ADVERTISEMENT

ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം. അതിനെക്കാളുപരി കമൽ എന്ന സംവിധായകന്റെ ചിത്രത്തിൽ അസിസിറ്റന്റ് ഡയറക്ടറായി വന്ന പ്ലസ്ടു കഴിഞ്ഞ കൊച്ചു പയ്യൻ വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു എന്നതാകും വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ സവിശേഷത. ഷൈൻ, സ്വാസിക, ഗ്രെയ്സ് ആന്റണി എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമ ഓൺലെനിനോട് പങ്കുവയ്ക്കുന്നു.

‘‘ഒരു പരിചയവുമില്ലാത്ത എന്നെ കമൽ സാർ അസിസിറ്റന്റ് ഡയറക്ടറായിട്ട് വച്ചപ്പോൾ തന്നെ ഞാൻ സന്തോഷവാനും സംതൃപ്തനുമായിരുന്നു. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന ഒരു കുട്ടിക്ക് അത് ഭാഗ്യമാണ്. ഇന്ന് കമൽ സാറിന്റെ ചിത്രത്തിൽ അഭിനയിക്കുന്നു എന്നു പറഞ്ഞാൽ, പഠിച്ചു വളര്‍ന്ന സ്ഥലത്തേക്ക് വന്നതുപോലെയാണ്. സിനിമയിലെപ്പോഴും കംഫർട് സോൺ പ്രധാനപ്പെട്ടതാണ്. പരിചയമില്ലാത്തൊരു സ്ഥലത്ത് കയറിയിട്ട് നമുക്ക് വാ തുറക്കാൻ പറ്റില്ല. നാടകത്തിൽ നിന്നു വന്നിട്ടുള്ള നല്ല നടന്മാര്‍ പലരും സിനിമയിൽ വന്നിട്ട് ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പല ഷോട്ടുകളിലൂടെ താൻ മികച്ച രീതിയിലാണ് അഭിനയിക്കുന്നത് എന്ന് പ്രേക്ഷരെ കാണിക്കുന്ന ട്രിക്കുണ്ട്. അതറിയാത്തൊരു വ്യക്തി വന്ന് വലിയൊരു പെർഫോമൻസ് നടത്തിയിട്ട് കാര്യമില്ല. കാരണം ഇന്ന് എടുത്ത ഷോട്ടിന്റെ ബാലൻസ് ചിലപ്പോൾ നാളെയായിരിക്കും എടുക്കുന്നത്.

അതുകൊണ്ട് ടെക്നിക് പഠിക്കുന്നത് പ്രധാനമാണ്. പഠിച്ചു വളർന്ന സ്ഥലത്ത് വീണ്ടും വരുമ്പോൾ സാറിനെ നമുക്ക് പൂർണമായി വിശ്വസിക്കാം. കാരണം ഞാൻ കണ്ടിട്ടുണ്ട്, സാർ എങ്ങനെയാണ് ഒരു കഥാപാത്രത്തെ ഉണ്ടാക്കുന്നതെന്നും, പുതിയ ആൾക്കാരെ പോലും വിശ്വസിച്ച് സിനിമയിൽ കൊണ്ടുവരുന്നതെന്നും.’’–ഷൈൻ ടോം പറയുന്നു.

ഭാവനയ്ക്ക് ആ കഥാപാത്രം ചെയ്യാൻ താൽപര്യം ഇല്ലായിരുന്നു

കമൽ – ഒരാൾക്ക് ഒരു കഥാപാത്രം ചെയ്യാനാകുമോ എന്ന് അവരെ നിരീക്ഷിച്ചാൽ മനസ്സിലാകും. ആ രീതിയിൽ തിരഞ്ഞെടുത്ത ആളുകൾ ആരും ഇതുവരെയും മോശമായിട്ടില്ല. പലപ്പോഴും കറക്ട് ലുക്ക് കിട്ടിയാലും ആ വ്യക്തിയെ കഥാപാത്രമാക്കാൻ ബുദ്ധിമുട്ടേണ്ടി വരാറുണ്ട്. എന്നാൽ ഫൈനൽ റിസൽട്ട് വരുമ്പോൾ നന്നാവാറുണ്ട്

