ADVERTISEMENT

കിറുകൃത്യമായ കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെട്ട് സീൻ ഓർഡറാക്കിയ ‘വലതു വശത്തെ കള്ളൻ’ എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നവസിനിമാ കമ്പോളത്തിൽ വിലയുണ്ടാക്കില്ല എന്ന സ്വന്തം തീരുമാനത്തോടെ ജോൺ സർ എഴുതില്ലെന്ന് വ്യക്തമാക്കി. നിർമാതാവായ എന്നെ ‘സംരക്ഷിക്കാനായിരുന്നു’ അത്തരമൊരു തീരുമാനം എടുത്തത് എന്നദ്ദേഹം അടുത്ത ചെങ്ങായിയും ഞങ്ങളുടെ കൺട്രോളറും നിർമാതാവുമായ ബാബു ഷാഹിറിനോടും എന്നോടും പിന്നീട് പറഞ്ഞു. സങ്കടപ്പെട്ട എനിക്കു വേണ്ടി അദ്ദേഹമൊരു പോംവഴി കണ്ടത്തി, ജോൺ സാറിന്റെ ക്ഷണപ്രകാരം ഒരു അതികായൻ കൊച്ചിയിൽ പറന്നിറങ്ങി.

തമിഴ് സിനിമകളായ കസ്തൂരിമാൻ, നാൻ കടവുൾ, അങ്ങാടി തെരു, നീർപറവൈ, കടൽ, 6 മെഴുകുവാർത്തികൾ, കാവ്യ തലൈവൻ, പാപനാശം, യെമാലി, 2.0, സർക്കാർ, വെന്തു തുനിന്തതു കാട്, പൊന്നിയിൻ സെൽവൻ, വിടുതലൈ ഭാഗം 1, പൊന്നിയിൻ സെൽവൻ 2, ഇന്ത്യൻ 2, മലയാളം സിനിമകളായ ഒഴിമുറി, കാഞ്ചി, വൺ ബൈ ടു, നാകു പെൻഡ നാകു ടാക്ക, മോട്ടോർ സൈക്കിൾ ഡയറിക്കുറിപ്പുകൾ, കന്നഡ സിനിമയായ ധേഹി എന്നിങ്ങനെ തമിഴിലും മലയാളത്തിലും കന്നടയിലും വിഖ്യാതസിനിമകൾ എഴുതുന്ന, കഥകളും കവിതകളും ഉപന്യാസങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുള്ള ജയമോഹൻ സർ, മറൈൻ ഡ്രൈവിലുള്ള എന്റെ അപ്പാർട്മെന്റിൽ താമസിച്ച് തിരക്കഥയും സംഭാഷണവും എഴുതി. രണ്ട് കോപ്പികൾ ഏൽ‌പിച്ചിട്ട് കൃത്യമായ പ്രതിഫലം വാങ്ങി തിരികെ പോയി.

അദ്ഭുതത്തോടെ കാത്തിരുന്ന ഞാൻ വീട്ടിലിരുന്ന് ആവേശത്തോടെ തിരക്കഥ വായിച്ചപ്പോൾ എനിക്കുണ്ടായ സങ്കടം ചെറുതായിരുന്നില്ല . തിരക്കഥയുടെ ഫയലുമായി അതിരാവിലെ തന്നെ ജോൺ സാറിന്റെ വീട്ടിലെത്തിയ ഞാൻ ഒരക്ഷരം മിണ്ടാനാകാതെ അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് വിതുമ്പി. ജയമോഹൻ സർ എഴുതിയ തിരക്കഥയുടെ ഒരു കോപ്പി കയ്യിലുണ്ടായിരുന്ന സാറിന് കാര്യം കൃത്യമായി മനസ്സിലായി. നിഷ്കളങ്കരായ പള്ളീലച്ചനും കള്ളനും ഗ്രാമീണരും ഉണ്ടായിരുന്നിടത്ത്, അവരുടെ ഒട്ടുമിക്ക സംഭാഷണങ്ങൾ വരെ സ്വയമുണ്ടാക്കി മനഃപാഠമാക്കിയിരുന്ന ഞാൻ, ജയമോഹൻ സാറിന്റെ തിരക്കഥ വായിച്ചപ്പോൾ കഥാപാത്രങ്ങളെ വേറൊരു ഭൂമികയിലേക്ക്, പ്രതലത്തിലേക്ക് നിർബന്ധപൂർവം പറിച്ചു നട്ട് സാഹിത്യത്തിന്റെ, ആധ്യാത്മികതയുടെ, ബൗദ്ധികമായ പരിവേഷം നൽകുന്ന വേറൊരു തരത്തിലുള്ള കഥപറച്ചിലാണ് എന്നാണ് മനസ്സിലായത്. 

