എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി: വേദനയോടെ മോഹൻലാൽ
Mail This Article
കുണ്ടറ ജോണിയുടെ വിടവാങ്ങലിൽ വേദനയിൽ തീർത്ത കുറിപ്പുമായി മോഹൻലാൽ. ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളെയാണ് നഷ്ടമായതെന്ന് മോഹൻലാൽ കുറിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യനായിരുന്നു ജോണിയെന്നും അദ്ദേഹം പറഞ്ഞു.
‘‘പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ.’’–മോഹന്‍ലാലിന്റെ വാക്കുകൾ.
കുണ്ടറ കാഞ്ഞിരകോട് കുറ്റിപ്പുറം വീട്ടിൽ ജോണി ജോസഫ് സിനിമാ രംഗത്തെത്തിയതോടെ കുണ്ടറ ജോണി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. 1979ൽ 23–ാം വയസ്സിൽ നിത്യ വസന്തം എന്ന സിനിമയിലൂടെയാണ് രംഗത്തെത്തുന്നത്.
നാടോടിക്കാറ്റ്, കിരീടം, ചെങ്കോൽ, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഭരത്ചന്ദ്രൻ ഐപി എസ്, ദേവാസുരം തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ വില്ലൻ വേഷത്തിലും സ്വഭാവനടനായും തിളങ്ങി. ചില സീരിയലുകളിലും വേഷമിട്ടു. മേപ്പടിയാൻ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.