ആ വിഷമം എന്തെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നെങ്കിൽ: വികാരനിർഭരനായി പാര്‍ഥിപൻ
Mail This Article
വിജയ് ആന്റണിയുടെ മകളുടെ മരണത്തിൽ വികാരനിർഭരനായി പാര്‍ഥിപൻ. സ്വന്തം വീട്ടിൽ ഇങ്ങനെ സംഭവിച്ചാൽ എന്താകും എന്ന ഭയമാണ് ഉള്ളിലെന്നും ഈ വേർപാട് സഹിക്കാനുള്ള ശക്തി വിജയ് ആന്റണിക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നും പാർഥിപൻ പറഞ്ഞു.
‘‘എന്തു പറയണം എന്നറിയില്ല. എന്റെ അടുത്ത സുഹൃത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടം. ഇത് എന്റെ വീട്ടിൽ നടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന ഭയമാണ് ഉള്ളിൽ നിറയെ. വയസ്സായവർ നമ്മെ വിട്ടുപോകുമ്പോൾ ചെറിയൊരു സമാധാനം ഉള്ളിലുണ്ടാകും. പ്രായമായ അവസ്ഥയാണ്, ഇത്രയും ജീവിച്ചില്ലേ എന്നു ചിന്തിക്കും. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തിലോ, അവർ കല്യാണം കഴിഞ്ഞുപോകുന്നതു പോലും നമുക്ക് താങ്ങാനാകില്ല. ഈ വേർപാട് ക്രൂരമാണ്.
മനോവിഷമം നമ്മുടെ എല്ലാവരുടെയും ഉള്ളിലുള്ള അവസ്ഥയാണ്. ആത്മഹത്യയിലേക്കു നയിക്കാൻ ഇതാണ് കാരണമെന്ന് പലരും പറയാറുണ്ട്.
സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കുക. ഓരോ കുട്ടിയുടെയും കാര്യം അപ്പോൾ നേരിട്ട് അന്വേഷിക്കാൻ അധ്യാപകർക്കാകും. വീട്ടിലെ സാഹചര്യമല്ല സ്കൂളിൽ കുട്ടികൾക്ക് ലഭിക്കുന്നത്. ഒരുപാട് കൂട്ടുകാർ, ചർച്ച ചെയ്യാൻ നിറയെ വിഷയങ്ങൾ. ഈ കുട്ടിയും സ്കൂളിൽ മിടുക്കിയായിരുന്നു, സ്കൂള്‍ ലീഡറായിരുന്നു. ബോൾഡ് ആയ ക്യാരക്ടറായിരുന്നു അവളുടേതെന്ന് എല്ലാവരും പറയുന്നു. എന്നാൽ ഉള്ളിൽ എങ്ങനെയായിരുന്നുവെന്നും എന്തുമാത്രം കഷ്ടതകൾ അനുഭവിച്ചെന്നും ആർക്കും അറിയില്ല.
വിജയ് ആന്റണിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും എനിക്ക് വർഷങ്ങളായി അറിയാം. ഒരുപാട് നന്മയുള്ളവരാണ്. എന്ത് പ്രശ്നമായിരുന്നെങ്കിലും അവരോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഇനി മറ്റൊരു കുട്ടിക്കും അങ്ങനെ ഉണ്ടാകരുത്. കുട്ടികൾക്ക് മാനസിക ധൈര്യം കൊടുക്കണം. അത് പരീക്ഷപ്പേടിയോ എന്തുമാകട്ടെ, അതിനെ മനസ്സിൽ നിന്നു തൂക്കി എറിയുവാനുള്ള ധൈര്യം നൽകണം. ജീവിതം എത്രമാത്രം സന്തോഷപൂരിതമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം.’’–പാർഥിപൻ പറഞ്ഞു.