ADVERTISEMENT

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ചീനാട്രോഫി’യെ പ്രശംസിച്ച് ബിജെപി പ്രവർത്തകൻ സന്ദീപ് ജി. വാര്യർ.  ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാൻ അവർ കാണിച്ച ചങ്കുറപ്പുമാണ് തന്നെ ആകർഷിച്ചതെന്ന് സന്ദീപ് വാര്യർ‍ പറയുന്നു.

“ചീനാ ട്രോഫി എന്ന ധ്യാൻ ശ്രീനിവാസൻ സിനിമ ഇന്നലെ കണ്ടു. ചെറിയ പടമാണ്. കുറച്ച് തമാശകൾ ഒക്കെയുള്ള ഒരു ഫീൽ ഗുഡ് മൂവി. പക്ഷേ എന്നെ ആകർഷിച്ചത് ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാൻ അവർ കാണിച്ച ചങ്കുറപ്പുമാണ്. മനുഷ്യാവകാശത്തെക്കുറിച്ച് പുരപ്പുറത്തു നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന കമ്യുണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ. ചൈന ടിബറ്റിൽ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് സിനിമയിൽ. അതിഷ്ടമായി. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാൽ കുറച്ച് നേരം ചിരിക്കാം.”–സന്ദീപ് വാര്യർ പറഞ്ഞു.

കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ പലഹാരങ്ങൾ നിർമിച്ച് കടകളിൽ വിതരണം ചെയ്ത് ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിനെ തേടി ചൈനയിൽ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ ഒരു രംഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായി നായിക പ്രതികരിക്കുന്ന ഒരു രംഗമുണ്ട്. എന്നാൽ സിനിമ കമ്യുണിസ്റ്റ് പാർട്ടിക്കെതിരെയല്ലായെന്ന് സംവിധായകൻ അരുൺ ലാൽ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

‘‘ചീനാട്രോഫി ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ അല്ല. എല്ലായിടത്തും നല്ലതും ചീത്തയും ഉണ്ടാകും. അതെല്ലാം ഒരു ബാലൻസിംഗിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഞാനും ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനും പഴയ എസ്എഫ്ഐ പ്രവർത്തകനുമാണ്. ചിത്രത്തിൽ ജോണി ആന്റണി അവതരിപ്പിച്ച ഇടതുപക്ഷ നേതാവിനെ പോലെയുള്ളവരെയാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്.’’–അരുൺ ലാലിന്റെ വാക്കുകൾ.

ധ്യാനിനൊപ്പം ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയും ഒന്നിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

English Summary:

Sandeep G Varrier About Cheenatrophy Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com