കണ്ണൂർ സെൻട്രൽ ‘ചാവേർ’ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണം: കാരണം പറഞ്ഞ് അബ്ദുള്ളക്കുട്ടി
Mail This Article
‘ചാവേർ’ സിനിമ കണ്ണൂർ സെൻട്രൽ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. അങ്ങനെ ചെയ്താൽ അന്തേവാസികളിൽ ചിലർ പൊട്ടിത്തെറിക്കുമെന്നും ചിലപ്പോൾ പല അപ്രിയ സത്യങ്ങളും ലോകം കേൾക്കുന്ന തരത്തിൽ വിളിച്ചു പറയുമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകൾ മുൻപും കണ്ടിട്ടുണ്ട് എന്നാൽ അതിന്റെ ഭീകരത കൃത്യമായി ആവിഷ്ക്കരിച്ച മറ്റൊരു സിനിമ ഇല്ലെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നു.
‘‘കണ്ണൂരിലെ ഒന്ന് രണ്ട് പഴയ എസ്എഫ്ഐ സഖാക്കൾ പറഞ്ഞത് കേട്ടിട്ടാണ് ‘ചാവേർ’ എന്ന സിനിമ കണ്ടത്. ഡ്രൈവർ രമേശനും, പാർട്ടി പ്രവർത്തകൻ ഹരിത്തിനൊപ്പം കണ്ണൂർ സവിതയിൽ നിന്നാണ് സിനിമ കണ്ടത്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര കൃത്യമായി അതിന്റെ ഭീകരത ആവിഷ്ക്കരിച്ച മറ്റൊരു സിനിമയില്ല..
സംവിധായകൻ ടിനു പാപ്പച്ചനും തിരക്കഥാകൃത്ത് ജോയ്മാത്യുവിനും അഭിനന്ദനങ്ങൾ. സിനിമ തുടങ്ങുമ്പോൾ നിങ്ങൾ എഴുതി കാണിച്ചില്ലേ. ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലാ എന്ന്. കണ്ണൂർക്കാരെ പറ്റിക്കാൻ നോക്കേണ്ട. കണ്ണൂരിലെ ഒരോ പ്രേക്ഷകനും അറിയാം, ഒരോ കഥാപാത്രത്തെയും. കൊലയാളികൾ സഞ്ചരിച്ച ജീപ്പ്, ക്രിമിനലുകൾ ഇടത്താവളമായി ഒളിവിൽ കഴിയുന്ന പാർട്ടി ഗ്രാമത്തിലെ പഴയ തറവാട്, അവസാനം അതിർത്തി സംസ്ഥാനത്തിലെ എസ്റ്റേറ്റ് ബംഗ്ലാവ്. പാർട്ടി നേതാക്കളുടെ ആജ്ഞ അനുസരിച്ച് ഭീകര കൃത്യം നടത്തുന്ന പാവം ചാവേറുകൾ അനുഭവിക്കുന്ന വേദനയും, ആകുലതയും, സംഘർഷവും... വളരെ ഭംഗിയായി സിനിമിയിൽ അവതരിപ്പിക്കുന്നുണ്ട്.
എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ സിനിമ കണ്ണൂർ സെൻട്രൽ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണം. എങ്കിൽ ഒരു കാര്യം ഉറപ്പാണ്. അന്തേവാസികളിൽ ചിലർ പൊട്ടിത്തെറിക്കും... ഒരുപക്ഷേ അവർ പല അപ്രിയ സത്യങ്ങളും ലോകം കിടുങ്ങുമാറുച്ചത്തിൽ വിളിച്ചു പറയും....
ഈ സിനിമയിൽ കൊലയാളികൾ ... ഒളിവിൽ, എസ്സ്റ്റേറ്റിൽ താമസിച്ചത് പോലെ മുടക്കോഴിമലയിലും മറ്റും ഏകാന്തവാസം നയിച്ച ചാവേറുകൾ കണ്ണൂർ ജയിലുണ്ട്. ഇത് ചാവേറുകളെ ഇരുത്തി ചിന്തിപ്പിക്കുന്ന സിനിമയാണ്.
ഈ സിനിമയിലെ ഏറ്റവും ഗംഭീരമായ രംഗം ക്രൂരമായികൊല്ലപ്പെട്ട തെയ്യം കലാകാരന്റെ മരണ വീടാണ്. രാഷ്ട്രീയമായി കൊല്ലപ്പെട്ടവരുടെ സകല വീടുകളിലും കേരളം കണ്ട ദയനീയമായ കാഴ്ച. വിങ്ങിപൊട്ടി കരയുന്ന കാരണവൻമാർ, അലമുറയിട്ട് കരയുന്ന അമ്മമാർ. ഒരു ഗ്രാമം മുഴുവൻ ദു:ഖിക്കുന്നത് എത്ര സൂക്ഷമായാണ് അഭ്രപാളിയിൽ ഒപ്പിയെടുത്തിരിക്കുന്നത്.
അതിൽ ഏറ്റവും ഹൃദയസ്പർശിയായി അവതരിച്ചത് വളർത്തു നായയുടെ വേദനാജനകമായ അന്തിമോപചാരമാണ്. ജന്തുക്കൾക്ക് ഓസ്കർ ഉണ്ടെങ്കിൽ ഈ നായയ്ക്ക് അവാർഡ് ഉറപ്പാണ്. ടിനു , സിനിമ സംവിധായകന്റെ കലയാണെന്ന് നിങ്ങള്‍ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഈ സിനിമായിലേ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഒരു പാട് പക്ഷിമൃഗാദികൾ അഭിനയിച്ച് തകർത്ത ചലച്ചിത്രമാണ് ചാവേർ. നായ, എട്ടുകാലി, പാറ്റ, ഉടുമ്പ്, പാമ്പ്, പരുന്ത്, കാക്ക, ഓന്ത്.. അങ്ങനെ അറിയുന്നതും അറിയപ്പെടാത്തതുമായ ഒരു പാട് ജീവികൾ ...കാലിക പ്രസക്തമായ ഇത്തരം സിനിമകൾ എല്ലാ കാലത്തും മലയാള സിനിമയ്ക്ക് മുതൽ കൂട്ടാണ് ഇത്തരത്തിൽ ഒരു സിനിമ നിർമിക്കാൻ തുനിഞ്ഞിറങ്ങിയ വേണു കുന്നപ്പള്ളിയും അരുൺ നാരായണനും സഹപ്രവർത്തകരും അഭിനനന്ദനങ്ങൾ അർഹിക്കുന്നു. അഭിനയ ജീവിതത്തിൽ വേറിട്ട കഥാ പാത്രങ്ങൾ ചെയ്യുന്ന കുഞ്ചാക്കോ ബോബനും ടീമിനും, പ്രത്യേകിച്ച് എന്റെ പഴയ സഖാവ് ജോയിക്കും..അഭിനന്ദനങ്ങൾ.’’–അബ്ദുള്ളക്കുട്ടി പറഞ്ഞു.