പെട്ടി അങ്ങോട്ടു കൊടുത്തു, അറബി പെട്ടി ഇങ്ങോട്ടു തന്നു; നാടോടിക്കാറ്റിലെ വർഗീസ്
Mail This Article
അന്തരിച്ച നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് സെബാസ്റ്റ്യൻ സേവ്യര്‍ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നാടോടിക്കാറ്റ് എന്ന സിനിമയിൽ ജോണി അവതരിപ്പിച്ച വർഗീസ് എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഓർമകളാണ് സെബാസ്റ്റ്യൻ പങ്കുവയ്ക്കുന്നത്. കൊടും വില്ലൻ കഥാപാത്രങ്ങൾ ചെയ്ത ജോണിയുടെ ഏറെ വ്യത്യസ്തമായ വില്ലൻ വേഷങ്ങളിലൊന്നായിരുന്നു നാടോടിക്കാറ്റിലെ വർഗീസ് എന്ന് സെബാസ്റ്റ്യൻ പറയുന്നു.
സെബാസ്റ്റ്യൻ സേവ്യറിന്റെ വാക്കുകൾ:
‘‘എല്ലാം കറക്റ്റ്.. ഒരറബി ചുണ്ടത്ത് സിഗരറ്റ് വച്ചു.. ഞാനത് കത്തിച്ചു കൊടുത്തു.. അതായിരുന്നല്ലോ നമ്മുടെ സിഗ്നൽ.. നമ്മുടെ പെട്ടി അങ്ങോട്ടു കൊടുത്തു.. അവരുടെ പെട്ടി ഇങ്ങോട്ട് തന്നു..’’
വില്ലനായി വന്ന് പേടിയും വെറുപ്പുമൊക്കെ ജനിപ്പിച്ച കഥാപാത്രങ്ങൾ ഏറെയുണ്ട് കുണ്ടറ ജോണി എന്ന നടന്റെ ക്രെഡിറ്റിൽ.. അതിനിടയിൽ ചെങ്കോലിലെ പരമേശ്വരനും ആവനാഴിയിലെ സിഐ അലക്സും മേപ്പടിയാനിലെ ജേക്കബച്ചായനുമടക്കം ചുരുക്കം ചില കഥാപാത്രങ്ങൾ മാത്രമായിരിക്കും മേൽപറഞ്ഞ വില്ലൻ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ജോണി എന്ന അഭിനേതാവിനെക്കുറിച്ചോർക്കുമ്പോൾ നമ്മുടെ ഓർമയിലെത്തുക..
എന്നാൽ വില്ലനായിരിക്കെ, അഥവാ വില്ലന്റെ പക്ഷത്തായിരിക്കെത്തന്നെ പല രംഗങ്ങളിലും പ്രേക്ഷകരിൽ ചിരിയുണർത്തിയ ഒരു ജോണി കഥാപാത്രമാണ് നാടോടിക്കാറ്റിലെ വർഗീസ്. ആ ചിത്രത്തിലെ ആകെ മൊത്തമുള്ള ചിരിക്കൂട്ടിന്റെ ചേരുവകളിൽ വർഗീസിന്റെ പെടാപ്പാടുകൾക്കും ചെറുതല്ലാത്ത സ്ഥാനമുണ്ട്..
തന്റെ യജമാനനും മയക്കമരുന്ന് വ്യാപാരിയുമായ അനന്തൻ നമ്പ്യാർ ഏൽപ്പിച്ചിരിക്കുന്ന വലിയൊരു ദൗത്യവും പേറി സഹചരനൊപ്പം തമിഴ്നാട്ടിലെ ഒരു കടൽക്കരെ എത്തിയ വർഗ്ഗീസിന് പിന്നീട് നേരിടേണ്ടി വന്നത് താൻ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത വിധമുള്ള ദുരനുഭവങ്ങളാണ്. ഒടുക്കം സിഐഡികളിലൊരുവന്റെ പിസ്റ്റളിന്റെ മുന്നിൽ നിന്ന് ഓടി കഷ്ടിച്ച് രക്ഷപെട്ട് പരക്കംപാഞ്ഞ് യജമാനന്റെയടുത്തെത്തി തൊഴിലിൽ നിന്നുള്ള തന്റെ രാജി പ്രഖ്യാപിക്കുന്നതും പിന്നീട് എതിരാളികളെ വകവരുത്താൻ തന്നേക്കാൾ പ്രബലനായ പവനായിയെ വരുത്താൻ മുൻകയ്യെടുക്കുന്നതടക്കമുള്ള രംഗങ്ങളിൽ വർഗീസ് എന്ന 'വില്ലൻ' ഭയപ്പെടുത്തുകയോ വെറുപ്പിക്കുകയോ ചെയ്തിട്ടില്ല.. രസിപ്പിച്ചിട്ടേയുള്ളു.. സ്കൂൾകാലത്തെ നാടോടിക്കാറ്റിന്റെ ആദ്യ കാഴ്ചയിലുമതേ.. തുടർന്നുള്ള ഓരോ കാഴ്ചകളിലുമതേ..
അതിനാൽത്തന്നെ കുണ്ടറ ജോണിയെന്ന നടന്റെ കഥാപാത്രങ്ങളിൽ പ്രിയപ്പെട്ടവയായി ചെങ്കോലിലെ പരമേശ്വരനോടൊപ്പം ഞാൻ ചേർത്തു വയ്ക്കുന്നു ഈ വർഗീസിനെയും. മലയാള സിനിമയുടെ ഭാഗമായി നാലര പതിറ്റാണ്ടുകാലം പൂർത്തിയാക്കിയ നടന് ആദരാഞ്ജലികൾ നേരുന്നു