ADVERTISEMENT

പുതുമുഖങ്ങളായ 9 അഭിനേതാക്കൾ. 11 പേരുള്ള ലോക ധർമി എന്ന നാടക ഗ്രൂപ്പിന്റെ ഭാഗമായവർ. സംവിധായകനും അതിൽ ഉൾപ്പെടും. അവർ ആദ്യമായി സിനിമയിൽ അഭിനയിച്ചപ്പോൾ പ്രേക്ഷകർ സ്വീകരിച്ചത് കയ്യടികളോടെയാണ്. നാടകത്തിൽനിന്നു സിനിമയിലേക്കുള്ള അവരുടെ യാത്രയെക്കുറിച്ച് കേൾക്കാം..

ഒരു യാത്രയ്ക്കിടയിലാണ് ആട്ടം മനസ്സിൽ രൂപപ്പെട്ടതെന്ന് നടനും വർഷങ്ങളോളം ലോകധർമിയുടെ ഭാഗവുമായിരുന്ന വിനയ് ഫോർട്ട് പറയുന്നു. ‘‘ഞായറാഴ്ചകളിൽ മാത്രം ഉണ്ടായിരുന്ന ഒരു നാടക ഗ്രൂപ്പായിരുന്നു ലോകധർമി. എല്ലാത്തരം ജോലികൾ ചെയ്യുന്നവരും അതിന്റെ ഭാഗമാണ്. എല്ലാത്തരം കലാരൂപങ്ങളും അതിന്റെ ഭാഗമായി അറിയാൻ കഴിഞ്ഞു. കഥകളിയുടെയും കൂടിയാട്ടത്തിന്റെയുമൊക്കെ വർക്ക്ഷോപ്പുകൾ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ കർണഭാരം എന്നൊരു നാടകം ചെയ്തു. പിന്നീട് പുണെയിൽ പഠിക്കാൻ പോയെങ്കിലും ഒരു നടൻ എന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത് ഈ ഗ്രൂപ്പും അതിലെ ആൾക്കാരുമാണ് എന്ന് ഉറപ്പിച്ചു പറയാം. എല്ലാവരുടെയും ഉള്ളിൽ സിനിമ എന്നൊരു മോഹം ഉണ്ടായിരുന്നു. കലയുമായുള്ള ഇത്രയും വർഷത്തെ ഞങ്ങളുടെ ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് ആട്ടം.’’

സംവിധായകൻ ആനന്ദ് ഏകർഷിയും ലോക ധർമിയുടെ ഭാഗമാണ്. 10 വയസ്സു മുതൽ 24 വയസ്സുവരെ അദ്ദേഹം നാടക മേഖലയിൽ പ്രവർത്തിച്ചു. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

‘‘ഞങ്ങളുടെ കൂട്ടത്തിൽനിന്ന് ഒരു സിനിമ ഉണ്ടാകുമ്പോൾ അത് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്നത് ആനന്ദിനാണ് എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. ഹിന്ദി സംവിധായകൻ ഇംതിയാസ് അലിയുടെ അസിസ്റ്റന്റ് കൂടിയായിരുന്നു ആനന്ദ്. മികച്ച ലീഡർഷിപ്പ് ക്വാളിറ്റിയും  ഉണ്ട്. ഇത്രയും അഭിനേതാക്കളെ ഒരുമിച്ച് സ്ക്രീനിൽ അവതരിപ്പിക്കുമ്പോൾ മറ്റെന്തിനേക്കാളും ആ ലീഡർഷിപ്പ് ക്വാളിറ്റി തന്നെയാണ് വേണ്ടത്. എല്ലാവരെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ എന്നതായിരുന്നു ആദ്യത്തെ ചിന്ത.’’ വിനയ് പറയുന്നു.

aattam8

ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട അസ്കർ ഫർഹാദിയുടെ സ്വാധീനവും സിനിമയിൽ കാണാൻ കഴിയും. യാന്ത്രികമായി ഡയലോഗുകൾ പറയാതെ വളരെ റിയലിസ്റ്റിക് ആയി എന്നാൽ ഡയലോഗുകളിൽ ഊന്നിയുള്ള പ്രകടനം കാഴ്ചവയ്ക്കാൻ അത്തരം സിനിമകൾ ഇവരെ സഹായിച്ചിട്ടുണ്ട് എന്ന് ആട്ടത്തിലെ ഓരോരുത്തരും സമ്മതിക്കുന്നു. വിനയ് ഫോർട്ട്, നന്ദൻ ഉണ്ണി, ഷാജോൺ, സരിൻ ശിഹാബ് എന്നിവരൊഴികെ മറ്റെല്ലാവരും പുതുമുഖങ്ങൾ ആണ്. 

