ക്ലൈമാക്സിൽ ‘ദുൽഖർ’ ആയി എത്തിയത് റിയൽ റേസർ, ആ രഹസ്യം വെളിപ്പെടുത്തി അഞ്ജലി മേനോൻ
Mail This Article
ബാംഗ്ലൂർ ഡെയ്സ് ക്ലൈമാക്സിൽ ചിത്രീകരിച്ചിരിക്കുന്നത് യഥാർഥ സൂപ്പർ ക്രോസ് റേസിങ് മത്സരമാണെന്ന് വെളിപ്പെടുത്തി സംവിധായിക അഞ്ജലി മേനോൻ. അങ്ങനെയൊരു റേസ് സെറ്റിട്ട് ചെയ്യാനുള്ള ബജറ്റ് ആ സമയത്ത് ഇല്ലായിരുന്നുവെന്നും അതുകൊണ്ട് പുണെയിൽ നടന്ന റേസിങ് മത്സരമാണ് ക്ലൈമാക്സിൽ കാണിക്കുന്നതെന്നും അഞ്ജലി മേനോൻ പറഞ്ഞു.
‘‘ബാംഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിങ്ങിനെപ്പറ്റി ഞാൻ ഒരുപാട് സംസാരിച്ചിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സില്‍ വലിയൊരു റേസ് ഉണ്ട്. സത്യത്തിൽ അങ്ങനെയൊരു റേസ് ചിത്രീകരിക്കാനുള്ള ബജറ്റ് ആ സമയത്ത് ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ആ സമയത്ത് പുണെയിൽ ഇതുപോലൊരു സൂപ്പർക്രോസ് ടൂർണമെന്റ് നടക്കുന്നുണ്ടെന്ന കാര്യം ഞങ്ങൾ അറിയുന്നത്.
Read more at: അങ്ങയെപ്പോലെ ആകാനാണ് എപ്പോഴും ശ്രമിക്കുന്നത്: ദുൽഖർ
വൈകിട്ട് ഏഴു മുതൽ പത്തു വരെയാണ് സൂപ്പർക്രോസ് റേസ് നടക്കുന്നത്. അന്നത്തെ നാഷനൽ ചാംപ്യനായ അരവിന്ദ് കെ.പി.യെ ഞങ്ങൾ കണ്ട് കാര്യങ്ങൾ പറഞ്ഞു. ദുൽഖർ സൽമാൻ ചെയ്ത അജു എന്ന കഥാപാത്രമായി അരവിന്ദിനെയാണ് റേസിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ അവിടെയെത്തി റേസ് ചിത്രീകരിക്കാനുള്ള തയാറെടുപ്പുകളൊക്കെ നടത്തി.
നിർഭാഗ്യവശാൽ ആദ്യ റേസിൽ അരവിന്ദ് പരാജയപ്പെട്ടു. എനിക്കും ആകെ വിഷമമായി. നമ്മുടെ ഹീറോയാണ് അയാൾ. അദ്ദേഹം പരാജയപ്പെട്ടാൽ ഇനി എന്തു ചെയ്യുമെന്ന് അറിയില്ല. ആകെ രണ്ട് റേസ് ആണ് അരവിന്ദിനുണ്ടായിരുന്നത്, ആദ്യ റേസും അവസാന റേസും. ഞങ്ങളുടെ ക്യാമറാമാനും ആവേശത്തിലായിരുന്നു. മുഴുവന്‍ ഫോക്കസും അരവിന്ദിനു നേരെയായിരുന്നു. അതുകൊണ്ട് റേസിനിടയിലുള്ള കുറച്ച് സമയങ്ങളിൽ ക്യാമറാമാൻ ഉണ്ടായിരുന്നില്ല.
ലാസ്റ്റ് റേസ് ആണ് ഇനി ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഭാഗ്യവശാൽ ക്യാമറ ക്രൂ അത് കൃത്യമായി പ്ലാൻ ചെയ്തു. ആ റേസിൽ അരവിന്ദ് വിജയിച്ചു. അതേ കഥാപാത്രം തോൽക്കുകയും ജയിക്കുകയും ചെയ്യുന്ന ഫൂട്ടേജ് ആണ് ഞങ്ങൾക്കവിടെനിന്നു ലഭിച്ചത്. ഞങ്ങൾ അത് ഒരുമിച്ച് എഡിറ്റ് ചെയ്തു. റേസിന്റെ തുടക്കത്തിൽ അജു പരാജയപ്പെടുന്നതായും അവസാനം അവൻ വിജയിക്കുന്നതായും കാണിക്കുവാനായി. സത്യത്തിൽ അതൊരു വലിയ ഭാഗ്യമായി കാണുന്നു.
ആ ക്ലൈമാക്സിൽ കാണുന്നതെല്ലാം റിയൽ ലൈഫ് ഫൂട്ടേജ് ആണ്. എന്നാൽ ഒരു ഡ്രാമ സൃഷ്ടിക്കപ്പെടുമ്പോൾ ഡ്രമാറ്റിക് നിമിഷങ്ങളും ഉണ്ടാകണം. അതിനാൽ ഞങ്ങളുടെ ആർട് ടീം അത് വളരെ മനോഹരമായി പുനഃസൃഷ്ടിച്ചു.’’ – അഞ്ജലി മേനോൻ പറയുന്നു.