കങ്കണയുടെ ‘തേജസ്’ കാണാൻ ഒരാൾ പോലുമില്ല; വൻ ദുരന്തമെന്ന് തിയറ്റർ ഉടമകളും
Mail This Article
ബോക്സ്ഓഫിസ് ദുരന്തമായി കങ്കണ റണൗട്ടിന്റെ ‘തേജസ്’. ആദിപുരുഷ്, ഗണപത്, യാരിയാൻ 2 എന്നീ ചിത്രങ്ങൾക്കു ശേഷം ബോളിവുഡിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് തേജസ്. സിനിമയുടെ നാലാം ദിവസം ആകെ കിട്ടിയ കലക്‌ഷൻ 40 ലക്ഷമാണ്. 60 കോടി മുടക്കിയ സിനിമയ്ക്ക് നാലു ദിവസം കൊണ്ട് നേടാനായത് വെറും 4.15 കോടി രൂപയാണ്.
മിക്ക തിയറ്ററുകളിലും കാണാൻ ആളില്ലാത്തതുകൊണ്ട് ഷോ മുടങ്ങിയ അവസ്ഥയിലാണ്. ഞായറാഴ്ച പോലും സിനിമ കാണാൻ ഒരാളുപോലും വരാതിരുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് വിതരണക്കാർ പറയുന്നു.
തേജസ് ഈ വര്‍ഷത്തെ വലിയ ബോക്സ്ഓഫിസ് ദുരന്തമാണെന്നാണ് ബിഹാറിലെ തിയറ്റര്‍ ഉടമയായ വിശേക് ചൗഹാന്‍ പറഞ്ഞത്. ‘‘ഒരാള്‍ പോലും കാണാന്‍ വരാത്തതു കൊണ്ട് ഈ വര്‍ഷം ഇതാദ്യമായി എന്റെ തിയറ്ററിലെ മോണിങ് ഷോ കാന്‍സലായി. ബാക്കി ഷോകള്‍ക്ക് കഷ്ടിച്ച് 30 പേരാണ് വന്നത്.’’വിശേക് പറഞ്ഞു. കാണാന്‍ ഒരാള്‍ പോലും വരാത്തതിനാല്‍ തേജസിന്റെ 15 ഷോകള്‍ കാന്‍സലായി എന്ന് സൂറത്തിലെ മള്‍ട്ടി പ്ലസ് ഉടമയായ കിരിത്‌ഭാസ് ടി. വഗാസിയ പറഞ്ഞു.
‘‘10 പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾ ഒരു ഷോ കളിക്കൂ. തേജസിനു കുറഞ്ഞത് 4-5 കാഴ്ചക്കാരെങ്കിലും ഏതെങ്കിലും ഷോയ്‌ക്കെങ്കിലും എത്തുമെന്ന് ഞങ്ങൾ കരുതി. അതും നടന്നില്ല. ഞായറാഴ്ചയും ഇതേ സാഹചര്യം ആവർത്തിച്ചു. തേജസിനെ കുറിച്ച് അന്വേഷിക്കാൻ പോലും ആരും എത്തിയിട്ടില്ല. അവസാനം പടം മാറ്റി വിജയ്‌യുടെ ‘ലിയോ’ പ്രദര്‍ശിപ്പിക്കുകയായിരുന്നു.’’–കിരിത്‌ഭാസ് പറയുന്നു.
‘‘ഞായറാഴ്ച, 100 പേരെത്തിയിരുന്നു. എന്നാൽ ബാക്കി ഷോകളിൽ 100 ൽ താഴെ മാത്രമായിരുന്നു ആളുകൾ. തിരക്ക് കുറവാണെങ്കിലും, പ്രവൃത്തിദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് 20 രൂപയിൽനിന്ന് കുറച്ചുകൊണ്ട് തേജസ് പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. എന്നിട്ടും ആളുകൾ വന്നില്ല.’’ മുംബൈയിലെ ഗെയ്റ്റി ഗാലക്‌സിയുടെ ഉടമ മനോജ് ദേശായി പറഞ്ഞു.
സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച തേജസ് സിനിമയിൽ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റായാണ് കങ്കണ അഭിനയിക്കുന്നത്. തുടർച്ചയായ പരാജയങ്ങളോടെ ബോളിവുഡിലെ എ ലിസ്റ്റ് നടിമാരിൽനിന്നു കങ്കണയുടെ സ്ഥാനം താഴേക്കു പോയി. 12 കോടി രൂപയായിരുന്നു തേജസിൽ കങ്കണയുടെ പ്രതിഫലം. ഈ സിനിമയും പരാജയമായതോടെ പ്രമുഖ നിർമാണക്കമ്പനികളെല്ലാം നടിയെ കൈവിട്ട അവസ്ഥയിലാണ്. പുതിയ പ്രോജക്ടുകളൊന്നും സമീപകാലത്ത് നടിയുടേതായി പ്രഖ്യാപിച്ചിട്ടുമില്ല.
ഇതിനു മുമ്പ് കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ചിത്രം ‘ചന്ദ്രമുഖി 2’ ബോക്‌സ്ഓഫിസില്‍ വലിയ പരാജയമായിരുന്നു. 2022 ല്‍ കങ്കണ നായികയായി എത്തിയ ധക്കഡ് എന്ന ഹിന്ദി ചിത്രവും ദുരന്തമായിരുന്നു. 85 കോടി മുടക്കിയ ചിത്രത്തിന് ആകെ നേടാനായത് 4 കോടി രൂപയാണ്.
പുതിയ സിനിമയ്ക്ക് ഫ്രീ ടിക്കറ്റ് അടക്കമുള്ള ഓഫറുകൾ നൽകിയിട്ടും പ്രേക്ഷകര്‍ കൈവിടുന്ന അവസ്ഥയാണ്. അതേസമയം തിയറ്ററുകളിൽ പ്രേക്ഷകർ എത്തിയില്ലെങ്കിൽ തിയറ്ററുകൾ നഷ്‍ടത്തിലാകുമെന്നും കുടുംബവുമൊത്ത് എല്ലാവരും ‘തേജസ്’ കാണാൻ എത്തണമെന്നും അഭ്യർഥിച്ച് കങ്കണ സമൂഹമാധ്യമങ്ങളിൽ എത്തുകയുണ്ടായി.
ടൈഗര്‍ ഷ്‌റോഫിന്റെ ഗണപത്' ആണ് ഈയടുത്ത് ബോളിവുഡില്‍ വലിയ പരാജയം സംഭവിച്ച മറ്റൊരു ചിത്രം. 200 കോടി മുടക്കിയ ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്‌ഷന്‍ ചിത്രത്തിന്റെ ആദ്യദിന വരുമാനം വെറും 2 കോടിയായിരുന്നു. ഒക്ടോബര്‍ 20-ന് റിലീസ് ചെയ്ത ചിത്രം ഏഴ് ദിവസം കൊണ്ട് 11.8 കോടി മാത്രമാണ് നേടിയത്.
‘എമര്‍ജന്‍സി’യാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അടിയന്തരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ അഭിനയിക്കുന്നത്.