കേരളത്തിലെ പൊതുസമൂഹം ഗായത്രിക്കൊപ്പം നിന്നു: വി. ശിവൻകുട്ടി
Mail This Article
നടിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വർഷയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫാസിസ്റ്റ് നയങ്ങൾക്കെതിരെ സംസാരിച്ചതിന് സൈബർ ആക്രമണം നേരിട്ട വ്യക്തിയാണ് ഗായത്രി വർഷയെന്നും കേരളത്തിലെ പൊതുസമൂഹം പക്ഷേ ഗായത്രിക്കൊപ്പം നിന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. ഗായത്രിക്കൊപ്പമുളള ചിത്രം പങ്കുവച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. നവകേരള സദസ് കോട്ടയം പ്രഭാത യോഗത്തിൽ ഗായത്രിയും പങ്കെടുത്തിരുന്നു.
ടെലിവിഷൻ സീരിയലുകളെയും കേന്ദ്ര ഗവൺമെന്റിനെയും വിമർശിച്ചുള്ള ഗായത്രിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൈറൽ പ്രസംഗത്തിനെതിരെ നടന്നത് സംഘടിത സൈബർ ആക്രമണമെന്ന് മനോരമ ഓണ്‍ലൈനിനു നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞിരുന്നു.
ബിജെപി രഹസ്യമായി നടപ്പിലാക്കുന്ന സാംസ്കാരിക നയത്തെ തുറന്നു കാണിച്ചതുകൊണ്ടാണ് അതു സംഭവിച്ചത്. പ്രസംഗത്തിൽ നിന്ന് സീരിയലുകളുടെ ഉദാഹരണം അടർത്തിയെടുത്ത് വിമർശിക്കുന്നവർക്കും ഗായത്രി മറുപടി നൽകി.
ഇന്നു ഞാനുണ്ട ചോറു മാത്രമല്ല, എന്റെ അടുത്ത തലമുറയും അതിനടുത്ത തലമുറയും ഇതിലും ഭംഗിയായി ചോറുണ്ണണം എന്നുള്ളതുകൊണ്ടാണ് വിമർശനം ഉന്നയിച്ചതെന്ന് മനോരമ ഓൺലൈനിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഗായത്രി തുറന്നടിച്ചു.