ADVERTISEMENT

ബോക്സ്ഓഫിസില്‍ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി ‘മഞ്ഞുമ്മൽ ബോയ്സ്’. ആഗോള തലത്തിൽ ചിത്രം 150 കോടി ക്ലബ്ബിലെത്തിയതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരിയ സിനിമകളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്  ‘മഞ്ഞുമ്മൽ ബോയ്സ്’. പുലിമുരുകന്റെ റെക്കോർഡ് ആണ് ചിത്രം പഴങ്കഥയാക്കിയത്. ആഗോള ബോക്സ്ഓഫിസില്‍ 175 കോടിയില്‍ അധികം നേടിയ ജൂഡ് ആന്തണി ചിത്രം ‘2018’ ആണ് ഇനി മഞ്ഞുമ്മലിന്റെ മുന്നിലുള്ളത്. ഈ കുതിപ്പ് തുടർന്നാൽ വൈകാതെ 2018ന്റെ കലക്‌ഷൻ റെക്കോര്‍ഡും മഞ്ഞുമ്മല്‍ ബോയ്‍സ് മറികടക്കും. 

മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പു കൂടി എത്തുന്നതോടെ കലക്‌ഷൻ മാറി മറിഞ്ഞേക്കാം. കേരളത്തിൽ നിന്നു മാത്രം 50 കോടി കലക്‌ഷൻ ചിത്രം നേടിയിരുന്നു. തമിഴ്നാട്ടിൽ നിന്നും 33 കോടിയാണ് സിനിമ വാരിയത്. തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായി വലിയ പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. കർണാടകയിൽ നിന്നും ചിത്രം എട്ട് കോടി കലക്‌ട് ചെയ്തു.

കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ (ഏകദേശം 8 കോടി രൂപ) സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിനാണ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്. ജൂഡ് ആന്തണി ചിത്രം 2018 ആണ് നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്. 

സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത ചിത്രമിന്ന് കൂടുതല്‍ തിയറ്ററുകളിലേക്ക് എത്തി കഴിഞ്ഞു. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി. ബുക്ക്‌മൈ ഷോയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. കമല്‍സാറിനുള്ള മലയാളത്തിന്റെ ആദരവെന്നും ഒരു മലയാള സിനിമയ്ക്ക് തമിഴ് സിനിമ കാരണമാകുന്നത് തമിഴ് സിനിമയ്ക്ക് തന്നെയുള്ള ആദരവാണെന്നും പലരും വിധി എഴുതി കഴിഞ്ഞു. എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങുന്നത്.

ഒപ്പം റിലീസ് ചെയ്ത തമിഴ്‌സിനിമകളെയും പിടിച്ചു കുലുക്കിയാണ് സിനിമയുടെ മുന്നേറ്റം. കേരളത്തില്‍ ഉയര്‍ന്നു വന്ന മികച്ച അഭിപ്രായം തമിഴ്‌നാട്ടില്‍ അതിവേഗത്തില്‍ തിയറ്ററുകളിലേക്ക് ആളുകളെ എത്തിച്ചു. മാർച്ച് ഒന്നിനു തമിഴിൽ റിലീസ് ചെയ്ത ഗൗതം മേനോൻ ചിത്രം ജോഷ്വ: ഇമൈ പോല്‍ കാക എന്ന സിനിമയ്ക്കും നിലം തൊടാനായിട്ടില്ല. ചിത്രത്തിന് ആദ്യ ദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നും വെറും 30 ലക്ഷം മാത്രമാണ് കലക്‌ഷൻ. രണ്ടാം ദിനത്തില്‍ ചിത്രത്തിന്‍റെ 60 ലക്ഷവും. 

വലിയ സൂപ്പര്‍ സ്റ്റാറുകളൊന്നും തന്നെയില്ലാതെ ഒരു മലയാള സിനിമ അദ്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സ് കാണാതിരിക്കരുതെന്ന് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍കൂടി കുറിച്ചതോടെ ജനം ഒഴുകിയെത്തി. പിന്നാലെ ചിത്രം ഇഷ്ടമായത് നേരിട്ടറിയിക്കാന്‍ സാക്ഷാല്‍ കമല്‍ഹാസന്‍ തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ വിളിച്ചത് വലിയ വാര്‍ത്തകളാണ് തമിഴ്‌നാട്ടില്‍ സൃഷ്ടിച്ചത്.

സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത ഹൈപ്പ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നതില്‍ യൂട്യൂബ് ചാനലുകള്‍ വഹിച്ച പങ്കും ചെറുതല്ല. റിവ്യു ചെയ്യുന്നവര്‍ എല്ലാവരും ചിത്രത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കി. തമിഴ്മക്കള്‍ തീര്‍ച്ചയായും ഈ സിനിമ കാണണമെന്ന വാചകം എല്ലാവരും ഒരേ ശബ്ദത്തില്‍ പറഞ്ഞു. പിന്നാലെ ഗുണ സിനിമയും പാട്ടുമൊക്കെ വീണ്ടും തമിഴ്‌നാട്ടില്‍ ചര്‍ച്ച ചെയ്യുന്നതിന് കാരണമായി. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറ പ്രവര്‍ത്തകരുടെ അഭിമുഖം മത്സരിച്ചാണ് ഓരോ ചാനലുകളും നിലവില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. ഗുണ സിനിമ വീണ്ടും ചര്‍ച്ച ആയതോടെ സംവിധായകന്‍ സന്താന ഭാരതിയും വാര്‍ത്തകളില്‍ ഇടം നേടി. മലയാള സിനിമ തനിക്ക് നല്‍കിയ ആദരവില്‍ നന്ദി പറയുകയാണ് അദ്ദേഹവും. അതോടെ ഗുണ ഫോര്‍ കെയില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവും ശക്തമായി. ചിലപ്പോഴത് സംഭവിച്ചേക്കാമെന്ന തരത്തില്‍ അദ്ദേഹവും പ്രതികരിച്ചിട്ടുണ്ട്.

English Summary:

Manjummel Boys crosses 150 crore in global boxoffice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com