ADVERTISEMENT

എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനു മുന്നിൽ നെഞ്ചു വിരിച്ച് നിൽക്കുന്ന അബ്രാം ഖുറേഷി. യുദ്ധസമാനമായ പശ്ചാത്തലം. സ്ഥലം ഇറാഖോ അഫ്ഗാനിസ്ഥാനോ? എംപുരാൻ ഫസ്റ്റ്ലുക്കിൽ ഒരുപാട് രഹസ്യങ്ങളാണ് പൃഥ്വിരാജ് സുകുമാരൻ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. കാരണം ഇതേ റഫറൻസ് ലൂസിഫറിന്റെ ആദ്യ ഭാഗത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവർധൻ എന്ന കഥാപാത്രം പറയുന്നുണ്ട്. ‘‘ഇവൻ ആരാണെന്നോ എവിടെ നിന്നാണെന്നോ ആർക്കുമറിയില്ല. പണ്ട് ഇറാഖിലും അഫ്ഗാനിസ്ഥാനും പോസ്റ്റ് വാർ റി കൺസ്ട്രക്‌ഷൻ വർക്ക് അടങ്കലിൽ എടുത്തു നടത്തിയിരുന്നുവെന്ന് എന്റെ ഡാർക് വെബ് റിസേർച്ചില്‍നിന്ന് അറിയാൻ സാധിച്ചു.’’ – ഇതാണ് ആ ഡയലോഗ്.

ഇതിനോട് സമാനമായ സൂചനയാണ് എംപുരാൻ ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ചില ഫാൻ തിയറികളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലൂസിഫറിന്റെ പ്രീക്വൽ ആയാകും എംപുരാൻ എത്തുന്നത്. സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്രാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്. ടൊവിനോ തോമസും ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ എത്തിയേക്കും. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനിലാകും പറഞ്ഞുപോകുന്നത്. ഇലുമിനാറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുൾ അഴിയുന്നതും ഈ ഭാഗത്തിലാകുമെന്ന് കേൾക്കുന്നു. ചിത്രത്തിന് ഒരു തുടര്‍ഭാഗം കൂടി ഉണ്ടായേക്കും. 

ഹെലികോപ്റ്റർ, ട്രക്ക് അടക്കമുള്ള വമ്പൻ വാഹനങ്ങളും മറ്റും കൃത്രിമമായി നിർമിക്കുകയായിരുന്നു. 2018 സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനറായ മോഹൻദാസ് ആണ് എംപുരാന്റെ കലാ സംവിധാനം.

ആശീർവാദ് സിനിമാസും ലൈക പ്രൊഡക്‌ഷൻസുമാണ് നിർമാണം. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.

മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

English Summary:

Secret behing Empuraan first look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com