ADVERTISEMENT

മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും അംഗീകാരവുമാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ ലഭിച്ചതെന്ന് വിജയ് മുത്തു പറഞ്ഞു. സിനി ഉലഗം എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കരഞ്ഞുകൊണ്ടാണ് ഇക്കാര്യം വിജയ് മുത്തു പങ്കുവച്ചത്. സിനിമയിലെ വേഷത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയപ്പോൾത്തന്നെ വികാരാധീനനായ വിജയ്‌യ്ക്ക്, പലപ്പോഴും വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. 

‘‘തമിഴിൽ ഞാൻ കാണാത്ത സംവിധായകരില്ല. ഒരുപാടു പേരുടെ സിനിമകളിൽ അഭിനയിച്ചു. അപ്പോഴൊക്കെ, നല്ലൊരു വേഷത്തിനായി പലരോടും കെഞ്ചി ചോദിച്ചിട്ടുണ്ട്. ആരും തന്നില്ല. ഇതിപ്പോൾ ഒരു മലയാളി സംവിധായകനാണ് എനിക്ക് നല്ലൊരു വേഷം തന്നത്. എന്നിലെ നടനെ അദ്ദേഹം വിശ്വസിച്ചു. പണമല്ല, ഒരു അഭിനേതാവ് എന്ന നിലയിൽ കിട്ടുന്ന അംഗീകാരമില്ലേ. ഈ സിനിമയിലൂടെ പ്രേക്ഷകർ എന്നെ നല്ല നടനെന്നു വിശേഷിപ്പിക്കുന്നു. 

Read more at:ഇതാണ് പെരുമ്പാവൂരിലെ ‘ഗുണാകേവ്സ്’; ‘മഞ്ഞുമ്മൽ’ ഷൂട്ട് ചെയ്തതിങ്ങനെ

12 ാം വയസ്സിൽ മനസ്സിൽ കയറിക്കൂടിയ സ്വപ്നമാണ് സിനിമ. എന്റെ കുടുംബത്തോട് എത്രമാത്രം സ്നേഹമുണ്ടോ അതുപോലെയാണ് എനിക്ക് സിനിമയും. ഈ സിനിമ തന്നെയാണ് എന്റെ മക്കൾക്ക് പഠിപ്പും ജീവിതവും നൽകിയത്. പക്ഷേ, സിനിമയിൽ നമുക്കൊരു സ്വപ്നമുണ്ടാകില്ലേ? അതു തേടിയാണല്ലോ സിനിമയിലേക്ക് വരുന്നത്.  32 വർഷമെടുത്തു ഇങ്ങനെയൊരു നിമിഷം സംഭവിക്കാൻ! അതിനായി, എത്രയോ കഷ്ടപ്പാടുകൾ, വേദനകൾ. പല സംവിധായകരും എന്നെ കളിയാക്കിയിട്ടുണ്ട്. അതൊന്നും പറയാൻ എനിക്കു വാക്കുകളില്ല. അതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ ഞാൻ ഇമോഷനൽ ആകും.’’–വിജയ് മുത്തുവിന്റെ വാക്കുകൾ.

മഞ്ഞുമ്മൽ ബോയ്സിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് മുത്തു എത്തുന്നത്. ഗുണ കേവ്സിൽ സുഹൃത്ത് വീണുവെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് പൊലീസ് സ്റ്റേഷനിലെത്തുന്ന സംഘത്തെ സംശയത്തോടെ നേരിടുന്ന ക്രൂരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം വിജയ് മുത്തു ഗംഭീരമാക്കി. സിനിമയിൽ മുഴുനീളവേഷമാണ് വിജയ് മുത്തുവിന്.

കാക്ക മുട്ടൈയിലൂടെയാണ് വിജയ് മുത്തു അഭിനയരംഗത്തെത്തുന്നത്. വിക്രം വേദയിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സിനിമകൾ ലഭിച്ചില്ല. പാ. രഞ്ജിത്തിന്റെ സർപ്പാട്ടൈ പരമ്പരൈ, നെൽസന്റെ ജയിലർ എന്നീ സിനിമകളിൽ മാത്രമാണ്അൽപമെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ പിന്നീട് അഭിനയിച്ചത്.

English Summary:

Manjummel Boys actor Vijay Muthu rues about not getting a good role in Tamil films, grateful to Chidambaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com