സിനിമാ നടനായല്ല, എന്റെ മകളുടെ അപ്പനായാണ് ഇവിടെ വന്നിരിക്കുന്നത്: കയ്യടി നേടി ജോണി ആന്റണിയുടെ പ്രസംഗം
Mail This Article
സെന്റ് തെരേസാസ് കോളജിലെ പെൺകുട്ടികളുടെ കയ്യടി നേടി നടനും സംവിധായകനുമായ ജോണി ആന്റണി. കോളജിൽ ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ജോണി ആന്റണി. മകൾ പഠിക്കുന്ന കോളജിലെ പിടിഎ അംഗം എന്ന നിലയിലാണ് ജോണി ആന്റണി എത്തിയത്. വളരെ സരസമായതും എന്നാൽ ഉപദേശവും ഉത്തേജകവുമായ ഒരു പ്രസംഗമാണ് ജോണി ആന്റണി കോളജിൽ നടത്തിയത്. ഹർഷാരവത്തോടെയാണ് കുട്ടികൾ ജോണി ആന്റണിയുടെ പ്രസംഗം ശ്രവിച്ചത്. താൻ ഇവിടെ വന്നിരിക്കുന്നത് നടനായിട്ടല്ലെന്നും സെന്റ് തെരേസാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അപ്പനായായിട്ടാണെന്നും പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ജോണി ആന്റണിയോടൊപ്പം സംവിധായകൻ ബേസിൽ ജോസഫും സംഗീത സംവിധായകൻ ഷാൻ റഹ്മാനും പരിപാടിയില്‍ പങ്കെടുത്തു. ‘ഫാലിമി’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു മൂവരും എത്തിയത്.
‘‘ഞാനിവിടെ വന്നിരിക്കുന്നത് ഒരു സിനിമാ താരമായല്ല. ഞാനെന്റെ മകളുടെ അപ്പൻ ആയിട്ടാണ് വന്നിരിക്കുന്നത്. ബേസിൽ ജോസഫ് പറഞ്ഞതുപോലെ ഞാൻ ഇവിടെ ഒരു പിടിഎ മെമ്പർ ആണ്. ഇതിന്റെ പിന്നിലേക്കുള്ള എന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഞാൻ ഒന്ന് ഓർമിപ്പിക്കാം. 2003 ൽ സിഐഡി മൂസ ചെയ്ത വർഷം തന്നെയാണ് എന്റെ മൂത്ത മകൾ ജനിച്ചത്. 2007ൽ ഏറ്റവും നല്ല കിൻഡർ ഗാർഡനിൽ അവളെ ചേർത്തു. തൊട്ടു പിന്നാലെ മൂന്നുവർഷം കഴിഞ്ഞപ്പോൾ അവളുടെ അനുജത്തിയെയും അവിടെ ചേർത്തു. അന്ന് ഞാൻ ഒരു സിനിമ സംവിധായകനാണ്. രണ്ടുമൂന്നു കൊല്ലം ഒക്കെ ആകുമ്പോൾ ഒരു പടം ചെയ്യാറുണ്ട്. പക്ഷേ 12 കൊല്ലം അങ്ങനെയുള്ള ഒരു സ്കൂളിൽ പിള്ളേരെ വിട്ട് പഠിപ്പിക്കാൻ ഒരു സിനിമ ചെയ്യുന്ന ആൾക്ക് കഴിയുമോ എന്ന് എനിക്ക് ആശങ്ക ഉണ്ടായിരുന്നു.
പക്ഷേ അന്ന് ഞാൻ അവിടെ നിന്ന് പ്രാർഥിച്ച പ്രാർഥനയുണ്ട്, ദൈവമേ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികളെ ഇവിടെ പഠിപ്പിച്ച് ഇറക്കാനുള്ള ഒരു ഭാഗ്യം എനിക്ക് തരണേ. മൂന്നുകൊല്ലം മുമ്പ് മൂത്തമകൾ അവിടെ നിന്നും പഠിച്ചിറങ്ങി രണ്ടാമത്തെ മകൾ ഇപ്പോൾ അവിടെ 12ാം ക്ലാസ്സിൽ പഠിക്കുകയാണ്. മക്കൾ അവിടെ പഠിക്കുമ്പോൾ എല്ലാ വർഷവും ഇതുപോലെയൊക്കെ അവിടെ പോകും. മൂത്ത മകൾ അവിടെ ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുമ്പോഴാണ് ഞാൻ ഒരു സിനിമ സംവിധായകനാണെന്ന് സ്കൂളിലുള്ള എല്ലാവരും അറിഞ്ഞു കേട്ട് വരുന്നത്. ഒരു ദിവസം അവിടുത്തെ അച്ചൻ എന്നെ വിളിപ്പിച്ചിട്ട് ചോദിച്ചു, ‘‘എന്തുണ്ട് വിശേഷം. എങ്ങനെയാണ് ഈ മമ്മൂട്ടിയും മോഹൻലാലും ഒക്കെ’’. ഞാൻ പറഞ്ഞു, ‘‘അവരൊക്കെ വളരെ നല്ല മനുഷ്യരാണ് അച്ചോ’’.