swasika

‘നമ്മൾ’ എന്ന ചിത്രത്തിലെ നായികയാവാനുള്ള ഓഡിഷനു വേണ്ടിയാണ് ഭാവന വന്നത്. നിർത്താതെ സംസാരിക്കുകയാണ്. പക്ഷേ ചിത്രത്തിലെ മെയിൻ കഥാപാത്രം ഒരുപാട് സംസാരിക്കാൻ പാടില്ല, ഒരു ആറ്റിറ്റ്യൂഡ് കാണിക്കണം. ആ ആറ്റിറ്റ്യൂഡിന് ഭാവന പറ്റില്ലെന്ന് എനിക്ക് ആദ്യമേ മനസ്സിലായി. ഡയറക്ടറാണെന്നല്ലാതെ ഞാൻ ആരാണെന്നു പോലും ഭാവനയ്ക്കു കൃത്യമായിട്ട് അറിയില്ലായിരുന്നു. കുറച്ചു കഴിഞ്ഞ് ഞാൻ ആ കുട്ടിയെ തിരികെ വിളിപ്പിച്ചു. നാളെ വരാമോ എന്ന് ചോദിച്ചു. അന്ന് ഭാവന പ്ലസ് ടുവിനു പഠിക്കുകയാണ്. പിറ്റേന്ന് കുറച്ച് ഫോട്ടോസ് എടുത്ത്, മേക്കപ്പ്മാനെ വിളിച്ചു വരുത്തി പരിമളം എന്ന ക്യാരക്ടറിനു വേണ്ടി മേക്കപ്പ് ചെയ്യിച്ചു. അവൾക്കത്ര താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ ഫസ്റ്റ് ഷോട്ടിൽതന്നെ ഭാവന നന്നായി പെർഫോം ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഭാവനയെ സെലക്ട് ചെയ്യുന്നത്. 

ഇതെന്റെ വളർച്ചയാണ്

shine

സ്വാസിക – ഞാൻ എനിക്കു വേണ്ടി ചെയ്ത കഥാപാത്രമായിരുന്നു ചതുരത്തിലേത്. ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്ത് മാറ്റം വേണമെന്ന് തോന്നിയപ്പോഴാണ് ഈ കഥാപാത്രം വന്നതും തിരഞ്ഞെടുത്തതും. ആളുകൾ പെർഫോമന്‍സിനെ പറ്റിയാണ് പറയുന്നതെങ്കില്‍ നമുക്കതിൽ എന്തെങ്കിലും മാറ്റം വരുത്താൻ ശ്രമിക്കാം. എന്നാൽ കോസ്റ്റ്യൂമിനെ പറ്റിയും ഇന്റിമേറ്റ് സീനിനെപ്പറ്റിയും ആണ് പലരും പറഞ്ഞത്. അതിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. ഡബ്ബിങ് ശ്രദ്ധിക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സംസാരിക്കുമ്പോൾ ആവശ്യമില്ലാതെ കൈയും കാലും ഉപയോഗിക്കുന്നത് ശ്രദ്ധിക്കണമെന്നും പറഞ്ഞു തന്നിട്ടുണ്ട്. ആ കാര്യങ്ങളൊക്കെ മനസ്സിലുണ്ട്. പല കാര്യങ്ങളും പഠിച്ചു വരുന്നു. അതൊരു വളർച്ചയായിട്ടാണ് എനിക്കു തോന്നുന്നത്. 

