ഞങ്ങൾക്ക് പുല്ല് വിലയാണോ?: നിർമാതാവുമായി വഴക്കിട്ട് ധർമജൻ
Mail This Article
‘പാളയം പിസി’ എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെ ധർമജൻ ബോള്‍ഗാട്ടിയും നിർമാതാവും തമ്മിൽ നടന്ന വാക്ക് തര്‍ക്കത്തിന്റെ വിഡിയോ വൈറലാകുന്നു. സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘മെയ്ന്‍ സ്ട്രീം അക്ടേഴ്‌സ് ആരും വന്നിട്ടില്ല’ എന്ന് നിര്‍മാതാവ് മറുപടിയായി പറഞ്ഞു. അതാണ് ധർമജനെ ചൊടിപ്പിച്ചത്. ‘‘അതെന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ടേഴ്‌സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്' എന്ന് ചോദിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് തന്നെ ധര്‍മജന്‍ നിര്‍മാതാവിനോട് ക്ഷുഭിതനായി.
തന്റെ നാക്കുളുക്കിയതാണെന്നും മെയിന്‍സ്ട്രീം എന്ന് ഞാന്‍ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണെന്നും പിന്നീട് നിർമാതാവ് വിശദീകരിച്ചു. അവര്‍ വിട്ടുനിന്നതിനെ ന്യായീകരിക്കുകയല്ലെന്നും എല്ലാവരെയും ഒരുപോലെയാണ് ഈ പത്രസമ്മേളനത്തിന് ക്ഷണിച്ചതെന്നും നിര്‍മാതാവ് പറയുന്നുണ്ടെങ്കിലും, ആദ്യം പറഞ്ഞ ആ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടില്‍ ധര്‍മജന്‍ ഉറച്ചു നിന്നു. മഞ്ജു പത്രോസും അതിനെ പിന്തുണച്ചു.
സിനിമയുടെ പോസ്റ്ററിൽ തന്റെയും മഞ്ജുവിന്റെയും ബിനു അടിമാലിയുടെയും പടം പതിപ്പാക്കത്ത് നിർമാതാവിന്റെ കുഴപ്പമാണെന്നും ധർമജൻ പറഞ്ഞു. ‘‘ഞാൻ മെയ്ൻസ്ട്രീമിൽ ഇല്ലാത്ത ആളാണോ, ബിനു അടിമാലിയോ മഞ്ജു പത്രോസോ മെയ്ൻ സ്ട്രീമിൽ ഇല്ലാത്തവരാണോ? അങ്ങനെ പറയരുത്. ഇങ്ങനെ പറയുമ്പോൾ ഞങ്ങളാരായി. ഇവിടെ രാവിലെ മുതൽ രാത്രി വരെ വന്ന് ഇരുന്ന് പ്രമോഷന്‍ ചെയ്യുന്ന ഞങ്ങൾ മണ്ടന്മാർ. ഈ വരാത്തവർ അപ്പോൾ വലിയ ആളുകൾ ആണോ? അങ്ങനെ പറയാൻ പാടില്ല. അത് തെറ്റായ പരാമർശമാണ്.
ഈ പോസ്റ്ററിൽ പടമുള്ള ഒരു സിനിമാ നടനും ഇന്നിവിടെ വന്നില്ല. അത് ഈ സിനിമയോട് ചെയ്യുന്ന നന്ദികേടാണ്. താരങ്ങൾ അവരുടെ സിനിമ വിജയിക്കാൻ വേണ്ടി ഒരു ദിവസമെങ്കിലും മുടക്കണം. ഞങ്ങൾ വളരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചവരാണ്. രാവിലെ തുടങ്ങി ഇവിടെയുണ്ട്. കഷ്ടപ്പെട്ടെന്ന് പറയുന്നില്ല. ഞങ്ങൾക്ക് നല്ല പ്രതിഫലം തന്ന സിനിമയാണിത്. അവർക്ക് തിരക്കുള്ളതുകൊണ്ട് വന്നില്ല. പക്ഷേ ഞങ്ങളെ ഇവിടെ ഇരുത്തിക്കൊണ്ട് മെയ്ൻ സ്ട്രീമിലെ ആളുകൾ എന്ന് പറയരുത്. അപ്പോൾ ഞങ്ങൾ മെയിൻസ്ട്രീമിലെ ആളുകൾ അല്ലാതാകുകയും ചെയ്യുന്നത് ശരില്ല. എനിക്ക് തിരക്കുണ്ടെന്നൊക്കെ പറഞ്ഞ് എനിക്കും ഇവിടെ വരാതിരിക്കാം. വന്നവരെ ഇരുത്തിക്കൊണ്ട് വരാത്തവരെ പുകഴ്ത്തി പറയരുതെന്നാണ് ഞാൻ പറഞ്ഞത്.’’–ധർമജൻ പറഞ്ഞു.
‘‘ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ സാധാരണ വയ്ക്കുന്നത് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന അഭിനേതാക്കളുടെ ചിത്രമാണ്. എല്ലാവരുടെയും വയ്ക്കാൻ സാധിക്കില്ല. സെക്കൻഡ് പോസ്റ്ററിൽ ഇവരുടെയെല്ലാം പടങ്ങളുണ്ട്. അതിൽ ധർമജൻ ഭായിക്ക് വിഷമം തോന്നരുത്. ഇതിൽ അഭിനയിച്ച എല്ലാ അഭിനേതാക്കളെയും വിളിച്ചു. എനിക്കൊരു നാക്കുപിഴ പറ്റിയതാണ്. ’’–നിർമാതാവ് പറഞ്ഞു.
രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.എം. അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. ഇവരെ കൂടാതെ ബിനു അടിമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളായി എത്തുന്നു.
ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. നിർമ്മാതാവ് ഡോ. സൂരജ് ജോൺ വർക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ.