‘എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം’; പൊട്ടിക്കരഞ്ഞ് ശാലിൻ സോയ; വിഡിയോ
Mail This Article
‘കണ്ണകി’ എന്ന തമിഴ് സിനിമയുടെ പ്രിമിയറിൽ പൊട്ടിക്കരഞ്ഞ് നടി ശാലിൻ സോയ. സിനിമയിൽ ശാലിന്റെ അഭിനയം കണ്ട ഒരു പ്രേക്ഷക ഓടിവന്ന് ശാലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു. അഭിനന്ദനപ്രവാഹങ്ങളിൽ മനം നിറഞ്ഞ് വേദിയിൽ നിന്ന് ശാലിൻ പൊട്ടിക്കരഞ്ഞു. ഈ ദിവസം ജീവിതത്തിൽ താൻ എന്നെന്നും ഓർത്തുവയ്ക്കുമെന്നും സിനിമ കണ്ട് നിങ്ങൾ ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കില്ല എന്നും ശാലിൻ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘‘ഈ ദിവസം ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ഇത് കണ്ണകിയുടെ ആദ്യത്തെ ഷോയും ആദ്യത്തെ പ്രതികരണവുമാണ്. ‘എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം’ എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ എഴുന്നേറ്റ് വന്നത് ഞാൻ ഒരിക്കലും മറക്കില്ല. സിനിമ കണ്ടു നിങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതും മറക്കില്ല. ദൈവമേ അങ്ങയുടെ കരുണയിൽ ഞാൻ നന്ദിയുള്ളവളാണ്.’’ ശാലിൻ സോയ കുറിച്ചു.
സമൂഹാധിപത്യത്താൽ ജീവിതം ദുരിതമായ നാല് സ്ത്രീകളുടെ കഥ പറയുന്ന തമിഴ് സിനിമയാണ് കണ്ണകി. സമൂഹം രൂപകൽപ്പന ചെയ്ത സ്റ്റീരിയോടൈപ്പുകളിൽ നിന്ന് മോചനം നേടാനുള്ള ഒരു സ്ത്രീയുടെ പോരാട്ടവും സന്തോഷത്തോടെ ജീവിക്കാനുള്ള അവളുടെ നിരന്തര പരിശ്രമത്തിലൂടെ അവരിൽ അടിച്ചേൽപ്പിക്കുന്ന പരിമിതികളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
യശ്വന്ത് കിഷോർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി പാണ്ഡ്യൻ, അമ്മു അഭിരാമി, വിദ്യ പ്രദീപ്, ശാലിൻ സോയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡിസംബർ 15 ന് തിയറ്ററുകളിൽ എത്തും.