എന്തൊരു അവസ്ഥ; ഞാനും കുടുംബവും സുരേഷ് ഗോപിക്കൊപ്പം: പിന്തുണച്ച് ബാബുരാജ് അടക്കമുള്ള താരങ്ങൾ
Mail This Article
മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകരുടെ പരാതിയിൽ താരത്തെ പിന്തുണച്ച് ബാബുരാജ് അടക്കമുള്ള സിനിമാ പ്രവർത്തകർ. സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്നാണ് ബാബുരാജ് കമന്റായി കുറിച്ചത്. ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം, സുരേഷ് ഗോപിക്കൊപ്പം എന്ന് നടി അനുമോളും സുരേഷേട്ടന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് സാധിക വേണുഗോപാലും കുറിച്ചു. മാധ്യമ പ്രവർത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് ഇവരുടെ പ്രതികരണം.
ബാബുരാജ്: കഷ്ടം എന്തൊരു അവസ്ഥ. വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല. കണ്ടിട്ടില്ല ......ഒരു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത് .... സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കു.
ശ്രീവിദ്യ മുല്ലചേരി: കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സാറിനെ എനിക്ക് അറിയാം, സർ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം. എന്നെ ഒരു മകളെ പോലെ തന്നെയാണ് കണ്ടിരുന്നതും, അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാൻ പറയുന്നു. എപ്പോഴും എപ്പോഴും സുരേഷ് സാറിനൊപ്പം.
പൊന്നമ്മ ബാബു: സുരേഷ് ഏട്ടാ... ആരു എന്ത് പറഞ്ഞാലും.. ഞാനും എന്റെ കുടുംബവും കൂടെയുണ്ട്.
അതേ സമയം, മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ, സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ശരീരത്തിൽ സ്പർശിച്ചതിനും ലൈംഗികച്ചുവയോടെ സംസാരിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകൾ ചേർത്താണു കേസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കും.
മാധ്യമപ്രവർത്തക ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. തുടർനടപടികൾക്കായി കമ്മിഷണർ പരാതി ടൗൺ അസിസ്റ്റന്റ് കമ്മിഷണർക്കു കൈമാറിയതിനെ തുടർന്നാണു കേസെടുത്തത്. കേരള പത്രപ്രവർത്തക യൂണിയന്റെ പരാതിയിൽ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുമുണ്ട്.