‘ഫൈറ്ററി’ൽ ഹൃതിക്കിന്റെ ‘ഫ്ലൈറ്റ് പറത്തി’യത് ഈ ആനിമേഷൻ ടീം
Mail This Article
ഹൃതിക് റോഷൻ നായകനായ ‘ഫൈറ്റർ’ തിയറ്ററുകളിൽ തരംഗമാകുമ്പോൾ അതിന്റെ ആഹ്ലാദത്തിലാണ് തിരുവനന്തപുരം ടെക്നോപാർക്കിൽ ഉള്ള റീഡിഫൈൻ എന്ന ആനിമേഷൻ ആൻഡ് വിഎഫ്എക്സ് സ്റ്റുഡിയോയിലെ കലാകാരന്മാർ. വിഎഫ്എക്‌സിനു അമിത പ്രാധാന്യമുള്ള ഈ സിനിമയിലെ വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ആർആർആർ, ബ്രഹ്മാസ്ത്ര തുടങ്ങി നിരവധി ഹോളിവുഡ് ബോളിവുഡ് സിനിമകളുടെയും ആനിമേഷൻ സിനിമകളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള മൾടി നാഷ്നൽ കമ്പനിയായ റീഡിഫൈൻ ആണ്.
തിരുവനന്തപുരത്തിനു പുറമെ റീഡിഫൈനിന്റെ മുംബൈയിലും വിദേശത്തുമുള്ള ഓഫിസുകളിലെയും നിരവധി കലാകാരന്മാർ ചേർന്നൊരുക്കിയ ഫൈറ്റര്‍ സിനിമയുടെ വിഎഫ്എക്‌സിനു മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫൈറ്ററിനു വേണ്ടി പ്രവർത്തിച്ചത് വളരെ നല്ലൊരു അനുഭവമായിരുന്നു എന്നും തങ്ങൾ വിഎഫ്എക്സ് ചെയ്ത സിനിമ തനയറ്ററിൽ മികച്ച അഭിപ്രായം നേടുന്നത് കാണുമ്പൊൾ സന്തോഷമുണ്ടെന്നും തിരുവനന്തപുരം ടെക്‌നോപാർക്കിലെ റീഡിഫൈൻ ഡിവിഷനിൽ ഫൈറ്ററിനു വേണ്ടി വിഎഫ്എക്സ് ചെയ്ത ടീമംഗം വിശാഖ് വർമ മനോരമ ഓൺലൈനിനോട് പറയുന്നു.
‘‘പ്രൈം ഫോക്കസ് എന്ന കമ്പനിയുടെ ആനിമേഷൻ സ്റ്റുഡിയോ ആണ് റീഡിഫൈൻ. പ്രൈം ഫോക്കസ് നിർമിച്ച സിനിമയാണ് ‘ബ്രഹ്മാസ്ത്ര’. പ്രൈം ഫോക്കസ് നിരവധി ബോളിവുഡ്–ഹോളിവുഡ് സിനിമകൾക്കു വേണ്ടി വിഎഫ്എക്സ് ചെയ്തിട്ടുണ്ട്. റീഡിഫൈൻ തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ ഡിവിഷൻ തുടങ്ങിയിട്ട് രണ്ടുവർഷമായി. ബ്രഹ്മാസ്ത്ര, ആർആർആർ, സലാർ തുടങ്ങി നിരവധി ചിത്രങ്ങൾക്കു വേണ്ടി റീഡിഫൈൻ വിഎഫ്‌എക്സ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ചെയ്ത ഫൈറ്റർ എന്ന സിനിമ വളരെ വിജയകരമായി പ്രദർശനം തുടരുന്നു എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്.
ഹൃതിക് റോഷനും ദീപിക പദുക്കോണും ആണ് ഫൈറ്ററിലെ പ്രധാന താരങ്ങൾ. ഫൈറ്ററിലെ ജെറ്റ് സീക്വൻസ് എൺപതു ശതമാനവും വിഎഫ്എക്സ് ആണ്. തിരുവനന്തപുരം ഉൾപ്പടെ റീഡിഫൈനിലെ പല ലൊക്കേഷനിൽ ആണ് ഫൈറ്ററിന്റെ വർക്ക് ചെയ്തത്. ഒരേ സമയത്ത് പല പ്രോജക്റ്റ് ഉണ്ടാകും, ഓരോ ടീമായിട്ടാണ് ഞങ്ങൾ വർക്ക് ചെയ്തത്. ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടാണ് ഇത്രയും ഫ്‌ളൈറ്റ് ഫൈറ്റ് സീക്വൻസ് ഉള്ള ഒരു സിനിമ വരുന്നത്. കാണുന്നവർക്ക് വിഎഫ്എക്സ് ആണെന്ന് തോന്നാത്ത തരത്തിൽ ബ്ലെൻഡ് ചെയ്തു വന്നിട്ടുണ്ട്.
ഫൈറ്ററിന്റെ വർക്ക് നന്നായി വന്നു എന്ന തരത്തിൽ പടത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നു തന്നെ നല്ല അഭിപ്രായം കിട്ടിയിട്ടുണ്ട്. ഞങ്ങൾ ചെയ്ത ഒരു പടം തിയറ്ററിൽ പോയി കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. വർക്ക് ചെയ്യുമ്പോൾ കുറച്ചു കഷ്ടപ്പെട്ടാലും നല്ല ഔട്ട്പുട്ട് വരുമ്പോൾ സംതൃപ്തി തോന്നും. ഞാൻ ആദ്യമായിട്ടാണ് ഒരു ബോളിവുഡ് സിനിമയിൽ വർക്ക് ചെയ്യുന്നത്.
നമ്മൾ ചെയ്ത വർക്ക് ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ സന്തോഷമുണ്ട്. ആനിമേഷൻ, സിജി വർക്കുകൾ ഒക്കെ ചെയ്തിട്ടുണ്ട് അത് പുറത്തൊക്കെ റിലീസ് ചെയ്യുന്നതാണ്, ഞാൻ ചെയ്ത വർക്ക് തിയറ്ററിൽ കാണാൻ കഴിഞ്ഞത് ആദ്യമായിട്ടാണ്. ഇപ്പോൾ ഞങ്ങൾ ഹോളിവുഡ് പ്രോജക്ടുകൾ ആണ് ചെയ്യുന്നത്. പ്രൈമിൽ ഒക്കെ വരുന്ന പല സിനിമകളും നമ്മുടെ കമ്പനിയായ റീഡിഫൈൻ ചെയ്തതാണ്.’’ –വിശാഖ് വർമ പറയുന്നു.