൊണ്ടാണ്. ഇപ്പോൾ കേരളത്തിലെ കാർഷികരംഗം നാശത്തിലേക്കാണ് പോകുന്നത്. ഭക്ഷ്യ സുരക്ഷ എന്നൊരു സംഭവം തന്നെ ഇല്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള ഒരു വലിയ ഗൂഢാലോചനയാണ് നടക്കുന്നത് എന്നു പോലും ഞാൻ സംശയിക്കുന്നു.

ചെരുപ്പു പോലും ഇടാതെ വയലിൽ പോയി കൃഷി ചെയ്യുന്ന പാരമ്പര്യമുള്ള മന്ത്രിയാണ്. അങ്ങനെ ഒരാൾ മന്ത്രിയായി വരുമ്പോൾ ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഞങ്ങളുടെ പ്രശ്നങ്ങളെല്ലാം അദ്ദേഹം പരിഹരിക്കും എന്നായിരുന്നു. നെൽ കർഷകന്റെ വേദന അറിയുന്ന മന്ത്രിയിൽനിന്ന് ഇങ്ങനെയുള്ള പെരുമാറ്റമല്ല പ്രതീക്ഷിച്ചത്. ഞങ്ങൾ കൊണ്ടു കൊടുക്കുന്ന നിവേദനം വായിച്ചു നോക്കി മാറ്റിവയ്ക്കുന്നതല്ലാതെ ഈ അഞ്ചു മാസമായി ഒന്നും ചെയ്തില്ല. ഞങ്ങളുടെ വേദന തിരിച്ചറിഞ്ഞ് ജയസൂര്യ അതു തുറന്നു പറഞ്ഞതാണോ ഇപ്പോൾ തെറ്റ്? അത് ജയസൂര്യ പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ ഉപവാസമിരുന്നപ്പോൾ മാധ്യമങ്ങളിൽ വാർത്ത വന്നത്. ഞാൻ പറഞ്ഞാൽ ഒരു 100 പേർ കേൾക്കുമായിരിക്കും പക്ഷേ ജയസൂര്യ പറഞ്ഞപ്പോൾ കേരളത്തിൽ മാത്രമല്ല, ഇന്ത്യ ഒട്ടാകെയുള്ള മലയാളികളും കർഷകരും കർഷക സ്നേഹികളും അതേറ്റെടുത്തു.

പലയിടത്തുനിന്നും ആളുകൾ എന്നെ വിളിക്കുന്നുണ്ട്. നാടിന്റെ നന്മയും ധാർമികതയും മാത്രമാണ് ജയസൂര്യ ആഗ്രഹിച്ചത്. അല്ലെങ്കിൽ ഈ പാവം പിടിച്ച കർഷകർക്കു വേണ്ടി സംസാരിച്ച് വിവാദത്തിൽ പെടേണ്ട ഒരു ആവശ്യവും ജയസൂര്യയ്ക്കില്ല. അദ്ദേഹം കാണിച്ച തന്റേടം ഒരു വലിയ സല്യൂട്ട് അർഹിക്കുന്നു. ഇത്രയും സംഭവം ഉണ്ടായതുകൊണ്ട് പണം തിരിച്ചു കൊടുക്കാനുള്ള കാര്യങ്ങൾ വേഗത്തിലാക്കുന്നുണ്ട്. കർഷകരുടെ പണം എത്രയും പെട്ടെന്ന് കൊടുക്കണം എന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കിൽ സപ്ലൈകോയുടെ ജി എമ്മും ചീഫ് സെക്രട്ടറിയും ഒക്കെ കോടതിയിൽ ഹാജരാകണം എന്ന് പറഞ്ഞിരിക്കുകയാണ്. ഇതും ഞങ്ങളുടെ തിരക്കഥ ആണോ?

എനിക്കു വളരെ വിഷമം ഉണ്ടാക്കിയ കാര്യമാണ് ആ കർഷകന്റെ ആത്മഹത്യ. എന്റെ പിതാവ് വേർപിരിഞ്ഞു പോയത് പോലെയാണ് എനിക്കു തോന്നുന്നത്. കാരണം എല്ലാ മര്യാദകളോടെയും ഈ ലോകത്തോട് വിട പറയേണ്ട ആൾ 88 ാമത്തെ വയസ്സിൽ കീടനാശിനി കുടിച്ച് മരിക്കേണ്ടി വന്നെങ്കിൽ എന്തായിരിക്കും ഇനിയുള്ള തലമുറയുടെ അവസ്ഥ. വലിയ വിപ്ലവങ്ങളും സമരങ്ങളും വെല്ലുവിളികളും കണ്ട് വളർന്ന കുട്ടനാട്ടിലെ ഒരു കർഷകനാണ് ഈ അവസ്ഥ വന്നത്. വിപ്ലവവീര്യം പറഞ്ഞു നടക്കുന്ന ആൾക്കാരുടെ ഭരണത്തിലാണിത്. കാർഷികവൃത്തിയിൽ ഉള്ളത് കൂടുതൽ ഇടതുപക്ഷക്കാരാണ്. പക്ഷേ അവരെല്ലാം ഇന്ന് അസ്വസ്ഥരാണ്. പക്ഷേ കുറേക്കാലമായി ഈ സർക്കാർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. വലിയ വേദനയുണ്ട്. ഇനിയുള്ളവരെങ്കിലും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കൊടുക്കേണ്ട പണം എത്രയും പെട്ടെന്ന് കൊടുത്തു തീർക്കാൻ മന്ത്രിയുടെ സംവിധാനം കൊണ്ട് കഴിയട്ടെ എന്നാണ് പറയാനുള്ളത്.’’– കൃഷ്ണ പ്രസാദ് പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com