‘‘നാടകത്തിന്റെ പ്രതികരണം വളരെ ലൈവ് അറിയാൻ കഴിയും. അതൊരു പ്രത്യേക ഫീൽ തന്നെയാണ്. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ മറ്റൊരു തരത്തിലാണ് പ്രതികരണങ്ങൾ ലഭിച്ചത്. നാടകത്തിൽ കിട്ടുന്ന സ്വാതന്ത്ര്യം സിനിമയുടെ പരിമിതമായ സ്പേസിൽ ഇല്ലെങ്കിലും മുപ്പതോളം ദിവസം റിഹേഴ്സൽ നടത്തിയതുകൊണ്ട് നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞു. ഐഎഫ്എഫ്കെയില്‍ ലഭിച്ച പ്രതികരണങ്ങൾ അതിന് സാക്ഷിയാണ്.’’ നന്ദൻ ഉണ്ണി പറയുന്നു.

aand
ആനന്ദ് ഏകർഷി

നാടക പശ്ചാത്തലം സിനിമയുടെ ചിത്രീകരണത്തിലും അഭിനേതാക്കളെ സിനിമയുമായി പരിചയപ്പെടുത്തുന്നതിനും സഹായിച്ചിട്ടുണ്ടെന്ന് സംവിധായകൻ ആനന്ദ് ഏകർഷി പറയുന്നു. 

‘‘35 ഓളം ദിവസം റിഹേഴ്സൽ നടത്തിയാണ് എല്ലാവരെയും സിനിമയുമായി പരിചയപ്പെടുത്തിയത്. നാടകത്തിൽനിന്നു സിനിമയിലേക്കുള്ള ട്രാൻസിഷൻ അത്രത്തോളം സ്മൂത്താക്കണമെന്നുണ്ടായിരുന്നു. ക്യാമറ വച്ചു തന്നെ റിഹേഴ്സൽ നടത്തിയതുകൊണ്ട്, ഷൂട്ടിങ് സമയത്ത് അത്രയും ആളുകൾ ചുറ്റും നിന്നെങ്കിലും എല്ലാവരും വളരെ കംഫർട്ടബിൾ ആയി അഭിനയിച്ചു. 16 വർഷത്തോളം നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നതു നൽകിയ ആത്മവിശ്വാസവും ലീഡർഷിപ്പ് സ്കില്ലും ഏതൊരു പ്രതിസന്ധിയും മറികടക്കാനുള്ള ധൈര്യവും തന്നെയാണ് സിനിമയെടുത്തപ്പോഴും ഉണ്ടായിരുന്നത്. അഭിനേതാക്കളെ നിയന്ത്രിക്കുന്നതിലും അതേറെ സഹായിച്ചു.’’

aattam-4

മേളയിലും തിയറ്ററിലും പ്രദർശിപ്പിച്ച സിനിമയായതു കൊണ്ടു തന്നെ ആട്ടത്തിന് രണ്ടു തരത്തിലുള്ള പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചെന്ന് ആനന്ദ് പറയുന്നു. 

‘‘എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കണം എന്ന് ഞങ്ങൾ കരുതിയിരുന്നു. മേളകളിലേക്ക് പോയാലും ഏറ്റവും സാധാരണ ആളുകളിലേക്ക് എത്തിയാലും അവർക്ക് ആട്ടം ഇഷ്ടപ്പെടണമെന്ന് ഉണ്ടായിരുന്നു. അതെങ്ങനെ ചെയ്യാം എന്നതായിരുന്നു ഞങ്ങളുടെ ചിന്ത. കഥാപാത്രങ്ങളുടെ രൂപകല്പനയിലും സംഭാഷണങ്ങളിലും അതുകൊണ്ടുതന്നെ അത്തരമൊരു ശ്രദ്ധ പുലർത്തിയിരുന്നു.’’

