മരണം തമാശയല്ല, എന്തൊരു നാണക്കേട്: പൂന പാണ്ഡെയ്ക്കെതിരെ നടിമാർ
Mail This Article
പൂനം പാണ്ഡെയുടെ വ്യാജ മരണവാർത്തയിൽ നടിക്കെതിരെ വിമർശനത്തിനൊപ്പം പിന്തുണയും ഏറുന്നു. ലജ്ജയില്ലായ്മയുടെയും നിസ്സംഗതയുടെയും അങ്ങേയറ്റം എന്നായിരുന്നു നടി ഷെർലിൻ ചോപ്ര പ്രതികരിച്ചത്. അതേ സമയം പൂനത്തിനു പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ രംഗത്തെത്തി. സെർവിക്കൽ കാൻസർ എന്ന മഹാവ്യാധിയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ നിങ്ങൾ ഉപയോഗിച്ച രീതി തെറ്റാണെങ്കിലും നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ അഭിനന്ദിക്കുന്നു എന്നാണു രാം ഗോപാൽ വർമ എക്‌സിൽ കുറിച്ചത്.
‘‘ഈ പ്രശ്‌നത്തിലേക്ക് ശ്രദ്ധ ആകർഷിക്കാൻ നിങ്ങൾ പ്രയോഗിച്ച അങ്ങേയറ്റത്തെ രീതി ചില വിമർശനങ്ങൾക്ക് ഇടയാക്കിയേക്കാം, എന്നാലും നിങ്ങളുടെ ഉദ്ദേശ്യത്തെയോ ഈ തട്ടിപ്പിലൂടെ നിങ്ങൾ നേടിയെടുത്തതിനെയോ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. നിങ്ങളുടെ ഈ പ്രവൃത്തി കാരണം സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ചർച്ച ഇപ്പോൾ എല്ലായിടത്തും ട്രെൻഡിങ് ആണ്. നിങ്ങളുടെ ആത്മാവ് എത്രയോ മനോഹരമാണ്. നിങ്ങൾക്ക് വളരെ ദീർഘായുസും സന്തുഷ്ടകരമായ ജീവിതവും ആശംസിക്കുന്നു.’’ രാം ഗോപാൽ വർമ കുറിച്ചു.
നടി ഷെർലിൻ ചോപ്ര, സൊണാൽ ചൗഹാൻ, പിയ ബാജ്പെയി അടക്കമുള്ളവർ പൂനത്തിനെതിരെ രംഗത്തുവന്നു.
‘‘തികച്ചും ലജ്ജാകരമാണ്. മരണം ഒരു തമാശയല്ല. വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട്. എല്ലാത്തിനും അതിന്റേതായ പരിമിതിയുണ്ട്.’’–സൊണാൽ ചൗഹാൻ ട്വീറ്റ് ചെയ്തു.
‘‘ഞാൻ ഒരിക്കലും ട്വീറ്റുകൾ ഡിലീറ്റ് ചെയ്യാറില്ല, പക്ഷേ സെർവിക്കൽ കാൻസർ ബാധിച്ച് പൂനം പാണ്ഡെയുടെ മരണവാർത്തയിൽ ഞെട്ടൽ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഞാൻ അങ്ങനെ ചെയ്തത്. എന്തുകൊണ്ട്? ഒരു ഡിജിറ്റൽ/പിആർ ടീമാണ് വാർത്ത തയാറാക്കിയത്. ആ രോഗത്തോടു പോരാടുന്നവരോടുള്ള തികഞ്ഞ അവഹേളനമാണത്. അതില്‍ അവളും ഉൾപ്പെടുന്നു.’’–പൂജ ഭട്ട് പറഞ്ഞു.
‘‘നിങ്ങളുടെ സ്വന്തം മരണത്തെ വ്യാജമാക്കുന്നത് എന്തൊരു അധമമാണ്. വെറുപ്പുളവാക്കുന്നതും അപമാനകരവുമാണത്, വളരെ തെറ്റായ മാതൃക. എന്തൊരു നാണക്കേട്.’’– പിയ ബാജ്പേയി പറയുന്നു.
നടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു മരണവാർത്ത പുറത്തുവന്നത്. സെർവിക്കൽ കാൻസർ മൂലമാണ് താരം മരണമടഞ്ഞതെന്നായിരുന്നു നടിയുടെ മാനേജരുടെ വിശദീകരണം. വാർത്ത വ്യാജമായിരുന്നുവെന്നും ഗർഭാശയ കാന്‍സറിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പ്രവൃത്തി ചെയ്തതെന്നുമായിരുന്നു നടി വെളിപ്പെടുത്തിയത്.