അദ്ദേഹം ചോദിച്ചു, ‘‘നമ്മുടെ ആനുവൽ ഡേ വരുവല്ലേ, അവരെ ഒന്ന് വിളിച്ചാലോ’’ എന്ന്. ഞാൻ പറഞ്ഞു, ‘‘അച്ചോ ആഗ്രഹിക്കുന്നതിന് ഒരു പരിധിയുണ്ട് എന്നെക്കൊണ്ട് അതൊന്നും സാധിക്കില്ല’’. പിന്നെ പിള്ളേർ പറഞ്ഞ താരങ്ങളെയൊക്കെ എങ്ങനെയോ ഞാൻ ഒപ്പിച്ചു കൊടുത്തു. അങ്ങനെ ഓരോ വർഷവും പിള്ളേര്‍ പറയുന്ന താരങ്ങളെ അവിടെ കൊണ്ടുവരേണ്ട ഒരു ജോലി എനിക്ക് ഉണ്ടായിരുന്നു. ഒരു പ്രാവശ്യം ആസിഫ് അലിയെ വേണമെന്ന് ഒരു ഡിമാൻഡ്. ആസിഫും ആയിട്ട് അന്ന് എനിക്ക് യാതൊരു പരിചയവുമില്ല. ഞാനെങ്ങനെ പുള്ളിയോട് ചോദിക്കും. ഇവർ ആണെങ്കിൽ ഒരു ഡേറ്റ് അങ്ങ് ഫിക്സ് ചെയ്യും. അന്ന് വന്നോണം. അല്ലാതെ താരങ്ങളുടെ ഡേറ്റ് നോക്കിയൊന്നും അല്ല ഇവർ പരിപാടി ഫിക്സ് ചെയ്യുന്നത്. അത് വലിയ കഷ്ടമാണ്, അവർക്ക് ഷൂട്ടിങ് ഉണ്ടാവും. മാത്രമല്ല അവർക്ക് ഈ പരിപാടിക്ക് വന്നിട്ട് ഒന്നും കിട്ടാനില്ല. പിന്നെ ഞാനൊരു പാവം അപ്പൻ എന്ന സെന്റിമെന്റ്സ് വച്ചിട്ടാണ് ഇവരൊക്കെ വരുന്നത്.
പരിപാടിയുടെ തലേദിവസം എന്റെ ഭാര്യയുടെ ഒരു ഇടപെടൽ ഉണ്ടാകും. ‘‘കുട്ടികൾ ചോദിക്കുന്നു ആസിഫ് വരുമോ?’’. ഞാൻ പറയും , ‘‘ശ്രമിക്കുന്നുണ്ട്’’. ലാസ്റ്റ് ഇവരുടെ ഒരു നമ്പർ ഉണ്ട് ആസിഫ് വന്നില്ലെങ്കിൽ ഇനി കുട്ടികൾ സ്കൂളിൽ പോകില്ല എന്നാ പറഞ്ഞേക്കുന്നെ. എന്റെ ദൈവാധീനം കൊണ്ട് ആസിഫ് അലി ആയിട്ടും കുഞ്ചാക്കോ ബോബൻ ആയിട്ടും വിനീത് ശ്രീനിവാസൻ ആയിട്ടും കാവ്യമാധവൻ ആയിട്ടും നാദിർഷ ആയിട്ടും ഒക്കെ ഓരോരുത്തർ ഓരോ വർഷം വന്നുകൊണ്ടിരുന്നു.
