മുടക്ക് 200 കോടി, ആദ്യ ദിന കലക്‌ഷൻ വെറും 2 കോടി; ദുരന്തമായി ‘ഗണപത്’
Mail This Article
ബോക്സ്ഓഫിസിൽ ദുരന്തമായി ടൈഗർ ഷ്രോഫിന്റെ ‘ഗണപത്’. വികാസ് ബൽ സംവിധാനം ചെയ്ത ബിഗ് ബജറ്റ് സയൻസ് ഫിക്‌ഷൻ ചിത്രത്തിന്റെ ആദ്യ ദിന കലക്‌ഷൻ വെറും രണ്ടര കോടി രൂപ. ചിത്രത്തിന്റെ ആകെ മുതൽമുടക്ക് 200 കോടിയും. റിലീസ് ചെയ്ത് നാലാം ദിവസം പിന്നിടുമ്പോൾ ഇതുവരെ നേടിയത് വെറും 9 കോടി രൂപ മാത്രം.
ടൈഗർ ഷ്രോഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാകും ഈ ചിത്രം. ജാക്കി ബഗ്നനാനി, വശു ബഗ്നാനി, വികാസ് ബൽ എന്നിവർ ചേർന്നാണ്. 2070 ഭാവിയിൽ ലോകത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമയുെട പ്രമേയം.
ആദ്യദിനം അമ്പേ പരാജയപ്പെട്ട ചിത്രത്തിന് രണ്ടാം ദിനവും ദയനീയമായ കലക്‌ഷൻ ആണ് ഉണ്ടായത്. മൂന്നാം ദിവസവും രണ്ട് കോടിക്കു മുകളിൽ നേട്ടമുണ്ടാക്കാൻ ചിത്രത്തിനായില്ല.
അമിതാഭ് ബച്ചൻ, കൃതി സനോൺ, എല്ലിഅവ്റാം, റഹ്മാൻ, ഗിരിഷ് കുൽക്കർണി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. താരങ്ങളുടെ പ്രതിഫലത്തുക തന്നെ കോടികൾ വരും.
യാരിയാൻ 2വിനൊപ്പമായിരുന്നു ഗണപതിന്റെ റിലീസ്. ‘ലിയോ’ പുറത്തിറങ്ങി ഒരു ദിവസത്തിനു ശേഷം റിലീസിനെത്തിയ സിനിമയെ ഹിന്ദി പ്രേക്ഷകർ പൂർണമായും കയ്യൊഴിഞ്ഞു. അതേസമയം ‘ലിയോ’ ഹിന്ദി പതിപ്പ് അഞ്ച് ദിവസം കൊണ്ട് നേടിയത് 12 കോടി രൂപയാണ്.