ADVERTISEMENT

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയ്ക്കെതിരെ പരാതി. ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ് പരാതിയിൽ പറയുന്നത്. സിനിമയുടെ നിർമാതാക്കളും പരാതിയോട് പ്രതികരിച്ചിട്ടുണ്ട്. കേസ് നിയമപരമായി തന്നെ നേരിടുമെന്ന് നിർമാതാക്കളിൽ ഒരാളായ പി.എസ്. ഷെല്ലിരാജ് പറഞ്ഞു.

‘‘വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്, വിവേകാനന്ദൻ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീൽ നോട്ടീസ് ലഭിച്ചു. അവര്‍ കേസ് ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ് അവർ വാദിക്കുന്നത്. ഈ സിനിമയിലൂടെ ഒരിക്കലും പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനോ അധിക്ഷേപിക്കാനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല.

തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് ഞങ്ങൾ. വിവേകാനന്ദനെ പോലെ പുറമെ മാന്യനായി നടിക്കുകയും എന്നാൽ സ്ത്രീകളെ അടിമകളായി കാണുകയും പെരുമാറുകയും ചെയ്യുന്ന പുരുഷൻമാരും നമുക്ക് ചുറ്റിലുമുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്.

അത്തരം ബഹുമുഖമുള്ളവരെ തിരിച്ചറിയുകയും പുറത്ത് കൊണ്ടുവരികയും നമ്മുടെ പെൺകുട്ടികളെ പ്രതികരിക്കാൻ പ്രാപ്തരാക്കേണ്ടതും നാടിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യമായ ഒരു കാര്യമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ സബ്ജക്ട് ഇത് വരെ സിനിമയിൽ വന്നിട്ടില്ല. ആയതു കൊണ്ട് വളരെയധികം പ്രാധാന്യം ഈ സബ്ജക്ടിനുണ്ട്. അഡ്രസ്സ് ചെയ്യപ്പെടേണ്ട വിഷയത്തിൽ നിന്നും പിന്മാറാൻ ഞങ്ങളൊരുക്കമല്ല. 

ഈ സിനിമ കണ്ട് നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ നിങ്ങളും ഒരു വിവേകാനന്ദനാണെന്ന് ഞാൻ പറയും. എന്തായാലും ഈ കേസ് ഞങ്ങൾ നിമയപരമായി തന്നെ നേരിടും. സിനിമ കാണുകയും ഞങ്ങളെ സപ്പോർട് ചെയ്യുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി.’’–പി.എസ്. ഷെല്ലിരാജ് പറയുന്നു.

English Summary:

Complaint Against Vivekandan Viralaanu Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com