ഇവിടെ സെന്റ് തേരേസാസിൽ ഞാനായിട്ട് ഒരു നടനെ വിളിക്കാൻ പോകേണ്ട ആവശ്യമില്ല, കാരണം ഇവിടെ എവിഎം സ്റ്റുഡിയോ പോലെയാണ്. എപ്പോഴും സെലിബ്രിറ്റീസ് വരുന്ന സ്ഥലമാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം എന്നോട് മകൾ പറയുന്നത്, ‘‘അപ്പ ഒരു പ്രശ്നമുണ്ട്, സെലിബ്രിറ്റിസിനെ കൊടുക്കണം. അവർക്ക് വിനീത് ശ്രീനിവാസന് വേണമെന്നാണ് പറയുന്നത്’’. വിനീതിനെ എനിക്ക് പരിചയമുണ്ട്, എന്റെ സുഹൃത്താണ് ഞാൻ അനിയനെ പോലെ കാണുന്ന ആളാണ്. ഞാൻ വിനീതിനോട് പറഞ്ഞു, ‘‘വിനീതേ ഇനി ജീവിതത്തിൽ ഒരിക്കലും ഞാൻ വിനീതിനോട് ഒരു കാര്യം ചോദിക്കില്ല ഇത് മാത്രം ഒന്ന് ചെയ്തു തരണം’’. വിനീത് പറഞ്ഞു, ‘‘എന്താ ജോണി ചേട്ടാ ഇങ്ങനെയൊക്കെ പറയുന്നത്’’. ഞാൻ പറഞ്ഞു, ‘‘അത് അങ്ങനെയാണ്’’. അങ്ങനെ വിനീത് 16ാം തിയതി വരാമെന്ന് പറഞ്ഞു.
പക്ഷേ അപ്പോഴേക്കും ഡേറ്റ് ക്ലാഷ് ആയി. വിനീതിന്റെ സിനിമയുടെ ഷൂട്ട് തുടങ്ങുന്നു. അപ്പോൾ ഞാൻ മകളോട് പറഞ്ഞു, ‘‘മോളെ വിനീതിന് ഷൂട്ട് ഉണ്ട്. വരവ് നടക്കില്ല, ഇനി എന്ത് ചെയ്യും’’. അപ്പോൾ മകൾ പറഞ്ഞു, എന്നാൽ പിന്നെ ഇനി ഉത്തമനായ ഒരാളെ ഉള്ളൂ വരാൻ ബേസിൽ ജോസഫ്. അപ്പൊ ഞാൻ വിചാരിച്ചു വിശുദ്ധന്മാരെ ഒക്കെയേ ഇവർ വിളിക്കു, വിശുദ്ധ വിനീത് ശ്രീനിവാസൻ, വിശുദ്ധ ബേസിൽ ജോസഫ്, ഇവിടെ വന്നപ്പോൾ വിശുദ്ധ ഷാൻ റഹ്മാൻ ഇരിക്കുന്നു. അങ്ങനെ നല്ല കുട്ടികളെ മാത്രം വിളിക്കുന്ന നല്ലൊരു കോളജ്. അങ്ങനെ ഞാൻ ബേസിലിനോട് കാര്യം പറഞ്ഞു. ബേസിൽ പറഞ്ഞു, ‘‘ജോണി ചേട്ടാ ഇത് സംഭവം എങ്ങനെയാണ്’’. ഞാൻ പറഞ്ഞു, ‘‘ഒന്നുമില്ല ബേസില്‍ അവിടെ വരെ ഒന്ന് വന്നു തന്നാൽ മതി’’. അങ്ങനെ ബേസിൽ വരാമെന്ന് പറഞ്ഞു, സന്തോഷം.
രണ്ടുദിവസം കഴിഞ്ഞപ്പോൾ മകൾ എന്നോട് പറഞ്ഞു അപ്പൻ കൂടി വരാമോ എന്ന്. ഞാൻ ചോദിച്ചു മോളെ ഇത് ഒരുമാതിരി മസാല ദോശയുടെ കൂടെ വട വരുന്നതുപോലെയല്ലേ. സൈഡിൽ ഇരുന്നോട്ടെ വേണ്ടെങ്കിൽ വടയെടുത്ത് കളയാമല്ലോ. മകൾ പറഞ്ഞു, അല്ല അപ്പനും വേണം. ഞാൻ ബേസിലിനെ വിളിച്ചു പറഞ്ഞു ബേസിലെ ഞാനും കോളജിൽ വരുന്നുണ്ട്. അപ്പോൾ ബേസിൽ ഒറ്റ ചോദ്യം "നിങ്ങൾ എന്തിനാ വരുന്നേ?". അപ്പോൾ ഞാൻ പറഞ്ഞു, ‘‘ഞാൻ എന്റെ മകളുടെ അപ്പൻ ആയിട്ട് വരാം’’. അപ്പോൾ ബേസിൽ പറയുകയാണ്, ‘‘ഒരു ഡിമാൻഡ് ഉണ്ട് ഞാൻ എത്തുന്നതിന് 10 മിനിറ്റ് മുമ്പ് അവിടെ എത്തണം’’. ഞാൻ പറഞ്ഞു ഞാൻ ഉറപ്പായിട്ടും എത്തും. അപ്പോൾ അവൻ പറയുവാ ഞാൻ സംസാരിച്ചതിനുശേഷം മാത്രമേ സംസാരിക്കാവൂ, ഞാൻ പറഞ്ഞു,‘‘ ശരി അതും ഓക്കേ’’.. അവൻ അങ്ങനെയാണ് എന്നോട് പറഞ്ഞത് എന്നിട്ട് കണ്ടോ ഇവൻ ഇവിടെ വന്ന് പറഞ്ഞത് എന്താ.
