ADVERTISEMENT

ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ ചിത്രീകരണം ന്യൂയോർക്കിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ ജോയിൻ ചെയ്ത് ഇന്ദ്രജിത്തും. ‘‘ബ്രോ ബോണ്ടിങ് ഇൻ ന്യൂയോർക്ക്’’ എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത്, പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. എമ്പുരാൻ, എൽ2ഇ എന്നീ ഹാഷ്ടാഗുകളും ചേർത്തിട്ടുണ്ട്.

സിനിമയുടെ മൂന്നാം ഷെഡ്യൂൾ ആണ് അമേരിക്കയിൽ പുരോഗമിക്കുന്നത്. മോഹൻലാൽ ജനുവരി 28ന് ലൊക്കേഷനില്‍ ജോയിൻ ചെയ്തു. ടൊവിനോ തോമസും അമേരിക്കയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. മുരളി ഗോപിയാണ് തിരക്കഥ. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക.

സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ലഡാക്കിൽ പൂർത്തിയായിരുന്നു. മലയാളത്തിൽ നിന്നുള്ള യഥാർഥ പാൻ ഇന്ത്യൻ സിനിമയാകും എമ്പുരാൻ എന്ന് ആരാധകർ വിലയിരുത്തുന്നു. ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നതായാണ് റിപ്പോർട്ട്

ലൂസിഫറിന്റെ പ്രീക്വൽ ആണു ചിത്രം. സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്റാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്. ടൊവിനോ തോമസും ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ എത്തിയേക്കും. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എമ്പുരാനിലാകും പറഞ്ഞുപോകുന്നത്.

2018 സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനറായ മോഹൻദാസ് ആണ് എമ്പുരാന്റെ കലാ സംവിധാനം. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങിയത്.

മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

English Summary:

Indrajith Sukumaran joins the set of ‘L2: Empuraan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com