ADVERTISEMENT

വേണുവിന്റെയും സണ്ണി ജോസഫിന്റെയും ക്യാമറ അന്നാദ്യമായി തിരുവല്ല എസ് സിഎസ് കവലയെ ഒപ്പിയെടുത്തു.. കെ.ജി. ജോർജ് 1988 ൽ ദൂരദർശനുവേണ്ടി സംവിധാനം ചെയ്ത യാത്രയുടെ അന്ത്യം എന്ന ടെലിഫിലിം ആരംഭിക്കുന്നത് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ്. മന്ദാരത്തോപ്പ് എന്ന ബോർഡ് വച്ച ബസിൽ കഥാനായകൻ കയറുന്നതോടെ സിനിമയുടെ കഥ ചുരുളഴിയുന്നു. 

 

ബാക്കി ഭാഗങ്ങളെല്ലാം ചിത്രീകരിക്കുന്നത് അയിരൂർ തീയാടിക്കലിലും കുമ്പനാട്ടും ഇരവിപേരൂരിലും റാന്നിയിൽ പമ്പാ നദിയുടെ തീരത്തും മറ്റുമായിരുന്നു. സിനിമയിലെ യാത്രയുടെ അന്ത്യം കുറിയ്ക്കുന്ന മരണ രംഗത്തിനു വേദിയാകുന്നത് അയിരൂരിലെ പള്ളിയും മറ്റുമായിരുന്നു. എൺപതുകളുടെ ഒടുവിലെ തിരുവല്ല പട്ടണം ഈ സിനിമയിൽ നന്നായി ഉൾക്കൊള്ളിച്ചിരിക്കുന്നു. 

 

ജോർജിന്റെ പിതാവ് സാമുവൽ അറിയപ്പെടുന്ന എണ്ണച്ചായ ബോർഡ് ഡിസൈനറും കലാകാരനുമായിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന കെട്ടിടവും ഈ സിനിമയിൽ മിന്നിമറയുന്നു. 

ടെലിഫിലിമിൽ കെ.വി.കെ എന്ന നോവലിസ്റ്റായി മുരളിയും അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായി ഏബ്രഹാം എന്ന പേരിൽ എം. ജി സോമനും വേഷമിടുന്നു. ജീവിത പ്രതീക്ഷകളെ തച്ചുടച്ച് എത്തുന്ന അപ്രതീക്ഷിത മരണവും ഇതിനിടയിലും ജീവിതം കെടാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധാരണ മനുഷ്യർ സഹിക്കേണ്ടി വരുന്ന അതിജീവന സംഘർഷങ്ങളുമാണ് മധ്യതിരുവിതാംകൂറിന്റെ മനോഹര ദൃശ്യങ്ങളിലൂടെ ജോർജ് യാത്രയുടെ അന്ത്യത്തിൽ പുനഃസൃഷ്ടിച്ചത്. ഭാവിയിലുണ്ടാകാൻ പോകുന്ന മൂല്യച്ചോർച്ചകളും ജോർജ് അന്നേ ക്യാമറകണ്ണിലൂടെ കണ്ടു. 

 

പഴയ മോഡൽ ബസിനെ അടുത്തറിയാനും ഈ സിനിമ ഫ്ലാഷ് ബാക്ക് ഒരുക്കുന്നു.തിരുവല്ലയുടെ ക്രൈസ്തവ പശ്ചാത്തലത്തിനു പറ്റിയ ഗാനങ്ങളും ദൃശ്യങ്ങളുമായി നൊമ്പരം അവശേഷിപ്പിച്ചാണ് യാത്രയുടെ അന്ത്യം സമയരഥമേറുന്നത്. ജോർജിന്റെ ആദ്യകാല സിനിമകളിലൊന്നായ കോലങ്ങൾ നിർമിക്കുന്നതിനു സഹായം നൽകിയത് കവലയ്ക്കൽ കെ. ടി. വർഗീസ് എന്ന തിരുവല്ലക്കാരൻ പ്രവാസിയായിരുന്നു. തിരുവല്ല എസ് സിഎസ് സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും . ഡി.ഫിലിപ്പും പിന്നീട് നിർമാതാവായി..

 

പബ്ലിക് സ്റ്റേഡിയത്തിനും കിട്ടി സഹായം 

 

തിരുവല്ല പബ്ലിക് സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് പണം സമാഹരിക്കാൻ നടത്തിയ കലാപരിപാടികൾക്ക് തിരുവനന്തപുരത്തു നിന്നു പ്രമുഖ കലാകാരന്മാരെയും ചലച്ചിത്ര താരങ്ങളെയും എത്തിക്കുന്നതിൽ ജോർജ് മുൻകൈയെടുത്തു.

 

തിരുവല്ല ഗവ ആശുപത്രിക്കു സമീപം പുതുപ്പറമ്പു വീട്ടിൽ ജനിച്ച കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെ. ജി. ജോർജ് തിരുവല്ലയിൽ കൽപ്പനാ ഫിലിം സൊസൈറ്റിക്കു തുടക്കമിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് വരവറിയിക്കുന്നത്. 

 

ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി പിന്നീട് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു ചേക്കേറി. അക്കാലത്തെ പ്രശസ്തമായ ബ്ലിറ്റ്സ് വാരികയും മറ്റും പതിവായി വായിച്ച ജോർജിന്റെ ഉള്ളിൽ സിനിമയുടെ രാഷ്ട്രീയം നേരത്തെ വേരുറച്ചിരുന്നു.  പിന്നീട് സി. ബാബു എന്ന മലയാളം അധ്യാപകന്റെ നേതൃത്വത്തിൽ സുദൃശ്യ എന്ന ഫിലിം സൊസൈറ്റി രൂപീകരിച്ചു. സംവിധായകൻ ബ്ലെസിക്കും മറ്റും ജോർജ് ഗുരുതുല്യനായി മാറി. ജോർജിന്റെ അനുജൻ കെ. ജി സാമും കുടുംബവും ഇപ്പോൾ തിരുവല്ലയിലുണ്ട്. സാമിന്റെ ഭാര്യ ഡെൽസി സാം തിരുവല്ല നഗരസഭാ ആധ്യക്ഷയായും സേവനമനുഷ്ടിച്ചു. 

 

ജോർജ് ഗുരുതുല്യനായ  നാട്ടുകാരൻ: ബ്ലെസി

 

ഗുരുതുല്യനായ നാട്ടുകാരനെയാണ് കെ. ജി. ജോർജിന്റെ വേർപാടിലൂടെ നഷ്ടപ്പെടുന്നതെന്ന് പ്രശസ്ത സംവിധായകൻ ബ്ലെസി. സ്വപ്നാടനം എന്ന സിനിമ അദ്ദേഹം ചെയ്യുമ്പോൾ എനിക്കു പത്തുവയസ്സ്. പിന്നീട് ചലച്ചിത്ര രംഗത്തേക്ക് കാലൂന്നണം എന്ന മോഹം ഉദിച്ചതും ജോർജിനെപോലെയുള്ള കലാകാരന്മാരുടെ മികവ് കണ്ടിട്ടാണ്. ജോർജിലൂടെ സിനിമയിലെത്തിയ വ്യക്തിയാണ് ഞാൻ. 1983 ൽ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് പോയപ്പോഴും ചെന്നൈയിലെ വീട്ടിൽ പോയി കണ്ടിരുന്നു. തിരുവനന്തപുരത്ത് താമസമാക്കിയപ്പോൾ ഇടയ്ക്ക് ഏതാനും ചില പ്രോജക്ട് ചെയ്യാൻ ക്ഷണിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com