ആണുങ്ങൾ ലോലരാണ്, സ്ത്രീകളാണ് ശക്തർ

kamal

ഷൈൻ– ജീവിതത്തിൽ എനിക്ക് കമ്മിറ്റ്മെന്റ്സിനോട് പേടിയായിരുന്നു. പക്ഷേ നമ്മൾ പേടിക്കുന്ന കാര്യമാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. എത്രത്തോളം അകറ്റാൻ ശ്രമിച്ചോ കൂടുതൽ ശക്തിയിലാണ് അത് നമ്മുടെ ഉള്ളിലേക്ക് വരുന്നത്. അത് ജീവിതത്തിന്റെ ഒരു ടെക്നിക് ആണെന്ന് തോന്നുന്നു. നമ്മൾ എന്താണോ വേണ്ടെന്നു വയ്ക്കുന്നത് അത് സംഭവിക്കും. ആണുങ്ങൾ ലോലഹൃദയരാണ്. കൂടുതൽ ശക്തർ സ്ത്രീകളാണെന്നാണ് എനിക്കു തോന്നുന്നത്. അവർ വേണ്ടെന്നു പറഞ്ഞാൽ വേണ്ട. പക്ഷേ ആണുങ്ങൾ വേണ്ടെന്നു പറഞ്ഞാൽ അപ്പോൾതന്നെ അവർക്ക് വേണം. അതിന്റെ പേരിൽ കരഞ്ഞിട്ടുള്ള ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഒരുപാട് കരയുന്ന ആളാണ്. പക്ഷേ ആരെയും കാണിക്കില്ല. ദേഷ്യപ്പെടണമെങ്കിൽ ദേഷ്യപ്പെടും ചിരിക്കണമെങ്കിൽ ചിരിക്കും. അതൊന്നും കാണിക്കുന്നതുകൊണ്ട് പ്രശ്നമില്ല. പക്ഷേ പൊതുവേ ആണുങ്ങൾ കരച്ചിൽ അധികം കാണിക്കില്ല. പക്ഷേ അവർ ഉള്ളിൽ ആരും കാണാതെ കരയുന്നൊക്കെയുണ്ട്. 

നിലപാടുകൾ പറഞ്ഞത് സിനിമയെയും ജീവിതത്തെയും ബാധിച്ചു

കമൽ – എനിക്ക് എന്റേതായ രാഷ്ട്രീയവും നിലപാടുകളുമുണ്ട്. അത് തുറന്നു പറയുന്നതുകൊണ്ട് വ്യക്തിപരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിലപാടുകൾ തുറന്നു പറയേണ്ട സ്ഥലത്ത് തുറന്നു പറയും, പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുകയും ചെയ്യും. പിന്നെയതിൽ പശ്ചാത്തപിക്കാറി, ഉറച്ചു നിൽക്കും. എന്നാൽ അതിന്റെ ഭവിഷ്യത്തുകൾ വ്യക്തി ജീവിതത്തിലും സിനിമയിലും ഉണ്ടായിട്ടുണ്ട്. 

‘ആമി’ എന്ന സിനിമയിൽ വിദ്യ ബാലനായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അവസാന നിമിഷം വിദ്യബാലൻ മാറി. ചക്രം എന്നൊരു സിനിമയിലൂടെ വിദ്യയെ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ കൊണ്ടുവന്നത് ഞാനാണ്. അതിനുശേഷം വിദ്യ ബോളിവുഡിൽ വലിയ നടിയായപ്പോഴും ഞങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഈ കഥാപാത്രം ചെയ്യാൻ വിളിച്ചപ്പോൾ ആദ്യം വിദ്യ സ്വാഗതം ചെയ്തതായിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് അവർ അതിൽനിന്നു മാറി. ആ പിന്മാറ്റത്തിനു പുറകിലൊരു രാഷ്ട്രീയമുണ്ടെന്നു വിശ്വസിക്കുന്നൊരാളാണ് ഞാൻ. പിന്നീട് ആ സിനിമ ഞാൻ മഞ്ജുവിനെ വച്ച് ചെയ്യുകയായിരുന്നു. 

English Summary:

Chat With Kamal, Shine Tom Chacko and Swasika Vijay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com