‘കണ്ണൂർ സ്ക്വാഡി’ന്റെ വിജയം വീട്ടിൽ ആഘോഷമാക്കി മമ്മൂട്ടി; ചിത്രങ്ങൾ
Mail This Article
‘കണ്ണൂർ സ്ക്വാഡി’ന്റെ വിജയം വീട്ടിൽ വച്ച് ആഘോഷിച്ച് മമ്മൂട്ടി. സംവിധായകനായ റോബി വർഗീസ് രാജ്, റോണി ഡേവിഡ്, സുഷിൻ ശ്യാം, ശബരീഷ് തുടങ്ങി സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാവരും തന്നെ വിജയം ആഘോഷിക്കാന്‍ എത്തിയിരുന്നു. നടൻ കുഞ്ചാക്കോ ബോബനും ആഘോഷത്തിൽ പങ്കെടുത്തു. മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിക്കുന്നത്.
ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. റോബി വര്‍ഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമെന്ന പ്രത്യേകതയും കണ്ണൂർ സ്‍ക്വാഡിനുണ്ട്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും ചിത്രത്തിൽ നാല് പൊലീസ് ഓഫിസർമാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര. സിനിമയുടെ തിരക്കഥയൊരുക്കിയ റോണിയും മുഹമ്മദ് ഷാഫിയും 2018 ൽ കണ്ണൂർ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ നേരിൽ കണ്ടാണ് കഥ ഒരുക്കിയത്.
മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും ചിത്രത്തിൽ പറയുന്ന സംഘം അന്വേഷിക്കുന്ന കേസുകൾ സാങ്കൽപികമാണ്.