ADVERTISEMENT

കഴിഞ്ഞ രണ്ടുവർഷത്തോളമായി പൊതുവേദികളിൽ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന രാജ് കുന്ദ്ര ഇതാദ്യമായി തന്റെ മാക്സ് അഴിച്ചു മാറ്റി മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. സ്വന്തം ജീവിതം ആസ്പദമാക്കിയെടുത്ത യുടി69 എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് കുന്ദ്ര മാസ്ക് ഊരി മാറ്റിയത്. ജയിലിൽ നിന്നിറങ്ങിയ ശേഷം തനിക്കു നേരിട്ട മാധ്യമ വിചാരണ കൊണ്ടാണ് മുഖം മാസ്ക് കൊണ്ട് മറയ്ക്കാൻ തീരുമാനമെടുത്തതെന്നും ഇനി മുതൽ മാസ്ക് ഇല്ലാതെയാകും തന്നെ കാണാന്‍ സാധിക്കുകയെന്നും കുന്ദ്ര പറഞ്ഞു.

‘‘ഞാൻ വേദനകൊണ്ടാണ് മുഖംമൂടി ധരിച്ചത്. മാധ്യമ വിചാരണ വേദനാജനകമായിരുന്നു. പൊലീസിലെ വിചാരണയേക്കാൾ വേദനാജനകമായിരുന്നു ഇത്. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നതിനാൽ ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അത് വളരെ വേദനിപ്പിച്ചു. അത് മറക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല,  എന്റെ ഫോട്ടോ എടുക്കുന്നതും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, പക്ഷേ എന്റെ ഭാര്യയേയും മക്കളേയും വെറുതെ വിടണം. 

അവളില്ലായിരുന്നുവെങ്കില്‍ ഞാന്‍ അതിജീവിക്കില്ലായിരുന്നു.  ജയിലിൽ വച്ചു തന്നെ എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അവളാണ് എനിക്ക് വിശ്വാസവും പ്രതീക്ഷയും നല്‍കിയത്. പുറത്ത് വരൂ, നമ്മളിത് ഒരുമിച്ച് പരിഹരിക്കുമെന്ന് അവൾ എന്നോട് പറഞ്ഞു. ആ 63 ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം. ആര്‍ക്കും അതുപോലൊന്ന് ഉണ്ടാകരുതേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാത്തിനും ഞാന്‍ ശില്‍പയോട് നന്ദി പറയുന്നു. അവളാണ് എന്റെ ലോകം. അനുഭവങ്ങൾ കരുത്തരാക്കും എന്നല്ലേ’’.– രാജ് കുന്ദ്ര പറയുന്നു 

അശ്ളീല ചിത്രം നിർമിച്ചതിന്റെ പേരിലാണ് ശിൽപ ഷെട്ടിയുടെ ഭർത്താവും നിർമാതാവുമായ രാജ് കുന്ദ്ര  ആരോപണം നേരിടുകയും ജയിലാവുകയും ചെയ്തത്.  രാജ് കുന്ദ്ര ആരോപണം നേരിട്ടതിനു പിന്നാലെ ഭാര്യ ശിൽപ ഷെട്ടിക്കും മക്കൾക്കുമെതിരെ വൻ തോതിലുള്ള സൈബർ ആക്രമങ്ങളാണ് ഉണ്ടായത്.  69 ദിവസമാണ് രാജ് കുന്ദ്ര ജയിലിൽ അടക്കപ്പെട്ടത്.  ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം മാസ്ക് ധരിച്ചു മാത്രമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയിരുന്നത്.  ജയിൽ ശിക്ഷയെക്കാൾ മാധ്യമങ്ങളുടെയും പൊതു ജനങ്ങളുടെയും വിചാരണയായിരുന്നു അതി കഠിനം എന്ന് രാജ് കുന്ദ്ര പറയുന്നു.  

തന്റെ ജയിൽ ജീവിതം ആസ്പദമാക്കി യുടി69 എന്ന സിനിമയുമായി എത്തുകയാണ് കുന്ദ്ര. ചിത്രം നിർമിച്ച് അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും കുന്ദ്ര തന്നെ.  ഷാനവാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

2009 ൽ  ആണ് രാജ് കുന്ദ്രയും ബോളിവുഡ് താരം ശിൽപ ഷെട്ടിയും  വിവാഹിതരായത്.  വിയാൻ, സമീഷ എന്നീ രണ്ടു മക്കളാണ് താരങ്ങൾക്കുള്ളത്.

English Summary:

Raj Kundra Removes Mask At UT 69 Trailer Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com