തിയറ്റർ പശ്ചാത്തലമുള്ള അഭിനേതാക്കളെ സ്ക്രീനിലേക്കു കൊണ്ടുവരുമ്പോൾ ചായഗ്രഹണവും വളരെ പ്രധാനമാണ്. സാധാരണഗതിയിൽ നാടക പശ്ചാത്തലം വരുന്ന സിനിമകളിൽ അല്ലെങ്കിൽ നാടകവുമായി ചേർന്ന് നിൽക്കുന്ന സിനിമകളിൽ നാടകത്തിന്റേതായ സ്റ്റേജിങ് തന്നെ സിനിമാറ്റോഗ്രഫിയിലും കാണാൻ കഴിയും. ആദ്യകാല മലയാള സിനിമയിൽ ഇത് കൂടുതലായി കാണാൻ കഴിഞ്ഞിരുന്നു. നൻപകൽ നേരത്ത് മയക്കം പോലെയുള്ള സിനിമകളിലും ഇത്തരം ഒരു ഫ്രെയിമിങ് കാണാൻ കഴിയും. സ്റ്റിൽ ഷോട്ടുകൾ ഉപയോഗിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഫ്രെയിമിനെ സ്റ്റേജ് ആയും അഭിനേതാക്കൾ ഫ്രെയിമിലേക്ക് വരുന്നതായും സ്റ്റേജിലേതു പോലെ തന്നെ എക്സിറ്റ് ചെയ്യുന്നതായും തോന്നും. എന്നാൽ അത്തരത്തിലുള്ള ഒരു സ്റ്റേജിങ്ങിനപ്പുറം സിനിമാറ്റിക്കായ ഛായാഗ്രഹണ രീതിയാണ് ആട്ടത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 

cinematographer
അനിരുദ്ധ്

‘‘രണ്ട് രീതിയിൽ സിനിമറ്റോഗ്രഫി ചെയ്യാം, കഥയ്ക്ക് ആവശ്യമായ രീതിയിലും സിനിമാറ്റോഗ്രഫിക്ക് കൂടുതൽ മനോഹാരിത കൊടുത്തുകൊണ്ടും ചെയ്യാൻ കഴിയും. കഥ പറയാനാണ് ഞാൻ കൂടുതൽ താല്പര്യപ്പെടുന്നത്. ആട്ടത്തിൽ ആ ഒരു കഥ പറച്ചിലുണ്ട് ബ്രീത്തിങ് ഷോട്ടുകൾ ആണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. സിനിമാറ്റോഗ്രാഫി മുഴച്ചു നിൽക്കരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. സിനിമ എന്താണോ ആവശ്യപ്പെടുന്നത്, അതാണ് കൊടുക്കാൻ ശ്രമിച്ചത്. പ്രേക്ഷകന് അവർ കഥാപാത്രങ്ങളുടെ ഇടയിൽത്തന്നെയുള്ള ഒരാളായി തോന്നണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. ഒരുപാട് സിനിമാറ്റിക് സാമഗ്രികൾ ഒന്നും ഉപയോഗിക്കാതെ ഹാൻഡ് ഹെൽഡ് ഷോട്ടുകളാണ് പലതും. ആദ്യം പ്ലാൻ ചെയ്തപ്പോൾ അസ്കർഹാദി സിനിമകളുടെ ഒരു മെലോ രീതിയായിരുന്നു. പിന്നീടാണ് അങ്ങനെ പോരാ എന്ന് തോന്നിയത്.’’– ഛായാഗ്രഹകനായ അനിരുദ്ധ് അനീഷ് പറയുന്നു. 10 വർഷമായി സിനിമയിലും പരസ്യ മേഖലയിലും പ്രവർത്തിക്കുന്ന അനിരുദ്ധ്  ഛായാഗ്രഹകൻ ആനന്ദ് സി.ചന്ദ്രന്റെ അസോഷ്യേറ്റ് കൂടിയാണ്.

തിയറ്റർ റിലീസിനു ശേഷം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ പ്രമേയം സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ എല്ലാവിധ പ്രശ്നങ്ങളെയും പുരുഷന്മാരെക്കൊണ്ടു തന്നെ പറയിപ്പിക്കുന്നു എന്നൊരു പ്രത്യേകത കൂടി ആട്ടത്തിനുണ്ട്.  ആൺ നോട്ടങ്ങളിലൂടെ ആണുങ്ങളെത്തന്നെ നോക്കിക്കാണുകയാണ് ആട്ടം. എന്നാൽ സിനിമയുടെ ഒടുക്കം അത് പെൺ നോട്ടമായി മാറുകയും ചെയ്യുന്നു.

വളരെ സാധാരണക്കാരായ, പല തരം ജോലികൾ ചെയ്ത് സമൂഹത്തിന്റെ പല തലങ്ങളിൽനിന്നുവന്ന, നാടകത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ആ 9 പേരെയും കൂടുതൽ സിനിമകളിൽ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കാം. കലയെ ജീവിതമാക്കിയവരിൽനിന്നു മറ്റെന്താണ് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുക!

English Summary:

Aattam review: A magnificent film that brilliantly explores male hypocrisy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com