ദുൽഖറിന്റെ പിറന്നാളാണെന്ന് മറന്നുപോയിരുന്നു: വൈറൽ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി
Mail This Article
ദുൽഖർ സൽമാന്റെ കഴിഞ്ഞ പിറന്നാളിന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു. വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുകൊണ്ട് പങ്കുവെച്ച ചിത്രത്തിന് പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്നായിരുന്നു മമ്മൂട്ടി കൊടുത്ത അടികുറിപ്പ്. ദുൽഖറിന്റെ പിറന്നാളാണെന്ന് അറിയാതെയാണ് ആ ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ മമ്മൂട്ടി. ‘കണ്ണൂർ സ്ക്വാഡി’ന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘‘അത് ആക്സിഡന്റ്ലി ഇട്ട പോസ്റ്റാണ്. അവന്റെ പിറന്നാളാണെന്നത് ഇടാതെ പോയതാണ്, രാവിലെ പോസ്റ്റ് ചെയ്തതാണ്. മറന്നുപോയി. ആളുകൾക്ക് ട്രോൾ ചെയ്യാം അതിൽ കുഴപ്പമൊന്നുമില്ല. ട്രോൾ എപ്പോഴും മോഡേൺ കാർട്ടൂണുകളാണ്. ഇപ്പോഴാരും കാർട്ടൂൺ വരയ്ക്കാറില്ല.” മമ്മൂട്ടി പറഞ്ഞു.
‘മകന്റെ പിറന്നാൾ ദിനത്തിലും ശ്രദ്ധ മുഴുവൻ വാപ്പ കൊണ്ടുപോവുകയാണല്ലോ’ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ടിട്ട് ‘മകന്റെ പിറന്നാൾ വിളിക്കാൻ വന്നതായിരിക്കും’, ‘ഏതാ ഈ ചുള്ളൻ? ദുൽഖറിന്റെ അനിയനോ’, ‘മകന്റെ പിറന്നാൾ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്.
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ട്. ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.