90 ശതമാനം ആളുകളും വിമാനത്തിൽ കയറിയിട്ടില്ല, ഇതാണ് ‘ഫൈറ്ററി’ന്റെ പരാജയകാരണം: സംവിധായകൻ
Mail This Article
‘ഫൈറ്റർ’ സിനിമ ബോക്സ്ഓഫിസിൽ പരാജയപ്പെടാൻ കാരണം പ്രേക്ഷകരുടെ അറിവില്ലായ്മയാണെന്ന വിചിത്ര വാദവുമായി സംവിധായകൻ. സിനിമ വേണ്ടത്ര ശ്രദ്ധ നേടാതെ പോയതിന്റെ കാരണം 90 ശതമാനം ഇന്ത്യാക്കാരും വിമാനത്തില്‍ കയറാത്തതുകൊണ്ടാണെന്ന് സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് പറയുന്നു. ‘‘നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകള്‍, ശരിക്കു പറഞ്ഞാല്‍ 90 ശതമാനം ആളുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ലാത്തതു കൊണ്ടാണ് ഈ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയത്. അങ്ങനെയുള്ളപ്പോള്‍ ആകാശത്ത് സംഭവിക്കുന്നത് അവര്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നില്ല. പ്രേക്ഷകര്‍ ഇത്തരം കഥ കാണുമ്പോള്‍ അന്യഗ്രഹജീവിയെപ്പോലെയാണ് അവയെ സമീപിക്കുക.’’സിദ്ധാർഥ് ആനന്ദിന്റെ വാക്കുകൾ.
സംവിധായകന്റെ ഈ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് വരുന്നത്. സിനിമയുടെ ഓപ്പണിങ്ങ് കലക്‌ഷന്‍ കുറയാന്‍ കാരണം എന്തായിരിക്കും എന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ വിവാദപരമായ പരാമര്‍ശം.
‘‘ഫൈറ്റര്‍ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇന്ത്യയിലെ സിനിമാനിര്‍മാതാക്കള്‍ ഇത്തരം ജോണറുകള്‍ പരീക്ഷിക്കണം. അധികം ആരും പരിക്ഷിക്കാത്ത തരത്തിലുള്ള തികച്ചും പുതിയതായ ഒരിടമാണ് ഇത്തരം സിനിമകള്‍. പ്രേക്ഷകര്‍ക്കും ഇതില്‍ വലിയ റഫറന്‍സ് പോയിന്റുകള്‍ ഇല്ല. അവര്‍ നോക്കുമ്പോള്‍ കാണുന്നത് വലിയ താരങ്ങളെയും കമേഴ്സ്യല്‍ സംവിധായകനെയും മാത്രമാണ്. ഇതിനിടയില്‍ ഈ ഫ്ളൈറ്റുകള്‍ക്ക് എന്താ കാര്യമെന്ന് അവര്‍ വിചാരിക്കും.
അതിന്റെ കാരണം പറയാം, നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകള്‍, ശരിക്കു പറഞ്ഞാല്‍ 90 ശതമാനം ആളുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ലാത്തതുകൊണ്ടാണ്. അങ്ങനെയുള്ളപ്പോള്‍ ആകാശത്ത് സംഭവിക്കുന്നത് അവര്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നില്ല.
പ്രേക്ഷകര്‍ ഇത്തരം കഥ കാണുമ്പോള്‍ അന്യഗ്രഹജീവിയെപ്പോലെയാണ് അതിനെ സമീപിക്കുക. ഫ്ളൈറ്റുകള്‍ തമ്മിലുള്ള ആക്‌ഷന്‍ കാണിക്കുന്ന സമയത്ത് ഇവിടെ വലിയൊരു വിഭാഗം ആളുകള്‍ക്ക് പാസ്പോര്‍ട്ട് ഇല്ലാത്ത, വിമാനത്തില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അങ്ങനെയുള്ള ആളുകള്‍ ഈ ആക്‌ഷന്‍ സീനുകള്‍ കാണുമ്പോള്‍ ‘എന്താ ഉണ്ടാവുന്നതെന്ന് മനസിലാവുന്നില്ല’ എന്ന വികാരമാവും ഉണ്ടാവുക. പക്ഷേ ഈ സിനിമയുടേത് വളരെ വൈകാരികമായിട്ടുള്ള കഥയാണ്. എല്ലാ വിഭാഗത്തിലെയും ആളുകളെ ആകര്‍ഷിക്കുന്ന കഥയായിട്ട് കൂടി ഇതിന്റെ ജോണര്‍ വ്യത്യസ്തമായതിനാല്‍ സാധാരണക്കാര്‍ക്ക് ഇത്തരം സിനിമകളോട് മടിയുള്ളതായി തോന്നുന്നുണ്ട്.
മേക്കേഴ്സ് എന്ന നിലയിൽ നമ്മുടെ പ്രതീക്ഷകളും കൂടും. ഒരു വർഷം മുമ്പ് ‘പഠാൻ’ എന്ന സിനിമ ഞാൻ ചെയ്തതാണ്. എന്നിരുന്നാലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുക തന്നെ വേണം. അവധി ദിനങ്ങളിലല്ല ഫൈറ്റർ റിലീസിനെത്തിയത്. ഉദാഹരണത്തിന്, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ഞങ്ങൾ വ്യാഴാഴ്ച ഒരു പ്രത്യേക സ്ക്രീനിങ് നടത്താൻ തീരുമാനിച്ചു. അതിൽ 40 ശതമാനമെങ്കിലും ആളുകൾ 'ഷോ വൈകുന്നേരമാണോ' എന്ന് ചോദിച്ചു. അങ്ങനെയുള്ള ദിവസങ്ങളിൽ റിലീസ് ചെയ്യുമ്പോൾ ജോലിക്കാരെയും വിദ്യാർഥികളെയും കൂടി നോക്കണം.’’–സിദ്ധാർഥ് ആനന്ദ് പറയുന്നു.