സാഹിത്യമറിയാത്ത, ജ്ഞാനമില്ലാത്ത, എഴുത്തിന്റെ വ്യാകരണം പോലുമറിയാത്ത, സാറിന്റെ വരികളെ തിരുത്താനോ അതിനെ കുറിച്ച് പറയാനോ പോലും അവകാശമോ അധികാരമോ ഇല്ലാത്ത എനിക്ക് ഒരു നിർമാതാവ് എന്നതിലപ്പുറം ഞാൻ പ്രണയിക്കുന്ന കഥാപാത്രങ്ങളുള്ള സിനിമയെ വേറൊരു രൂപത്തിൽ, അർഥത്തിൽ ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ജോൺ സാറിനോടും ജയമോഹൻ സാറിനോടുമുള്ള എല്ലാ ബഹുമാനത്തോടും ആദരവോടും സ്നേഹത്തോടും കൂടി പറയട്ടെ, എന്റെ സിനിമ ഇങ്ങനെയല്ല, എന്റെ മനസ്സിലെ സിനിമ ഇതല്ല എന്നും അനുസരിച്ചിട്ടുള്ള ജോൺ സാറിനോട് എങ്ങിനെയൊക്കെ പറഞ്ഞൊപ്പിച്ച് കലങ്ങിയ കണ്ണുകളോടെ വിങ്ങുന്ന നെഞ്ചോടെ തകർന്ന മനസ്സോടെ, ഒന്നും പറയാതെ എന്നെ മാത്രം നോക്കി നിന്ന സാറിന്റെ വീട്ടിൽ നിന്നിറങ്ങി കാറിൽ കയറിയപ്പോൾ എങ്ങോട്ട് പോകണമെന്നുപോലും ഞാൻ മറന്നിരുന്നു….! ഞാൻ ബാബുവിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം കട്ടക്ക് കൂടെ നിന്നു.

ഞാനും ബാബുവും പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ പോയ സിനിമയാണ് ‘വലതു വശത്തെ കള്ളൻ’. തെന്നിന്ത്യൻ സിനിമാലോകത്തിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള ബാബുവും മകൻ സൗബിനും ചേർന്ന് നിർമിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ ഇന്ന് മലയാളസിനിമയുടെ തന്നെ വേറൊരു നാഴികകല്ലായി മാറിയിരിക്കുകയാണ്. ബോക്സ്ഓഫിസിൽ ‘കിലുക്കം’ കൂട്ടാൻ വേണ്ടി ബാബുവും ജയമോഹൻ സാറും തമ്മിലുണ്ടാക്കിയ ‘ഉടമ്പടിയാണ്’ വിവാദം എന്നുള്ളത് വിവരദോഷികൾ വെറുതെ പറഞ്ഞു പരത്തുന്നതാണ്. ജയമോഹൻ സാറിന് നിർമാതാവായ ബാബുവിനോടും മകൻ സൗബിനോടുമുള്ള കടുത്ത അസൂയ മാത്രമാണ് അദ്ദേഹത്തിന്റെ ഈ വിവാദ പോസ്റ്റ് എന്നാണ് എനിക്ക് തോന്നുന്നത്.

English Summary:

Producer Joly Joseph's response on Jeyamohan controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com