രക്ഷപ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല: വെള്ളപ്പൊക്കത്തിൽ കുടുങ്ങി നടി കനിഹ
Mail This Article
ചെന്നൈയിൽ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാർട്മെന്റിൽ കുടുങ്ങിയ കനിഹയെ രക്ഷപ്പെടുത്തി ഫയർ ആൻഡ് റസ്ക്യൂ ടീം. വൈദ്യുതിയോ വെള്ളമോ ഇല്ലെന്നും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇവിടെ നിന്നും രക്ഷപ്പെടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും കനിഹ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നേരത്തെ താമസിക്കുന്ന അപ്പാർട്മെന്റിൽ നിന്നുള്ള ദൃശ്യങ്ങൾ കനിഹ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. പുറത്തിറങ്ങാൻ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പറയുകയുണ്ടായി. അതിശക്തമായ മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങൾ കനിഹ ഇന്നലെയും പങ്കുവച്ചിരുന്നു.
ചെന്നൈയിൽ വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വെളിപ്പെടുത്തി നടൻ റഹ്മാനും അനുഭവം പങ്കുവച്ചിരുന്നു. കനത്ത മഴയിൽ ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയെന്നും ചുഴലിക്കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീഴുന്നത് ബാൽക്കണിയിലൂടെ കണ്ടെന്നും റഹ്മാൻ മനോരമ ഓൺലൈനിനോടു പറഞ്ഞിരുന്നു.
മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനു പുറമേ, നദികൾ കരകവിയുകയും നഗരത്തിനു ചുറ്റുമുള്ള ജല സംഭരണികൾ തുറന്നുവിടുകയും ചെയ്തതോടെ ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചു. വെള്ളം നിറഞ്ഞ നഗരത്തിലെ എല്ലാ അടിപ്പാതകളും അടച്ചു. പെരുങ്ങുളത്തൂർ പ്രദേശത്ത് മുതല റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പ്രചരിച്ചതോടെ ജനം ആശങ്കയിലായി. വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഉച്ചയോടെ സൈന്യവും രംഗത്തെത്തി.
വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ്. റോഡുകളിൽ അഞ്ചടി വരെ വെള്ളമുയർന്നു. കുത്തിയൊലിച്ച വെള്ളത്തിൽ കാറുകൾ ഒഴുകിപ്പോയി. മരങ്ങൾ കടപുഴകി വീണു. ഗതാഗതവും വൈദ്യുതിയും നിലച്ചതോടെ പലയിടത്തും ജനങ്ങൾ ഒറ്റപ്പെട്ടു.