പക്ഷേ ഒരു കാര്യം എനിക്ക് പറയാതിരിക്കാൻ വയ്യ. നമ്മുടെ ജീവിതത്തിൽ ഒരുപാട് പേര് പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ബേസിലിനെ പരിചയപ്പെടുമ്പോൾ നമ്മൾ ആഗ്രഹിച്ചു പോകും ബേസിലിനെ പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന്. അത്ര നിഷ്കളങ്കനാണ് ബേസിൽ ജോസഫ്.
‘പാൽത്തു ജാൻവർ’ എന്ന സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. എന്നെക്കാൾ പ്രായം കുറഞ്ഞ ബേസിലിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഞാൻ ഒരിക്കൽ ബേസിനോട് പറഞ്ഞു സച്ചിൻ തെൻഡുൽക്കർ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റർ സഞ്ജു സാംസൺ ആണ്, സഞ്ജുവിനെ എനിക്കൊന്ന് പരിചയപ്പെടണം. അപ്പോൾ ബേസിൽ പറഞ്ഞാൽ എന്താ ജോണി ചേട്ടാ ഞാൻ പരിചയപ്പെടുത്തി തരാമല്ലോ. അങ്ങനെ ബേസിൽ വിചാരിച്ചത് കൊണ്ടാണ് എനിക്ക് സഞ്ജു സാംസനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞത്. അങ്ങനെ ഇപ്പോൾ ബേസിൽ ഈ പരിപാടിക്കും ഞാൻ വിളിച്ചിട്ട് വന്നു. ഞാൻ വിളിച്ചപ്പോൾ ഇവിടെ വന്നതിന് ബേസിനോട് നന്ദി പറയുന്നു, അതുപോലെ ഇവിടെ വന്നപ്പോഴാണ് ഷാൻ റഹ്മാനെ കാണുന്നത്, ഒരു പിതാവ് എന്നുള്ള നിലയിൽ ഞാൻ ഷാനിനും നന്ദി പറയുന്നു.
കുട്ടികളോട് എനിക്ക് പറയാനുള്ളത്, ബേസിൽ പറഞ്ഞതുപോലെ നിങ്ങളുടെ മാനേജ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളിൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം നിങ്ങൾ ചെയ്യണം, കല ആയിക്കോട്ടെ കായികമായിക്കോട്ടെ സേവനമായിക്കോട്ടെ, ഒരിക്കലും നിങ്ങൾ ഒന്നുമല്ലാതെ ആകരുത് എന്തെങ്കിലുമൊക്കെ ചെയ്യണം. അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്തത് കൊണ്ടാണ് ബേസിൽ ജോസഫ് ഇപ്പോൾ ബേസിൽ ജോസഫ് ആയി ഇവിടെ ഇരിക്കുന്നത്. അതുകൊണ്ട് കിട്ടുന്ന ഒരു അവസരവും കളയരുത്. എന്റെ മകൾ സെന്റ് തെരേസാസിൽ ആണ് പഠിക്കുന്നത് എന്ന് അഭിമാനത്തോടെ ഞാൻ പറയുകയാണ്. ഒരു കാര്യം കൂടി ഞാൻ പറയുകയാണ് നിങ്ങളെല്ലാവരും ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും കുടുംബമായി തിയറ്ററിൽ പോയി സിനിമ കാണണം. സിനിമ കാണുന്നത് വളരെ നല്ലതാണ്. എന്റെ കുട്ടികളോട് ഞാൻ ഇഷ്ടംപോലെ സിനിമ കാണാൻ പറഞ്ഞിട്ടുണ്ട്.’’ ജോണി ആന്റണി പറഞ്ഞു.