ഈ നിമിഷം ഒരിക്കലും മറക്കാൻ കഴിയില്ല, എല്ലാവർക്കും നന്ദി: സുരേഷ് ഗോപി
Mail This Article
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മകൾ ഭാഗ്യയെയും വരൻ ശ്രേയസിനെയും ആശീർവദിക്കാൻ എത്തിയതിൽ സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി. തനിക്ക് മാത്രമല്ല വധൂവരന്മാർക്കും സഹപ്രവർത്തകർക്കും ഉൾപ്പടെ സ്നേഹവും സന്തോഷവും പകർന്നു തന്നിട്ടാണ് പ്രധാനമന്ത്രി മടങ്ങിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണ് ഇതെന്നും സുരേഷ് ഗോപി പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത് വധൂവരന്മാരെ ആശീർവദിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത് .
‘‘സന്തോഷം മാത്രമേയുള്ളൂ, അതിരുകളില്ലാത്ത സന്തോഷം. എനിക്ക് മാത്രമല്ല എന്റെ കുടുംബത്തിനും മറ്റു വധൂവരന്മാർക്കും സഹപ്രവർത്തകർക്കും ഒരുപാട് സന്തോഷം വർഷിച്ചിട്ടാണ് പ്രധാനമന്ത്രി പോയത്. ഇത് ഒരിക്കലും മറക്കാൻ കഴിയില്ല. എല്ലാവർക്കും നന്ദി.’’ സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു .
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു ഭാഗ്യ സുരേഷും ശ്രേയസ് മോഹനും വിവാഹിതരായത്. പ്രധാന മന്ത്രി നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന വൻ താരനിരയാണ് ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഗുരുവായൂർ എത്തിയത്.
വിവാഹച്ചടങ്ങിനു ശേഷം ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ റിസപ്ഷനിലും മമ്മൂട്ടി മോഹൻലാൽ ജയറാം, ദിലീപ്, ബിജു മേനോൻ, ഗായിക ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.