‘ഭൂമിയിലെ ഏറ്റവും നീചന്’; പൊട്ടിത്തെറിച്ച് വിശാൽ; തൃഷയോടു മാപ്പുമായി രാജു
Mail This Article
നടി തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എഐഎഡിഎംകെ മുന്‍ നേതാവ് എ.വി. രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിശാല്‍. ഒരു സിനിമാതാരം എന്ന നിലയിലല്ല, മനുഷ്യനായാണ് താന്‍ പ്രതികരിക്കുന്നതെന്ന ആമുഖത്തോടെയാണ് വിശാലിന്റെ രൂക്ഷവിമര്‍ശനം. ഇത്തരം അശ്ലീല പരാമർശങ്ങൾക്കു മറുപടി നൽകേണ്ടത് സ്വന്തം വീട്ടിലുള്ള സ്ത്രീകളാണെന്നും എ.വി. രാജു ഭൂമിയിലെ ഏറ്റവും നീചനാണെന്നും വിശാല്‍ ആരോപിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു നടന്‍റെ പ്രതികരണം.
‘‘ഒരു രാഷ്ട്രീയ പാർട്ടിയിലെ ഒരു വിഢ്ഢി നമ്മുടെ സിനിമാ മേഖലയിൽ നിന്നുള്ള ഒരാളെക്കുറിച്ച് വളരെ മോശമായും അറപ്പോടെയും സംസാരിച്ചതായി ഞാൻ കേട്ടു. നിങ്ങളുടെ പേരോ നിങ്ങൾ ലക്ഷ്യം വച്ച വ്യക്തിയുടെ പേരോ ഞാൻ ഇവിടെ പരാമർശിക്കുന്നില്ല, കാരണം നിങ്ങൾ ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്ന് എനിക്കറിയാം. നിങ്ങള്‍ ഉന്നം വച്ച വ്യക്തി എന്‍റെ സുഹൃത്ത് മാത്രമല്ല, സിനിമാമേഖലയിലെ സഹപ്രവര്‍ത്തക കൂടിയാണ്. നിങ്ങളുടെ വീട്ടിലുളള സ്ത്രീകള്‍ക്ക് മനഃസാക്ഷിയുണ്ടങ്കില്‍ അവര്‍ നിങ്ങളുടെ പ്രവൃത്തിക്കുളള മറുപടി നല്‍കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതെ, ഭൂമിയിലെ ഏറ്റവും വലിയ നീചനോട് പ്രതികാരം ചെയ്യാൻ ഒരു ട്വീറ്റ് ഇടുന്നതിൽ എനിക്ക് അതിയായ വേദനയുണ്ട്.
നിങ്ങള്‍ ചെയ്തത് തീർത്തും വൃത്തികേടും പറയാൻ പാടില്ലാത്ത കാര്യവുമായിരുന്നു. പക്ഷേ ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമായും തൊഴില്‍പരമായും ഒരുപാട് ആളുകളെ ബാധിക്കുന്നു. നിങ്ങളെ കുറ്റക്കാരനാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് വളരെ ചെറുതായിപ്പോകും, നിങ്ങള്‍ നരകത്തില്‍ ചീഞ്ഞളിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി, കലാകാരന്മാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിലല്ല, ഒരു മനുഷ്യൻ എന്ന നിലയിലാണ് ഞാൻ ഈ പ്രസ്താവന നടത്താൻ ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും സെലിബ്രിറ്റികളെക്കുറിച്ചുള്ള നെഗറ്റീവ് പബ്ലിസിറ്റിയിൽനിന്ന് പണം സമ്പാദിക്കാനുള്ള ഒരു ട്രെൻഡ് ആയി ഇത്തരം ആരോപണങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. നിങ്ങളൊരു ജോലി നേടൂ. മികച്ച ഒരു ജോലി. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു യാചകനായെങ്കിലും തുടങ്ങാം, ചില അടിസ്ഥാന ശിക്ഷണങ്ങളെങ്കിലും പഠിക്കാൻ വേണ്ടി.’’–വിശാൽ കുറിച്ചു.
ഒരു വാര്‍ത്താ സമ്മേളനത്തില്‍ എ.വി. രാജു നടത്തിയ പരാമര്‍ശമാണ് വിവാദമായത്. എഐഎഡിഎംകെയുടെ എംഎല്‍എ മാരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃഷയുടെ പേര് വലിച്ചിഴച്ച് എ.വി. രാജു സംസാരിച്ചത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതികരണവുമായി നടി തൃഷ തന്നെ രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഏത് തലത്തിലേക്കും തരംതാഴുന്ന മനുഷ്യരെ കാണുമ്പോള്‍ അറപ്പുളവാകുന്നുവെന്നും എ.വി രാജുവിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു തൃഷയുടെ പ്രതികരണം. മൻസൂർ അലി ഖാൻ അടക്കമുളളവരും തൃഷയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി.
2017ൽ അണ്ണാഡിഎംകെയ്ക്കുള്ളിൽ നടന്ന ചേരിപ്പോരിനെ തുടർന്ന് കൂവത്തൂരിലെ റിസോർട്ടിലേക്കു മാറ്റിയ 100 എംഎൽഎമാരുടെ വിരുന്നിൽ ഒട്ടേറെ നടിമാരെ എത്തിച്ചെന്ന് ആരോപിച്ച രാജു, തൃഷയുടെ പേര് പറഞ്ഞ് ഇവർ 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്ന് ആരോപിച്ചിരുന്നു.
അതേസമയം തൃഷക്കെതിരായ പരാമര്‍ശത്തില്‍ രാജു ക്ഷമാപണവുമായി രംഗത്തെത്തി. തന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും താന്‍ മനഃപ്പൂർവം തൃഷയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രാജു പറഞ്ഞു.